നിത്യഹരിതമായ ആ ശബ്ദം നമുക്കൊപ്പം ഇനിയുമൊരുപാട് കാലം ഉണ്ടാകട്ടെ! ചിത്രയ്ക്ക് ആശംസകളുമായി മുഖ്യമന്ത്രി
മലയാളത്തിന്റെ വാനമ്പാടി കെഎസ് ചിത്രയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം പ്രിയ ഗായികയ്ക്ക് ആശംസകള്‍ അറിയിച്ചത്. നാല് പതിറ്റാണ്ടുകള്‍ നീണ്ട കലാജീവിതത്തിലൂടെ മലയാളിയുടെ സംഗീത ഭാവുകത്വത്തെ വളര്‍ത്തിയെടുക്കുന്നതില്‍ അസാമാന്യമായ സംഭാവനകളാണ് കെഎസ് ചിത്ര നല്‍കിയതെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

മുഖ്യമന്ത്രിയുടെ വാക്കുകളിലേക്ക്; മലയാളികളുടെ പ്രിയഗായിക കെഎസ് ചിത്രയ്ക്ക് ജന്മദിനാശംസകള്‍. നാല് പതിറ്റാണ്ടുകള്‍ നീണ്ട കലാജീവിതത്തിലൂടെ മലയാളിയുടെ സംഗീതഭാവുകത്വത്തെ വളര്‍ത്തിയെടുക്കുന്നതില്‍ അസാമാന്യമായ സംഭാവനകളാണ് ചിത്ര നല്‍കിയത്. മലയാളത്തിന് പുറമെ നിരവധി ഭാഷകളില്‍ ഗാനങ്ങള്‍ ആലപിച്ചികൊണ്ട് രാജ്യം മുഴുവന്‍ കേരളത്തിന്റെ യശസ്സ് ഉയര്‍ത്താന്‍ ചിത്രയ്ക്ക് സാധിച്ചു.
ജന്മദിനം ആഘോഷിക്കുന്ന ഈ വേളയില്‍ നിത്യഹരിതമായ ആ ശബ്ദം നമുക്കൊപ്പം ഇനിയുമൊരുപാട് കാലം ഉണ്ടാകട്ടെ എന്നാഗ്രഹിക്കുന്നു. ചിത്രയ്ക്ക് എല്ലാവിധ ആയൂരാരോഗ്യ സൗഖ്യങ്ങളും നേരുന്നു. പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു. അതേസമയം 57ാം ജന്മദിനമാണ് മലയാളത്തിന്റെ പ്രിയഗായിക ഇന്ന് ആഘോഷിക്കുന്നത്. കെഎസ് ചിത്രയ്ക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് മുഖ്യമന്ത്രിക്ക് പുറമെ മോഹന്‍ലാല്‍ ഉള്‍പ്പെടെയുളള താരങ്ങളും ഗായകരുമെല്ലാം എത്തിയിരുന്നു.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലെല്ലാം പാടിയിട്ടുളള ഗായികയാണ് കെഎസ് ചിത്ര. ചെറുപ്പം മുതല്‍ സംഗീത രംഗത്തുളള ഗായിക വര്‍ഷങ്ങള്‍ നീണ്ട കരിയറിനിടെ നിരവധി ശ്രദ്ധേയ ഗാനങ്ങളാണ് ആലപിച്ചിരുന്നത്. കെഎസ് ചിത്ര പാടിയ മനോഹര ഗാനങ്ങളെല്ലാം ഇന്നും പ്രേക്ഷക മനസുകളില്‍ നിറഞ്ഞുനില്‍ക്കുന്നവയാണ്. തെന്നിന്ത്യയിലെയും ബോളിവുഡിലെയുമെല്ലാം പ്രമുഖ ഗായകര്‍ക്കൊപ്പമെല്ലാം ചിത്ര പാടിയിരുന്നു.
കൂടാതെ ഏആര്‍ റഹ്മാന്‍, ഇളയരാജ എന്നിവരെ പോലുളള പ്രശസ്ത സംഗീത സംവിധായകര്‍ക്കൊപ്പവും കെഎസ് ചിത്ര പ്രവര്‍ത്തിച്ചു. ഇപ്പോഴും ചാനല്‍ പരിപാടികളിലൂടെയെല്ലാം കെഎസ് ചിത്ര പ്രേക്ഷകര്‍ക്ക് മുന്‍പിലേക്ക് എത്താറുണ്ട്. ആറ് തവണയാണ് മികച്ച ഗായികയ്ക്കുളള ദേശീയ പുരസ്‌കാരം കെ എസ് ചിത്രയ്ക്ക് ലഭിച്ചത്. ദേശീയ അവാര്‍ഡിന് പുറമെ മറ്റ് നിരവധി പുരസ്‌കാരങ്ങളും ഗായികയെ തേടിയെത്തിയിരുന്നു.


Click it and Unblock the Notifications