»   » സിനിമയില്‍ അഭിനയിക്കാനും കൈക്കൂലി !

സിനിമയില്‍ അഭിനയിക്കാനും കൈക്കൂലി !

Posted By:
Subscribe to Filmibeat Malayalam
MOney
ഭാഗ്യ, നിര്‍ഭാഗ്യങ്ങള്‍ നിര്‍ണായകമാകുന്നൊരു മേഖലയാണ് സിനിമ. ഏറെ കഴിവുണ്ടായിട്ടും ഈ രംഗത്ത് ശ്രദ്ധിക്കപ്പെടാതെ പോയവര്‍ അനവധിയാണ്. എന്നാല്‍ വലിയ പ്രതിഭകളൊന്നുമല്ലാതിരുന്നിട്ടും ഏറെക്കാലം സിനിമയുടെ ഭാഗമായി നില്‍ക്കാന്‍ കഴിയുന്നവരും ഏറെയുണ്ട്. ഒരു നായിക, അല്ലെങ്കില്‍ നായകന്‍ ആദ്യമായി അഭിനയിക്കുന്ന പടം ഹിറ്റാവുമ്പോള്‍ അവള്‍ക്ക് അല്ലെങ്കില്‍ അവന് രാശിയുണ്ട് എന്നൊരു പേര് ചലച്ചിത്രലോകത്ത് വന്നുകഴിയും. ഈ രാശി മാത്രം മതി പിന്നീട് കൈ നിറയെ പടവും പണവും കിട്ടാന്‍.

ഏറ്റവും എളുപ്പത്തില്‍ പണമുണ്ടാക്കാനായി പലരും തിരഞ്ഞെടുക്കുന്ന മേഖലയാണ് സിനിമ. മോഡലിങ്, ആങ്കറിങ്, അഭിനയം എന്നരീതിയിലാണ് സിനിമാലോകത്തേയ്ക്ക് ഇക്കാലത്ത് പുതുമുഖങ്ങള്‍ ചുവടുവെയ്ക്കുന്നത്. ഒരുകാലത്ത് ഓഡിഷനും, സ്‌ക്രീന്‍ ടെസ്റ്റുമെല്ലാം കഴിഞ്ഞായിരുന്നു പുതുമുഖങ്ങളെ സിനിമയിലേയ്ക്ക എടുക്കാറുണ്ടായിരുന്നത്. പലകടമ്പകള്‍ കടന്നുവേണമായിരുന്നു ഓരോ പുതുമുഖത്തിനും ക്യാമറയ്ക്ക് മുന്നിലെത്താന്‍.

എന്നാല്‍ ഈ രീതി മാറി ഇന്ന് പണം കൊടുത്ത് അവസരം വാങ്ങുന്നതില്‍ എത്തിനില്‍ക്കുകയാണ്. പണം നല്‍കി മറ്റ് പല ജോലികളും തരപ്പെടുത്തുന്നതുപോലെതന്നെ. നിര്‍മ്മാതാവിനെയും സംവിധായകനെയുമെല്ലാം 'വേണ്ട'രീതിയില്‍ കണ്ടാണത്രേ പലരും ഇന്ന് സിനിമകളില്‍ അവസരം നേടുന്നത്. പുതുമുഖങ്ങള്‍, മോഡലുകള്‍ തുടങ്ങിയവരാണത്രേ പൊതുവേ ഈ രീതിസ്വീകരിക്കുന്നത്.

ഇക്കാര്യത്തില്‍ മലയാളത്തില്‍ പല സംവിധായകര്‍ക്കും അനുഭവവുമുണ്ട്. സംവിധായകന്‍ രൂപേഷ് പീതാംബരന്‍ പറയുന്നത് ഇത്തരത്തില്‍ തന്നെക്കാണാനും ആളുകളെത്തിയിരുന്നുവെന്നാണ്. താരങ്ങളെയെല്ലാം തീരുമാനിച്ചുകഴിഞ്ഞ രൂപേഷിന്റെ ചിത്രത്തിലേയ്ക്ക് അവസരം ചോദിച്ച് പണം വാഗ്ദാനം ചെയ്തുകൊണ്ടാണത്രേ ആളുകളെത്തിയത്. ഇപ്പോള്‍ പണം നല്‍കിയ റോള്‍ നേടുകയെന്നത് സിനിമാ സംസ്‌കാരത്തിന്റെ ഭാഗമായിക്കഴിഞ്ഞുവെന്ന് താനപ്പോഴാണ് മനസിലാക്കിയതെന്നാണ് രൂപേഷ് പറയുന്നത്.

ന്യൂ ജനറേഷന്‍ ലേബലുകളെത്തുന്ന പല ചിത്രങ്ങള്‍ക്ക് പിന്നിലും ഈ രീതിയാണത്രേ അവലംബിയ്ക്കപ്പെടുന്നത്. അതുകൊണ്ട് മാത്രമാണ് ഇവയുടെ പൂജകളുള്‍പ്പെടെയുള്ള ചടങ്ങുമ്പോള്‍ മുന്തിയ ഹോട്ടലുകളില്‍ വച്ച് വമ്പന്‍മാരെ അണിനിരത്തി നടത്താന്‍ അണിയറക്കാര്‍ക്ക് കഴിയുന്നത്. പുതുമുഖങ്ങളെ വച്ച് ചിത്രമെടുത്ത ചില ന്യൂ ജനറേഷന്‍ സംവിധായകര്‍ ഇത്തരത്തില്‍ പണം കീശയിലാക്കിയാണ് താരങ്ങളെ കണ്ടെത്തിയതെന്നാണ് സിനിമാലോകത്ത് പറഞ്ഞുകേള്‍ക്കുന്നത്.

പുതുതലമുറയുടെ കയ്യില്‍ പൊടിയ്ക്കാന്‍ വേണ്ടുവോളം പണമുണ്ട്. കഴിവ് തീരെയില്ലെങ്കിലും പണത്തിന്റെ ബലത്തില്‍ രണ്ടോ മൂന്നോ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ ഇവര്‍ക്ക് കഴിയുന്നു. വലിയ താരങ്ങളായില്ലെങ്കിലും ഈ രണ്ടോ മൂന്നോ ചിത്രത്തിലൂടെ ലഭിയ്ക്കുന്ന പേരും പ്രശസ്തിയും ഇവര്‍ക്ക് ലഹരിയാണെന്ന് സിനിമയിലെ മുതിര്‍ന്നവര്‍ പറയുന്നു.

മോഡല്‍ മാനേജ്‌മെന്റ് സ്ഥാപനങ്ങളും മറ്റും ഇത്തരംകാര്യങ്ങള്‍ക്ക് ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നുമുണ്ട്. ചിത്രങ്ങളിലേയ്ക്ക് പുതിയ താരത്തെ കണ്ടെത്താന്‍ വമ്പന്‍ ഫീസ് വച്ച് ഓഡിഷന്‍ നടത്തുന്ന രീതിയും വ്യാപകമാവുകയാണ്. ഓഡിഷനില്‍ പങ്കെടുക്കാനായി ആളുകള്‍ നല്‍കുന്ന പണം സിനിമയിലേയ്ക്ക് നിക്ഷേപിയ്ക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ ഓഡിഷനുകള്‍ നടത്താന്‍ ഇവന്റ് മാനേജ്‌മെന്റ് കമ്പനികളെ ഏല്‍പ്പിക്കുന്ന പതിവും തുടങ്ങിയിട്ടുണ്ട്.

English summary
While it was the ‘casting couch’ syndrome that has being widely discussed, it is now the turn of the ‘casting cash’ syndrome.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam