ഫഹദിന്റെ പ്രണയം പറയാന്‍ ട്രെയ്‌ലറെത്തി
കേരളത്തിലെ യുവാക്കളുടെ പുതിയ പ്രതിനിധിയായ ഫഹദ് ഫാസില്‍ മറ്റൊരു പ്രണയകഥയുമായി ആരാധകര്‍ക്ക് മുന്നിലെത്തുകയാണ് ഒരു ഇന്ത്യന്‍ പ്രണയ കഥ എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിലൂടെ. കലാത്തിനൊപ്പം മാറിയ സത്യന്റെ ആദ്യ ചിത്രമെന്ന് വിശേഷിപ്പിക്കാവുന്ന ഒരു ഇന്ത്യന്‍ പ്രണയകഥയുടെ ട്രെയ്‌ലര്‍ പുറത്തിറക്കി.
അന്നയും റസൂലും, ആമേന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെയെല്ലാം മികച്ച ഒരു കാമുകനായി ആരാധകര്‍ക്ക് മുന്നിലെത്തിയ ഫഹദിന്റെ മറ്റൊരു മുഖമാണ് ഒരു ഇന്ത്യന്‍ പ്രണയകഥയില്‍ തുറന്നു കാണിക്കുന്നത്. അമല പോളാണ് നായിക. ഒരു യുവ രാഷ്ട്രീയ നേതാവിന്റെ വേഷത്തില്‍ ഫഹദ് എത്തുമ്പോള്‍ ആസ്‌ട്രേലിയില്‍ നിന്ന് റിസേര്‍ച്ച് നടത്താനെത്തുന്ന പെണ്‍കുട്ടിയായി അമലയും അവതരിക്കുന്നു.

പതിവ് രീതികളിലെല്ലാം മാറ്റം വരുത്തി സത്യന്‍ അന്ത്യക്കാട് എല്ലാം കൊണ്ടും പരീക്ഷണം നടത്തുകയാണ് ഈ ചിത്രത്തില്‍. പൊതുവേ സ്വന്തം തിരക്കഥ സംവിധാനം ചെയ്യുന്നയാളാണ് സത്യന്‍. എന്നാല്‍ ഇപ്പോള്‍ ഈ രീതി മാറ്റി, പുതിയ ചിത്രത്തില്‍ ഇഖ്ബാല്‍ കുറ്റിപ്പുറമാണ് തിരക്കഥ രചിച്ചിരിക്കുന്നത്. അതുപോലെ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും ഇളയരാജയുമാണ് സത്യന്റെ ചിത്രത്തില്‍ ഗാനമൊരുക്കാറുള്ളത്. ഇക്കുറി അവരെ മാറ്റി റഫീക്ക് അഹമ്മദിനെയും വിദ്യാസാഗറിനെയും ആക്കി.
എന്തിനധികം പറയുന്നു, അഭിനേതാക്കളെ വരെ സത്യന്‍ മാറ്റി പരീക്ഷിക്കുകയാണ്. സത്യന്‍ ചിത്രങ്ങളിലെ സജീവസാന്നിധ്യമായ മാമുക്കോയ, കെപിഎസി ലളിത എന്നിവരൊന്നുമില്ലാത്ത ചിത്രം കൂടിയാണിത്. ആകെയുള്ളത് ഇന്നസെന്റ് മാത്രം. മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം തുടങ്ങിയവരെ വച്ച് മാത്രം കുടുംബകഥയൊരുക്കുന്ന സത്യന്‍ ഇത്തവണ ന്യൂജനറേഷന്‍ താരങ്ങളെ മാത്രം അണിനിരത്തുന്നു എന്നതും പ്രത്യേകത തന്നെ.


Click it and Unblock the Notifications











