സിസിഎല്‍ ക്രിക്കറ്റ് ജനുവരി 10ന് തുടങ്ങും
കൊച്ചി: ഐപിഎല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ മാതൃകയില്‍ 2011 തുടങ്ങിയ സിസിഎല്‍ ക്രിക്കറ്റിന്റെ 2015 സീസണിലെ ഉദ്ഘാടന മത്സരം ജനുവരി 10ന് നടക്കും. മുംബൈയില്‍ നടക്കുന്ന മത്സരത്തില്‍ മുംബൈ ഹീറോസും വീര്‍ മറാത്തിയും തമ്മിലുള്ള മത്സരത്തോടെ സീസണ് തുടക്കം കുറിക്കും. കേരളത്തിന്റെ ടീമായ അമ്മ കേരള സ്‌ട്രൈക്കേഴ്‌സിന്റെ ആദ്യകളി ജനുവരി 24നാണ്.
ആകെ എട്ടു ടീമുകളാണ് ടൂര്‍ണമെന്റില്‍ മത്സരിക്കുന്നത്. നാലു ടീമുകള്‍ വീതമുള്ള രണ്ടു ഗ്രൂപ്പുകളാക്കി നാലു വേദികളിലായാണ് മത്സരം നടക്കുക. കൊച്ചിയ്ക്ക് പുറമെ മൂംബൈ, ഡല്‍ഹി, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍.

മുംബൈ ഹീറോസ്, കര്‍ണാടക ബുള്‍ഡോസേഴ്‌സ്, അമ്മ കേരള സ്‌ട്രൈക്കേഴ്‌സ്, ചെന്നൈ റൈനോസ്, തെലുഗു വാരിയേഴ്‌സ്, ബംഗാള്‍ ടൈഗേഴ്‌സ്, ബോജ്പൂരി ദബാംഗ്‌സ്, വീര്‍ മറാത്തി എന്നിവയാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ടീമുകള്‍. സഹതാരമായെങ്കിലും സിനിമയില്‍ അഭിനയിച്ചവര്‍ക്കുമാത്രമേ ടൂര്‍ണമെന്റില്‍ കളിക്കാനാകൂ.
2011, 2012 വര്‍ഷങ്ങളില്‍ ചെന്നൈ റൈനോസ് ആണ് കിരീടം ഉയര്‍ത്തിയത്. 2013ലും 2014ലും കര്‍ണാടക ബുള്‍ഡോസറും ചാമ്പ്യന്മാരായി. ആദ്യ സീസണുകളില്‍ പിന്നോക്കംപോയ അമ്മ കേരള സ്‌ട്രൈക്കേഴ്‌സ് അവസാന രണ്ടു സീസണുകളിലും മികച്ച പോരാട്ടമാണ് കാഴ്ചവെച്ചത്. 2014ല്‍ ഫൈനലിലെത്തിയെങ്കിലും കര്‍ണാടകത്തിനോട് പരാജയപ്പെടുകയായിരുന്നു.


Click it and Unblock the Notifications











