മമ്മൂട്ടിയ്ക്ക് മുന്നില്‍ കാരലിന്‍ ബക് ഫ്ളാറ്റായി!
മലയാളത്തിന്റെ സൂപ്പര്‍താരം മമ്മൂട്ടിയുടെ നായികമാരുടെ പട്ടികയിലെ ഏറ്റവും പുതിയ പേരാണ് നെതര്‍ലാന്‍ഡുകാരിയായ കാരലിന്‍ ബക്കിന്‍റേത്. സലാം ബാപ്പു ഒരുക്കുന്ന മംഗ്ലീഷ് എന്ന ചിത്രത്തിലാണ് കാരലിന്‍ മമ്മൂട്ടിയുടെ നായികയായി എത്തുന്നത്. കൊച്ചിയിലെത്തുന്ന വിനോദസഞ്ചാരിയുടെ വേഷത്തിലാണ് കാരലിന്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്.
നമുക്ക് കാരലിന്‍ പുതുമുഖമാണെങ്കിലും നെതര്‍ലാന്‍ഡില്‍ പലചിത്രങ്ങളിലും പരസ്യചിത്രങ്ങളിലെമെല്ലാം അഭിനയിച്ചിട്ടുള്ളയാളാണ് കാരലിന്‍, പോരാത്തതിന് നല്ല ഒന്നാംതരം തിയേറ്റര്‍ ആര്‍ടിസ്റ്റും. എന്തായാലും നെതര്‍ലാന്‍ഡില്‍ നിന്നും കേരളത്തിലെത്തിയ കാരലിന് തന്റെ ചിത്രത്തിലെ നായകനെ നന്നേ പിടിച്ചമട്ടാണ്.

മലയാളസിനിമയെക്കുറിച്ചൊന്നും കാര്യമായ അറിവില്ലെങ്കിലും മമ്മൂട്ടിയുടെ അഭിനയത്തിന് മുന്നില്‍ കാരലിന്‍ ഫഌറ്റായിരിക്കുകയാണ്. മമ്മൂട്ടിയെക്കുറിച്ച വായിച്ചറിഞ്ഞപ്പോള്‍ത്തന്നെ താന്‍ ആകെ അതിശയിച്ചുപോയെന്നാണ് കാരലിന്‍ പറയുന്നത്.
മംഗ്ലീഷിന് വേണ്ടി കരാറിലൊപ്പുവെയ്ക്കുന്നതിന് മുമ്പ് എനിയ്ക്ക് മലയാളസിനിമയെക്കുറിച്ച് ഒന്നുമറിയില്ലായിരുന്നു. സംവിധായകന്‍ സലാം ബാപ്പുവാണ് മമ്മൂട്ടിയെക്കുറിച്ചുള്ള ആര്‍ട്ടിക്കിളുകളുടെ ചില ലിങ്കുകള്‍ അയച്ചുതന്നത്. അവയെല്ലാം വായിച്ച് ഞാന്‍ അത്ഭുതപ്പെട്ടുപോയി. ഇത്രയും കഴിവുള്ള ഒരു നടനൊപ്പം അഭിനയിക്കാന്‍ പോകുന്നതില്‍ ഞാന്‍ ഏറെ സന്തോഷവതിയാണ്- കാരലിന്‍ പറയുന്നു.
ഒന്നില്‍ക്കൂടിതല്‍ തവണ അഭിനയത്തിന് ദേശീയ പുരസ്‌കാരം നേടിയ താരമാണ് അദ്ദേഹമെന്ന അറിവ് എനിയ്ക്ക് ശരിയ്ക്കും അതിശയമായിരുന്നു. അദ്ദേഹം അഭിനയിച്ച അംബേദ്കര്‍ എന്ന ചിത്രം കണ്ടതോടെ അദ്ദേഹത്തിനൊപ്പം എന്തായാലും ഒരു ചിത്രം ചെയ്യണമെന്ന് ഞാന്‍ ഉറപ്പിച്ചു- താരം പറയുന്നു.
മംഗ്ലീഷില്‍ ഒരു മീന്‍ മൊത്തക്കച്ചവടക്കാരന്റെ വേഷത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. ഇംഗ്ലീഷിനെപ്പേടിയ്ക്കുന്ന മമ്മൂട്ടിയുടെ കഥാപാത്രത്തിന് ഇംഗ്ലീഷ് മാത്രമറിയാവുന്ന നായികയുമായി അടുത്തിടപഴകേണ്ടിവരുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
ഇപ്പോള്‍ ഒരു മാസത്തോളമായി കാരലിന്‍ കൊച്ചിയിലുണ്ട്. മലയാളം ഭാഷയുടെയും ഫാനായി മാറിയിരിക്കുകയാണ് ഈ വിദേശതാരമിപ്പോള്‍.


Click it and Unblock the Notifications











