»   » മേജര്‍ രവിയുടെ ക്ഷണം ചാക്കോച്ചന്‍ നിരസിച്ചു

മേജര്‍ രവിയുടെ ക്ഷണം ചാക്കോച്ചന്‍ നിരസിച്ചു

Posted By:
Subscribe to Filmibeat Malayalam

മോഹന്‍ലാലിനെ നായകനാക്കി സ്ഥിരമായി പടങ്ങള്‍ ചെയ്യുന്ന സംവിധായകനാണ് മേജര്‍ രവി. ഇന്ത്യന്‍ സൈനിക കഥകളാണ് രവിയുടെ ഇഷ്ട പ്രമേയം. ലാലിനെ നായകനാക്കി എടുത്ത ആദ്യ ചിത്രങ്ങള്‍ വിജയിച്ചെങ്കിലും പിന്നീട് വന്ന കാണ്ഡഹാര്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങളൊന്നും ശ്രദ്ധിക്കപ്പെട്ടില്ല. കാണ്ഡഹാറില്‍ ലാലിനൊപ്പം അമിതാഭ് ബച്ചന്‍ അഭിനയിച്ചുവെന്ന പ്രത്യേകതപോലും ആ ചിത്രത്തെ രക്ഷപ്പെടുത്തിയില്ല.

ഇപ്പോഴിതാ തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് പിന്നാലെ വിഷയത്തില്‍ മാറ്റം വരുത്തി രവി പുതിയ ചിത്രമെടുക്കാന്‍ പോവുകയാണ്. ഇത്തവണ നായകനിലും മാറ്റമുണ്ട്. പ്രണയകഥയാണ് രവി അടുത്തതായി പറയാന്‍ പോകുന്നത്, ചിത്രത്തില്‍ മോഹന്‍ലാല്‍ അല്ല നായകന്‍. യുവനടന്മാരിലെ ശ്രദ്ധേയനായ കുഞ്ചാക്കോ ബോബനെയാണ് രവി തിരക്കഥയുമായി ആദ്യം സമീപിച്ചത്. എന്നാല്‍ തിരക്കഥയുടെ വണ്‍ ലൈന്‍ വായിച്ച ബോബന്‍ ക്ഷണം നിരസിച്ചുവെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്.

Kunchacko Boban

തിരക്കഥ വായിച്ചപ്പോള്‍ത്തന്നെ ചിത്രം വിജയിക്കാന്‍ സാധ്യതയില്ലെന്ന് തോന്നിയാണത്രേ ചാക്കോച്ചന്‍ മേജര്‍ ചിത്രം വേണ്ടെന്നുവച്ചത്. കുറച്ചുകാലമായി റോളുകള്‍ തിരഞ്ഞെടുക്കുന്നതില്‍ ചാക്കോച്ചന്‍ വല്ലാതെ ശ്രദ്ധിക്കുന്നുണ്ട്. സംവിധായകന്‍ സുഗീതിന്റെ ത്രി ഡോട്‌സ് എന്ന ചിത്രം പരാജയപ്പെട്ടതാണ് ചാക്കോച്ചന്‍ മാറ്റത്തിന് കാരണം. ഇനിയങ്ങോട്ട് വിജയസാധ്യതയുള്ള പടങ്ങള്‍ മാത്രം ചെയ്താല്‍ മതിയെന്നാണത്രേ താരത്തിന്റെ തീരുമാനം. ഇപ്പോള്‍ ലാല്‍ ജോസിന്റെ പുള്ളിപ്പുലിയും ആട്ടിന്‍കുട്ടിയും എന്ന ചിത്രത്തിന്റെ ജോലികളിലാണ് കുഞ്ചാക്കോ ബോബന്‍.

സൈനിക ചിത്രങ്ങള്‍ മാത്രമെടുക്കുന്ന സംവിധായകന്‍ എന്ന ഇമേജ് മാറ്റാനാണ് മേജര്‍ രവി റൊമാന്റിക് കോമഡിയുമായി എത്തുന്നത്. ഇപ്പോള്‍ മലയാളത്തില്‍ വിജയം നേടുന്ന ചിത്രങ്ങളെല്ലാം ഈ വിഭാഗത്തിലുള്ളതാണ്. അതുതന്നെയാണ് രവിയെയും ഇത്തരമൊരു ലൈനിലേയ്ക്ക് തിരിയാന്‍ പ്രേരിപ്പിച്ചിരിക്കുന്നതെന്നത് ഉറപ്പാണ്. ചാക്കോച്ചന്‍ നിരസിച്ചെങ്കിലും ലാലിനെയും ബച്ചനെയുമെല്ലാം സംവിധാനം ചെയ്തിട്ടുള്ള രവി വച്ചുനീട്ടുന്ന കഥാപാത്രത്തെ മലയാളത്തിലെ ഏതെങ്കിലും പ്രമുഖ യുവതാരം സ്വീകരിക്കുമെന്ന് പ്രതീക്ഷിയ്ക്കാം.

English summary
Actor Kunchacko Boban has opted out of Major Ravi's proposed love story . After reading Ravi's one liner Chackochan did not want to do the film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam