പരിശോധന നടത്തി അവ നീക്കം ചെയ്തു; കാൻസറായി മാറിയേനെ; ആരോഗ്യസ്ഥിതിയെക്കുറിച്ച് ചിരഞ്ജീവി
തെലുങ്ക് സിനിമയിലെ സൂപ്പർ സ്റ്റാറാണ് ചിരഞ്ജീവി. 67 കാരനായ ചിരഞ്ജീവിയുടെ താരത്തിളക്കത്തിന് ഇന്നും കുറവൊന്നുമില്ല. ഒടുവിൽ പുറത്തിറങ്ങിയ വാൾട്ടയാർ വീരയ്യ എന്ന സിനിമ സാമ്പത്തിക വിജയമായി. അതിന് മുമ്പിറങ്ങിയ ഗോഡ്ഫാദറും ശ്രദ്ധിക്കപ്പെട്ടു. തെലുങ്ക് സിനിമാ രംഗത്തെ പ്രമുഖരിൽ ചിലർ ചിരഞ്ജീവിയുടെ ബന്ധുക്കളാണ്. നടന്റെ അനിയനാണ് നാഗേന്ദ്ര ബാബു. നടനും നിർമാതാവുമാണ് ഇദ്ദേഹം.
ചിരഞ്ജീവിയുടെ ഏറ്റവും ഇളയ അനുജനാണ് സൂപ്പർതാരവും രാഷ്ട്രീയ നേതാവുമായ പവൻ കല്യാൺ. ചിരഞ്ജീവിയുടെ സഹോദരീ പുത്രനാണ് അല്ലു അർജുൻ. ചിരഞ്ജീവിയുടെ മകൻ രാം ചരണും ഇന്ന് സൂപ്പർസ്റ്റാറാണ്. കുടുംബ വാഴ്ച നടമാടുന്ന തെലുങ്ക് സിനിമാ മേഖലയിലെ പ്രബലരാണ് ചിരഞ്ജീവിയും ബന്ധുക്കളും.

സൂപ്പർ സ്റ്റാറിന്റേതായ ചട്ടക്കൂടുകളിലായിരുന്നു എന്നും ചിരഞ്ജീവിയുടെ കരിയർ. ഈ പ്രായത്തിലും ഡാൻസിലും ആക്ഷനിലും ചിരഞ്ജീവി തന്റെ മികവ് കാണിക്കുന്നു. മാസ് മസാല സിനിമകളാണ് എന്നും നടനെ തേടി വന്നിട്ടുള്ളത്. കരിയറിനൊപ്പം വ്യക്തി ജീവിതത്തിലും ചിരഞ്ജീവിക്കിത് സന്തോഷങ്ങളുടെ നാളുകളാണ്.
വീണ്ടും മുത്തച്ഛനാവാൻ പോവുന്നതിന്റെ സന്തോഷത്തിലാണ് ചിരഞ്ജീവി. മകൻ രാം ചരണിന്റെ ഭാര്യ ഉപാസന ഗർഭിണിയാണ്. വിവാഹ കഴിഞ്ഞ് പത്ത് വർഷത്തിന് ശേഷമാണ് രാം ചരണിനും ഉപാസനയ്ക്കും കുഞ്ഞ് പിറക്കുന്നത്. കുടുംബത്തിലേക്ക് പുതിയൊരു അതിഥി കൂടിയെത്തുന്ന വാർത്ത ചിരഞ്ജീവിയാണ് ആദ്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.
കഴിഞ്ഞ ദിവസമാണ് ചിരഞ്ജീവിയെക്കുറിച്ച് ഒരു വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. നടന് കാൻസർ ബാധിച്ചെന്നായിരുന്നു വാർത്തകൾ. എന്നാൽ യഥാർത്ഥത്തിൽ നടൻ നടത്തിയ പരാമർശം മാധ്യമങ്ങൾ തെറ്റായി റിപ്പോർട്ട് ചെയ്യുകയായിരുന്നു. സംഭവത്തിൽ ചിരഞ്ജീവി തന്നെ വ്യക്തത വരുത്തിയിരിക്കുകയാണിപ്പോൾ. കാൻസർ സെന്റർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത ചിരഞ്ജീവി കാൻസർ രോഗ നിർണയത്തിന്റെ പ്രാധാന്യത്തെ പറ്റി സംസാരിച്ചിരുന്നു. ഈ പരിപാടിയിൽ പറഞ്ഞ വാക്കുകളാണ് തെറ്റായി തെലുങ്ക് മാധ്യമങ്ങളിൽ വന്നത്.

'സ്ഥിരമായി പരിശോധന നടത്തിയാൽ കാൻസർ തുടക്കത്തിൽ തന്നെ കണ്ടുപിടിക്കാനും പ്രതിരോധിക്കാനും പറ്റുമെന്നാണ് ഞാൻ പറഞ്ഞത്. ഇക്കാര്യത്തിൽ ശ്രദ്ധ പുലർത്തുന്ന ഞാൻ കോളൺ സ്കോപ് ടെസ്റ്റ് നടത്തി. ശരീരത്തിൽ നോൺ കാൻസറായ പോളിപ്സുകൾ കണ്ടെത്തുകയും ഇവ നീക്കം ചെയ്യുകയും ചെയ്തു. ഞാൻ പരിശോധന നടത്തിയില്ലായിരുന്നെങ്കിൽ ഒരുപക്ഷെ അത് കാൻസറായി മാറിയേനെ. അതിനാലാണ് എല്ലാവരും മുൻകരുതൽ എടുക്കണമെന്നും പരിശോധനകൾ നടത്തണമെന്നും പറഞ്ഞത്'
'ഇത് മനസിലാക്കാതെ ചില മാധ്യമങ്ങൾ എനിക്ക് കാൻസർ പിടിപെട്ടെന്നും ചികിത്സിച്ച് ഭേദമായെന്നും എഴുതി. ഇത് അനാവശ്യമായ ആശയക്കുഴപ്പം ഉണ്ടാക്കി. എന്നെ ഇഷ്ടപ്പെടുന്ന പലരും മെസേജ് അയക്കുന്നു' അവരെല്ലാവർക്കും വേണ്ടിയാണ് ഈ വിശദീകരണമെന്നും ചിരഞ്ജീവി തന്റെ പ്രസ്താവനയിൽ വ്യക്തമാക്കി. വിഷയം മനസ്സിലാക്കാതെ ഇത്തരം കാര്യങ്ങൾ എഴുതരുത്. ഇത് കാരണം നിരവധി പേർ വിഷമിക്കുകയും വേദനിക്കുകയും ചെയ്തെന്നും ചിരഞ്ജീവി മാധ്യമങ്ങളോടായി പറഞ്ഞു.
ചിരഞ്ജീവി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പ്രസ്താവനയ്ക്ക് താഴെ നിരവധി പേർ പിന്തുണയുമായെത്തി. ഗോഡ്ഫാദർ എന്ന സിനിമയുടെ വിജയത്തോടെ കരിയറിൽ വീണ്ടും ശക്തമായ തിരിച്ചു വരവാണ് ചിരഞ്ജീവിക്ക് സാധ്യമായത്. അതിന് മുമ്പ്‍ വൻ പ്രതീക്ഷകളുമായി പുറത്തിറങ്ങിയ ആചാര്യ എന്ന സിനിമ വൻ പരാജയമായിരുന്നു. നടന്റെ മകൻ രാം ചരണും ഈ സിനിമയിൽ അഭിനയിച്ചിരുന്നു. സിനിമയുടെ പരാജയം ചിരഞ്ജീവിയെ ബാധിച്ചു. ഇതേക്കുറിച്ച് നടൻ അടുത്തിടെ തുറന്ന് പറഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications