For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പൊട്ടക്കഥയായാലും കാശിങ്ങു പോരട്ടെ!!

  By Super
  |

  എത്രയോ സിനിമകള്‍ സൂപ്പര്‍ഹിറ്റാക്കിയ നടന്‍. മുപ്പതിലേറെ വര്‍ഷത്തെ പ്രവൃത്തി പരിചയം. ഹിറ്റായ ചിത്രങ്ങളുടെ എത്രയോ മടങ്ങ് ചിത്രങ്ങളില്‍ അഭിനയിച്ച പരിചയം, അതിലുമെത്രയോ മടങ്ങ് കഥകള്‍ കേട്ട് തഴമ്പിച്ച കാതുകള്‍. സൂപ്പര്‍ഹിറ്റാകുമെന്ന് താരം ഉറപ്പിച്ച് പറഞ്ഞാല്‍ നിര്‍മ്മാതാവെങ്ങനെ മറുത്തു പറയും?

  പണത്തിനു വേണ്ടി സൂപ്പര്‍താരം കളിച്ച കളിയാണിതെന്ന് അപ്പോള്‍ മാര്‍ട്ടിന്‍ അറിഞ്ഞില്ല. ലക്കും ലഹാനുമില്ലാത്ത കഥ, അന്തവും കുന്തവുമില്ലാത്ത കുറേ കഥാപാത്രങ്ങള്‍. ഷൂട്ടിംഗ് പുരോഗമിച്ചു. ലൊക്കേഷന്‍ ചെയിഞ്ചില്ലാത്ത, പണമൊഴുകുന്നതിന് പഞ്ഞമില്ലാത്ത സിനിമ പൂര്‍ത്തിയായത് മൂന്നു ഷെഡ്യൂളുകളില്‍.

  കാരണം നിര്‍മ്മാതാവ് ഇങ്ങനെയാണ് പറയുന്നത്..... "മോഹന്‍ലാലിന്റെ ഫോറിന്‍ ട്രിപ്പിനും തുളസീദാസിന്റെ ഗള്‍ഫ് ട്രിപ്പിനും വേണ്ടി മാത്രമാണ് എന്റെ സിനിമയെ പ്രതിസന്ധിയിലാക്കിയത്. അപ്പോഴൊക്കെ ഇവര്‍ക്കു വേണ്ടി എന്റെ പണം ഒഴുക്കിക്കൊണ്ടിരിക്കുകയായിരുന്നു".

  തുളസീദാസിന്റെ ബന്ധുവിനെ അസോസിയേറ്റ് ഡയറക്ടറാക്കിയും തന്റെ കുറെ പണം ധൂര്‍ത്തടിച്ചുവെന്ന് മാര്‍ട്ടിന്‍ പറയുന്നു. സിനിമയെക്കുറിച്ച് ഒരു ചുക്കുമറിയാത്ത, സര്‍ഗശേഷിയോ ജോലിയില്‍ പ്രാഗത്ഭ്യമോ ഇല്ലാത്ത ശ്രീകണ്ഠന്‍ എന്ന ബന്ധുവിനെ അസോസിയേറ്റ് ഡയറക്ടറാക്കിയത് സംവിധായകന്റെ വാശി മൂലമാണ്. അയാളെ മാറ്റാന്‍ പലതവണ ആവശ്യപ്പെട്ടിട്ടും തുളസീദാസ് തയ്യാറായില്ലത്രേ!

  തനിക്കിനി മോഹന്‍ലാലിന്റെ ഡേറ്റു വേണ്ടെന്ന് ഈ നിര്‍മ്മാതാവ് തുറന്നടിക്കുന്നു. ധൂര്‍ത്തും ധാരാളിത്തവും കാട്ടി, സ്വന്തം സില്‍ബന്ധികള്‍ക്കും ബന്ധുക്കള്‍ക്കും പണം കിട്ടാന്‍ നിര്‍മ്മാതാവിനെ കറവപ്പശുവാക്കുന്ന സംവിധായകനാണ് തുളസീദാസെന്ന് കോളെജ് കുമാരന്റെ നിര്‍മ്മാതാവ് തുറന്നു പറയുന്നത് രോഷത്തോടെയാണ്.

  ശ്രീനിവാസന്‍ വിശേഷിപ്പിച്ച സര്‍ഗശേഷിയുടെ മര്‍മ്മം ഇവിടെയാണ് കിടക്കുന്നത്. സത്യന്‍ അന്തിക്കാടിനെയോ രഞ്ജിത്തിനെയോ ഷാജി കൈലാസിനെയോ പോലുളള സംവിധായകരുടെ സെറ്റില്‍ ഇതൊന്നും ഒരു സൂപ്പര്‍താരവും കാണിക്കില്ല. സൂപ്പര്‍താര പദവി നിലനിര്‍ത്തണമെങ്കില്‍ ഈ സംവിധായകരുടെ കഴിവ് തനിക്കാവശ്യമുണ്ടെന്ന് ബുദ്ധിമാനായ താരത്തിനറിയാം.

  നിര്‍മ്മാതാവിനെ പിഴിയാനുളള അവസരമായി സൂപ്പര്‍ സംവിധായകരുടെ ചിത്രങ്ങള്‍ ഉപയോഗിക്കാനാവില്ല. അതിന് പരിഹാരം കാണുന്നത് തുളസീദാസിനെപ്പോലെയുളള സംവിധായകരെ ഉപയോഗിച്ചാണ്.

  ഒരു നിര്‍മ്മാതാവിന്റെ നാലു കോടി രൂപ ഈ വിധം നശിപ്പിച്ചിട്ട് ഒരു ഉളുപ്പുമില്ലാതെ ഇനിയും സിനിമ പിടിക്കാന്‍ നടക്കുന്ന തുളസീദാസിനെ തല മൊട്ടയടിച്ച്, ചുണ്ണാമ്പു പുളളി കുത്തി, മലം മുക്കിയ ചൂലു കൊണ്ടടിച്ച് നാടു കടത്തേണ്ടേ......

  നിര്‍മ്മാതാക്കളാണ് അതിനുളള ആര്‍ജവം കാണിക്കേണ്ടത്. കഷ്ടപ്പെട്ടുണ്ടാക്കി പണം എങ്ങനെ വിനിയോഗിക്കണമെന്ന് നിശ്ചയിക്കാനുളള അവകാശം നേടിയെടുക്കേണ്ടത് നിര്‍മ്മാതാക്കളാണ്. നിര്‍ഭാഗ്യവശാല്‍, താരങ്ങള്‍ ടെലിവിഷനില്‍ പങ്കെടുക്കുന്നത് വിലക്കിയും അനാവശ്യ ചര്‍ച്ചകള്‍ക്ക് സമയം കളഞ്ഞുമാണ് അവരുടെ പോക്ക്.

  മര്‍മ്മ പ്രധാനമായ കാര്യത്തിന് അടുക്കും ചിട്ടയുമുണ്ടാക്കാനും പണം മുടക്കുന്നവന്‍ വഞ്ചിക്കപ്പെടാതിരിക്കാനും മുന്‍കൈയെടുക്കാന്‍ നിര്‍മ്മാതാക്കളുടെ സംഘടനയ്ക്ക് കഴിയുന്നില്ലെങ്കില്‍... ഇതുപോലുളള വെളിപ്പെടുത്തലുകള്‍ സിനിമാ മാസികകളില്‍ വായിച്ച് ധാര്‍മ്മിക രോഷം കൊളളാം.

  Read more about: mohanlal thulasidas
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X