വീട്ടുതടങ്കലിലായിരുന്നുവെന്ന് ചിരഞ്‌ജീവിയുടെ മകള്‍
ദില്ലി: സിനിമാ സ്‌റ്റൈലിലുള്ള ഒളിച്ചോട്ടത്തിനും വിവാഹത്തിനും ശേഷം വീട്ടുകാരില്‍ നിന്നും പിതാവിന്റെ ആരാധകരില്‍ നിന്നും സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് പൊലീസ് സംരക്ഷണവും നേടിയ ചിരഞ്‌ജീവിയുടെ മകള്‍ ശ്രീജ വിവാഹവുമായി ബന്ധപ്പെട്ട രഹസ്യങ്ങള്‍ പുറത്തുവിട്ടു.
ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താനെന്തിനാണ് ഇങ്ങനെ വിവാഹം ചെയ്‌തതെന്ന് ശ്രീജ വിശദീകരിച്ചത്. ഒരു വര്‍ഷമായി ശ്രീജയെ വീട്ടുകാര്‍ തടങ്കലില്‍ വെച്ചിരിക്കുകയായിരുന്നുവത്രേ.
രണ്ടുവര്‍ഷം മുമ്പ് കണ്ടുമുട്ടുമ്പോള്‍ ഞങ്ങള്‍ ഇങ്ങനെയൊന്നും ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നില്ല. എന്നാല്‍ പിന്നീട് ഇത്തരത്തില്‍ തീരുമാനമെടുക്കേണ്ടിവന്നു. എങ്ങെയെങ്കിലും അത് നടപ്പിലാക്കാനുള്ള ശ്രമങ്ങളായിരുന്നു പിന്നീട്. എന്നെ വീട്ടുതടങ്കലിലാക്കുകയും മറ്റു വിവാഹാലോചനകള്‍ വരുകയും ചെയ്‌തതുകൊണ്ടാണ് കാര്യങ്ങള്‍ ഇങ്ങനെയൊക്കെ സംഭവിച്ചത്- ശ്രീജ വിശദീകരിയ്‌ക്കുന്നു.
ഞാന്‍ അച്ഛനോട് നിരവധി തവണ ഇക്കാര്യം പറഞ്ഞിരുന്നു. എന്നാല്‍ ഓരോ തവണയും ഓരോ കാര്യങ്ങള്‍ പറഞ്ഞ് തടസ്സപ്പെടുത്തുകയായിരുന്നു. അദ്ദേഹത്തിന് ഈ ബന്ധം ഇഷ്ടമായിരുന്നില്ല- ശ്രീജ പറഞ്ഞു.
പൊലീസ് സംരക്ഷണമുണ്ടെങ്കില്‍ ആന്ധ്രയിലേയ്‌ക്ക് തന്നെ തിരിച്ചുപോകാന്‍ തങ്ങള്‍ തയ്യാറാണെന്നും അച്ഛനെ അറിയിച്ചിട്ടുണ്ട്. ഈ ബന്ധത്തില്‍ ഞാന്‍ വളരെ സന്തോഷവതിയാണ് വീട്ടുകാര്‍ ഞങ്ങളെ അനുഗ്രഹിയ്‌ക്കുകയും സ്വീകരിയ്‌ക്കുകയും ചെയ്യുമെന്നുതന്നെയാണ് എന്റെ വിശ്വാസം- ശ്രീജ പറഞ്ഞു.
ഒക്ടോബര്‍ 17നാണ് വീട്ടില്‍ നിന്നും ഒളിച്ചോടിയ ശ്രീജ കാമുകനായ സിരീഷ് ഭരദ്വാജിനെ വിവാഹം ചെയ്‌തത്. തുടര്‍ന്ന് ആത്മരക്ഷാര്‍ത്ഥം ദില്ലിയിലെത്തുകയും പൊലീസ് സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിയ്‌ക്കുകയുമായിരുന്നു.


Click it and Unblock the Notifications