എല്ലാ കണക്കുകളും തെറ്റിക്കുന്ന നിവിന്‍ പോളി
തിയറ്ററില്‍ തകര്‍ത്തോടുന്ന പ്രേമത്തിന് ഒരു ചാനല്‍ പറഞ്ഞ വിലയെത്രയാണെന്നോ അഞ്ചുകോടി രൂപ. എന്നിട്ടും നിര്‍മാതാവായ അന്‍വര്‍ റഷീദ് കച്ചവടം ഉറപ്പിച്ചില്ല. പ്രേമത്തിന്റെ ചാനല്‍ റേറ്റ് വാങ്ങാന്‍ മലയാളത്തിലെ പ്രമുഖ ചാനലുകള്‍ തമ്മില്‍ ലേലം വിളി നടത്തി അഞ്ചുകോടി രൂപയില്‍ വരെയെത്തി.മലയാളത്തിലെ ഒരു യുവ നടന്റെ ചിത്രം അഞ്ചുകോടി വരെ എത്തിയത് ആദ്യമായാണ്. ഇതിനു മുന്‍പ് മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ് എന്നിവരുടെ ചിത്രങ്ങള്‍ മാത്രമേ അഞ്ചുകോടി രൂപയില്‍ വരെ എത്തിയിരുന്നുള്ളൂ. അവര്‍ക്കുപോലും ഇപ്പോള്‍ അഞ്ചുകോടി ചാനല്‍ റേറ്റില്ല. അപ്പോഴാണു നിവിന്‍ പോളി അഞ്ചും കടക്കാന്‍ പോകുന്നത്.
മലയാള സിനിമയുടെ സാമ്പത്തിക വശം മാറിമറിയുകയാണ്. നിവിന്‍ പോളിയുടെ ചിത്രത്തിന് രണ്ടര കോടി രൂപ വരെ മുടക്കാന്‍ വിതരണക്കാര്‍ തയാറാണ്. സൂപ്പര്‍സ്റ്റാറുകളുടെയും തമിഴ്-ഹിന്ദി താരങ്ങളുടെയും സിനിമകള്‍ക്കു മാത്രമേ വിതരണക്കാര്‍ ഇത്രയും കോടി ചെലവിടാന്‍ ധൈര്യം കാണിക്കാറുള്ളൂ. പൃഥ്വിരാജ്, ജയസൂര്യ, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ എന്നിവരുടെ ചിത്രങ്ങള്‍ക്കൊന്നും മുന്‍കൂട്ടി ഇത്രയും പണം ഒരു വിതരണക്കാരനും മുടക്കാറില്ല.

അതേസമയം നിവിന്‍പോളിക്ക് പ്രതിഫലം എത്ര വേണമെങ്കിലും നല്‍കാമെന്നു പറഞ്ഞാണു നിര്‍മാതാക്കള്‍ നടക്കുന്നത്. വടക്കന്‍ സെല്‍ഫിയ്ക്കും പ്രേമത്തിനും 75 ലക്ഷമായിരുന്നു നിവിന്‍ വാങ്ങിയിരുന്നത്. ഇപ്പോള്‍ ഒന്നിനു പുറത്തു കൊടുക്കാന്‍ വരെ അവര്‍ തയാറാണ്. മലയാളത്തിലെ യുവനടന്‍ വാങ്ങുന്ന ഏറ്റവും വലിയ പ്രതിഫലമാണിത്. നിവിന്‍പോളിയുടെ സിനിമകളുടെ ഓവര്‍സീസ് റേറ്റും കുതിച്ചുയരുകയാണ്. അമേരിക്ക, യൂറോപ്, മലേഷ്യ, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ 50 ലക്ഷം രൂപ വരെ ഓവര്‍സീസ് റേറ്റിനു വിതരണക്കാര്‍ തയാറായിട്ടുണ്ട്.
ഇതിന്റെയെല്ലാം ഗുണം കിട്ടാന്‍ പോകുന്നത് നിവിന്‍ പോളിക്കു തന്നെയാണ്. അടുത്തചിത്രമായ ആക്ഷന്‍ ഹീറോ ബിജു നിര്‍മിക്കുന്നത് നിവിന്‍ പോളിയും സംവിധായകനായ എബ്രിഡ് ഷൈനും ചേര്‍ന്നാണ്. വിതരണക്കാരുടെ പണം കൊണ്ടുമാത്രം സിനിമ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന അവസ്ഥയിലാണ് നിര്‍മാതാക്കള്‍. ഓവര്‍സീസ് റേറ്റും ചാനല്‍ റേറ്റും ഒക്കെയാകുമ്പോള്‍ ചിത്രം തിയറ്ററിലെത്തും മുന്‍പു തന്നെ ലാഭമാകുന്ന അവസ്ഥ. അടുത്തകാലത്തൊന്നും ഇങ്ങനെയൊരു ലാഭം ലഭിക്കുന്ന അവസ്ഥയുണ്ടായിട്ടില്ല.


Click it and Unblock the Notifications