പറയുന്നത് വിജയത്തിന്റെ കഥ
കഴിഞ്ഞ വര്‍ഷത്തെ ക്രിസ്മസ് ചിത്രങ്ങളില്‍ മുന്നിലെത്തിയത് മോഹന്‍ലാലിന്റെ ബാബാ കല്യാണിയായിരുന്നു. മമ്മൂട്ടി ചിത്രമായ പളുങ്കിന് ബോക്സോഫീസില്‍ തിളങ്ങുന്ന പ്രകടനം കാഴ്ച വയ്ക്കാനായില്ല. ദിലീപിന് കഴിഞ്ഞ തവണ ക്രിസ്മസിന് ചിത്രമുണ്ടായിരുന്നില്ല.
ഇത്തവണ ക്രിസ്മസിന് മമ്മൂട്ടിക്കും മോഹന്‍ലാലിനും പുറമെ ദിലീപിനും പൃഥ്വിരാജിനും ചിത്രങ്ങളുണ്ട്. ദിലീപിന്റെ റോമിയോ ക്രിസ്മസിന് ഒരാഴ്ച മുമ്പേയെത്തിയപ്പോള്‍ മമ്മൂട്ടിയുടെ കഥ പറയുമ്പോള്‍, മോഹന്‍ലാലിന്റെ ഫ്ലാഷ്, പൃഥ്വിരാജിന്റെ കങ്കാരു എന്നീ ചിത്രങ്ങള്‍ ക്രിസ്മസിന് അടുത്ത ദിനങ്ങളിലാണ് റിലീസ് ചെയ്തത്. ഈ ചിത്രങ്ങളില്‍ ഏതായിരിക്കും ക്രിസ്മസ് കൊയ്ത്തില്‍ മുന്നിലെത്തുക?
സൂചനകള്‍ വ്യക്തമാണ്. റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോള്‍ ശ്രീനിവാസന്റെ തിരക്കഥയില്‍ എം.മോഹനന്‍ സംവിധാനം ചെയ്ത കഥ പറയുമ്പോള്‍ എന്ന ചിത്രമാണ് മികച്ച പ്രേക്ഷകാഭിപ്രായം നേടിയെടുത്തിരിക്കുന്നത്. ബോക്സോഫീസ് പ്രകടനത്തിലും ഈ ചിത്രം തന്നെ മുന്നില്‍.
നല്ലൊരു സിനിമ എന്ന പേരെടുക്കാന്‍ കഥ പറയുമ്പോഴിന് ഇതിനകം കഴിഞ്ഞിട്ടുണ്ട്. ശ്രീനിവാസന്റെ തിരക്കഥയാണ് ചിത്രത്തിന്റെ കരുത്ത്. ശ്രീനിവാസന്റെ മികച്ച തിരക്കഥകളിലൊരുക്കിയ ചിത്രങ്ങളെല്ലാം വന്‍വിജയങ്ങളായിട്ടുണ്ട്. ക്രിസ്മസ് ചിത്രങ്ങളില്‍ മുന്നിലെത്തുക കഥ പറയുമ്പോള് തന്നെയാകുമെന്ന് പ്രേക്ഷകരുടെ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നു.
കഥ പറയുമ്പോള്‍ പോലെ മികച്ച നിലവാരമുള്ള ചിത്രമെന്ന പ്രേക്ഷക സര്‍ട്ടിഫിക്കറ്റ് നേടിയെടുക്കാന്‍ മറ്റൊരു ചിത്രത്തിനുമായിട്ടില്ല. ഏറെ പ്രതീക്ഷകളോടെയെത്തിയ ഫ്ലാഷ് പ്രേക്ഷകരെ തീര്‍ത്തും നിരാശപ്പെടുത്തിയെന്നതാണ് ഇത്തവണത്തെ പ്രധാന ക്രിസ്മസ് സിനിമാ വിശേഷം. ദിവസങ്ങള്‍ പിന്നിടുന്നതോടെ ഫ്ലാഷ് പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളിലെ പ്രേക്ഷകസാന്നിധ്യം ദരിദ്രമാവുകയാണ്.
ദിലീപിന്റെ റോമിയോ ശരാശരി ചിത്രമാണ്. ഫ്ലാഷ് പ്രതീക്ഷകള്‍ക്കു വിരുദ്ധമായി ബോക്സോഫീസില്‍ മുങ്ങാന്‍ തുടങ്ങിയത് ദിലീപ് ചിത്രത്തിന് ഗുണം ചെയ്തേക്കും. പൃഥ്വിരാജിന്റെ കങ്കാരുവും ശരാശരി ചിത്രമാണ്.


Click it and Unblock the Notifications