മഞ്ജു വാര്യര്‍ കുഞ്ചാക്കോ ബോബനെ രക്ഷിക്കുമോ
കരിയറില്‍ മോശം സമയത്തിലൂടെ കടന്നുപോകുന്ന കുഞ്ചാക്കോ ബോബനെ സഹായിക്കാന്‍ മഞ്ജുവാര്യര്‍ക്കു സാധിക്കുമോ? മഞ്ജുവും ബോബനും നായികാ നായകന്‍മാരാകുന്ന ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രം മഞ്ജുവാര്യരുടെ അഭിനയ ജീവിതത്തിന്റെ തുടര്‍ച്ചയ്ക്ക് നിര്‍ണായകമാകുന്നതുപോലെ നായകനായ ബോബനും ചിത്രം നിര്‍ണായകമാകുകയാണ്. അടുത്തിടെ റിലീസ് ചെയ്ത എല്ലാ ചിത്രങ്ങളും പൊട്ടിപ്പൊളിഞ്ഞ ബോബനും ഈ ചിത്രത്തിലാണ് ഇനി പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്നത്.
കൊന്തയും പൂണൂലും, പോളി ടെക്‌നിക്, ലോ പോയിന്റ് എന്നീ ചിത്രങ്ങളാണ് ഒന്നിനു പിന്നാലെ ഒന്നായി ബോക്‌സ് ഓഫിസില്‍ തകര്‍ന്നത്. ഓര്‍ഡനറി എന്ന ചിത്രത്തിലൂടെ വന്‍ തിരിച്ചുവരവ് നടത്തിയ ബോബന് തൊട്ടുപിന്നാലെ അനവധി ഹിറ്റുകള്‍ ഉണ്ടായിരുന്നു. റോമന്‍സ് ആയിരുന്നു വന്‍ ഹിറ്റായ മറ്റൊരു ചിത്രം. എന്നാല്‍ സുഗീത് വീണ്ടും സംവിധാനം ചെയ്ത ത്രീ ഡോട്‌സ് പൊട്ടാന്‍ തുടങ്ങിയതോടെ കരിയറില്‍ സ്ഥായിയായ വിജയം നിലനിര്‍ത്താന്‍ സാധിച്ചില്ല.

അടുത്തിടെയാണ് ബോബന് വന്‍ തിരിച്ചടിയേല്‍ക്കേണ്ടി വന്നത്. കൊന്തയും പൂണൂലും ന്യൂജനറേഷന്‍ പരീക്ഷണ ചിത്രമായിരുന്നു. എന്നാല്‍ ആ പരീക്ഷണത്തിനു നിന്നുകൊടുക്കാന്‍ പ്രേക്ഷകര്‍ ത യാറായില്ല. അതേപോലെ പോളിടെക്‌നിക് എന്ന കോമഡി ചിത്രവും വന്‍ പരാജയമായിരുന്നു. ഓര്‍ഡിനറി എഴുതിയ നിഷാദ് കോയയായിരുന്നു ഇതിനും കഥ എഴുതിയത്. എന്നാല്‍ മിഥുനം, മീശമാധവന്‍ എന്നീ ചിത്രങ്ങളുടെ കോപ്പിയടിയാണെന്ന ആരോപണം വന്നതോടെ ചിത്രം പരാജയപ്പെട്ടു. തുടര്‍ന്നു റിലീസ് ചെയ്ത ലോ പോയിന്റും ശ്രദ്ധിക്കപ്പെടാതെ പോകുകയായിരുന്നു.
വെള്ളിയാഴ്ച റിലീസ് ചെയ്യുന്ന ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തില്‍ രാജീവ് എന്ന കഥാപാത്രത്തെയാണ് ബോബന്‍ അവതരിപ്പിക്കുന്നത്. ഭാര്യയുടെ മോഹങ്ങള്‍ക്കും സ്വപ്‌നങ്ങള്‍ക്കും വിലകല്‍പ്പിക്കാത്തൊരു ഭര്‍ത്താവ്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രം ഇതിനകം തന്നെ ശ്രദ്ധേയമായി കഴിഞ്ഞു. ചിത്രം വിജയിച്ചാല്‍ ബോബനും വന്‍ തിരിച്ചുവരവാകും.


Click it and Unblock the Notifications











