കോളെജ് കുമാരന്റെ നിര്‍മ്മാതാവ് പറയുന്നു....
വിവാദങ്ങളുടെ തീയും പുകയും ഏതാണ്ട് കെട്ടടങ്ങാറായപ്പോള്‍ ആ നിര്‍മ്മാതാവ് മനസു തുറക്കുന്നു. മോഹന്‍ലാലിനെ നായകനാക്കി തുളസീദാസ് സംവിധാനം ചെയ്ത കോളെജ് കുമാരന്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് മാര്‍ട്ടിന്‍ സെബാസ്റ്റിയനാണ് തന്റെ അനുഭവങ്ങള്‍ ഈ ലക്കം സിനിമാ മംഗളത്തില്‍ തുറന്നടിക്കുന്നത്.
താരം നല്‍കുന്ന ഡേറ്റു വെച്ച് നിര്‍മ്മാതാവിനോട് സംവിധായകന്‍ വിലപേശുന്ന വിചിത്രമായ കൗശലത്തിന്റെ ഇരയാണ് മാര്‍ട്ടിന്‍. സംവിധായകനും താരവും പ്രൊഡക്ഷന്‍ കണ്‍ട്രോളറും ചേര്‍ന്ന കൂട്ടുകെട്ട് നിര്‍മ്മാതാവിനെ കുരുക്കാന്‍ ചിലന്തിവലയൊരുക്കി കാത്തിരിക്കുകയാണ് എന്ന ആരോപണത്തിന് ശക്തി പകരുകയാണ് മാര്‍ട്ടിന്‍ സെബാസ്റ്റിയന്റെ സിനിമാ മംഗളം അഭിമുഖം.
പണത്തെ മാത്രം സ്നേഹിക്കുന്ന നടനാണ് മോഹന്‍ലാലെന്നും കഥയെക്കുറിച്ച് ഒരു ചുക്കുമറിയാത്ത സംവിധായകനാണ് തുളസീദാസെന്നും മാര്‍ട്ടിന്‍ തുറന്നടിക്കുന്നു. തന്റെ നാലുകോടി രൂപയാണ് ഇരുവരും ചേര്‍ന്ന് തുലച്ചതെന്നും മോഹന്‍ലാലിന്റെ ഡേറ്റ് ഇനി തനിക്ക് വേണ്ടെന്നുമാണ് മാര്‍ട്ടിന്റെ തീരുമാനം.
വി കെ പ്രകാശ് സംവിധാനം ചെയ്ത മൂന്നാമതൊരാളാണ് മാര്‍ട്ടിന്‍ നിര്‍മ്മിച്ച ആദ്യ ചിത്രം. ശ്യാമപ്രസാദിന്റെ ഒരേ കടല്‍, അടൂരിന്റെ നാലു പെണ്ണുങ്ങള്‍ എന്നീ ചിത്രങ്ങളുടെ സഹനിര്‍മ്മാതാവുമായിരുന്നു മാര്‍ട്ടിന്‍.
നല്ല സിനിമകളുടെ നിര്‍മ്മാണം പലപ്പോഴും ലാഭകരമായിരിക്കില്ലെന്നും ആ നഷ്ടം നികത്താനാണ് താന്‍ കോളെജ് കുമാരന്‍ പോലൊരു കമേഴ്സ്യല്‍ ചിത്രം നിര്‍മ്മിച്ചതെന്നും മാര്‍ട്ടിന്‍ പറയുന്നു.


Click it and Unblock the Notifications