സൂപ്പര്‍സ്റ്റാറിന്റെ കഥ പറയുമ്പോള്‍
മമ്മൂട്ടി നായകനായ കഥ പറയുമ്പോളിന് തിരക്കഥ രചിച്ചിരിക്കുന്നത് ശ്രീനിവാസനാണ്. മഴയെത്തും മുമ്പേ, അഴകിയ രാവണന്‍ എന്നീ ചിത്രങ്ങള്‍ പോലെ ശ്രീനിയുടെ തിരക്കഥയില്‍ ഒരു വിജയം പ്രതീക്ഷിച്ചാണ് മമ്മൂട്ടി ഈ ചിത്രം ക്രിസ്മസിനെത്തിക്കുന്നത്. മോഹന്‍ലാലിനെ പോലെ മമ്മൂട്ടിയും ഉറ്റുനോക്കുന്നത് ഒരു സൂപ്പര്‍ഹിറ്റിനാണ്. മായാവിക്കു ശേഷം ഈ വര്‍ഷമിറങ്ങിയ ഒരു മമ്മൂട്ടി ചിത്രവും സൂപ്പര്‍ഹിറ്റായിട്ടില്ല.
ശ്രീനിവാസന്റെ ഭാര്യാസഹോദരനായ എം.മോഹനന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കഥ പറയുമ്പോള്‍. സംവിധായകന്‍ ആരെന്നതിലുപരി ശ്രീനിയുടെ തിരക്കഥയാവും ഈ ചിത്രത്തിന്റെ ബോക്സോഫീസിലെ വിധി നിര്‍ണിയിക്കുന്നത്. ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം പോലൊരു മൂന്നാം കിട ചിത്രത്തിലൂടെ മമ്മൂട്ടിക്ക് പരാജയം സമ്മാനിക്കേണ്ടിവന്നതിന്റെ കയ്പ് മാറ്റാനും ശ്രീനിക്ക് ഈ ചിത്രം വിജയമാക്കേണ്ടതുണ്ട്.
മമ്മൂട്ടിക്കൊപ്പം ശ്രീനിവാസനും ഈ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മമ്മൂട്ടിയേക്കാളേറെ കൂടുതല്‍ സീനുകളില്‍ പ്രത്യക്ഷപ്പെടുന്നത് ശ്രീനിയാണ്. ബാര്‍ബര്‍ ബാലനായി ശ്രീനി അഭിനയിക്കുമ്പോള്‍ ബാലന്റെ പഴയകാല സുഹൃത്തും സിനിമയിലെ സൂപ്പര്‍സ്റ്റാറുമായ അശോക് രാജായി മമ്മൂട്ടി വേഷമിടുന്നു.
ബാര്‍ബര്‍ ബാലന്‍ ജീവിതത്തില്‍ പല തരം പ്രശ്നങ്ങള്‍ നേരിടുമ്പോഴാണ് അയാളുടെ ഗ്രാമത്തില്‍ ഒരു സിനിമയുടെ ഷൂട്ടിംഗിനായി അശോക് രാജെത്തുന്നത്. അശോക് രാജുമായി ബാലന് പഴയകാല പരിചയമുണ്ടെങ്കിലും അത് സൂപ്പര്‍താരം ഓര്‍ത്തിരിക്കുമോയെന്ന കാര്യത്തില്‍ ബാലനുറപ്പില്ല. അശോക് രാജിനെ കാണാന്‍ പലയാവശ്യങ്ങളുമായി നാട്ടുകാര്‍ ബാലന്റെ ശുപാര്‍ശയ്ക്കെത്തുമ്പോഴും സൂപ്പര്‍സ്റ്റാറിന്റെയടുക്കലൊന്നും ചെല്ലാതെ മാറിനില്‍ക്കുകയാണ് ബാലന്‍. ഒടുവില്‍ ഒരു പ്രത്യേക സന്ദര്‍ഭത്തില്‍ അശോക് രാജിനെ കാണാന്‍ ബാലന് ചെല്ലേണ്ടിവന്നു. തുടര്‍ന്ന് നടന്നത് രസകരമായ സംഭവങ്ങളാണ്.
മുകേഷ്, ജഗദീഷ്, ഇന്നസെന്റ്, മാമുക്കോയ, അഗസ്റ്റിന്‍, മീന, കെ.പി.എ.സി.ലളിത തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. ശ്രീനിവാസനും മുകേഷും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്.
മുന്‍ പേജുകള്‍-
അടുത്ത പേജുകള്‍-


Click it and Unblock the Notifications