For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സിനിമാ മേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കാനുള്ള കമ്മിറ്റി യാത്ര തുടങ്ങി

  By Athira V Augustine
  |

  ഒടുവില്‍ മുറവിളികള്‍ക്ക് ഫലം കണ്ടു. സിനിമാ മേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കുന്നതിനുള്ള കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയില്‍ പൂര്‍ണ വിശ്വാസമര്‍പ്പിക്കുകയാണ് സര്‍ക്കാരും സിനിമാ പ്രവര്‍ത്തകരും. സര്‍ക്കാര്‍ എല്ലാത്തരത്തിലുമുള്ള സഹായങ്ങള്‍ വാഗ്ദാനം ചെയ്തിരിക്കുന്നു. ആറ് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും എന്നാണ് കണക്കു കൂട്ടല്‍. അത് സാധ്യമാകുമായിരിക്കാം, ഇല്ലായിരിക്കാം. എങ്കിലും ഈ ചുവടുവെപ്പിനെ കുറെയെങ്കിലും പോസിറ്റീവായി തന്നെ കാണാം.അതിനായി കൊച്ചിയില്‍ ഓഫീസ് തുടങ്ങാനും ധാരണയായി.

  എത്രമാത്രം പ്രശ്നങ്ങള്‍ നിറഞ്ഞ ഒരു ലോകമായിരുന്നു അത്. സ്ത്രീകളുടെ പ്രശ്നങ്ങള്‍, വ്യക്തിഗതമായ പ്രശ്നങ്ങള്‍, ബന്ധങ്ങളിലെ വിള്ളലുകള്‍ മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍, സുരക്ഷാ പ്രശ്നങ്ങള്‍...ഇങ്ങനെ നീണ്ടു പോകും. അതില്‍ നിന്ന് സ്ത്രീകളെ മാത്രം പെറുക്കിയെടുത്ത് അവരുടെ പ്രശ്നങ്ങള്‍ കേട്ട്, അതിനൊരു അന്തിമ റിപ്പോര്‍ട്ട് ആവണം. അതിന് ധൃതി വെച്ചിട്ട് കാര്യമില്ലെന്നറിയാം. എങ്കിലും, കാര്യമിങ്ങനെയൊക്കെയാണെന്നറിയാമെങ്കിലും മുന്‍ കാലങ്ങളില്‍ ഇത്തരം പല വിഷയങ്ങളിലും പഠന കമ്മിറ്റികളും സമിതികളും വന്നിരുന്നു. ഉദാഹരണത്തിന് പട്ടികടിയേറ്റ് ജനങ്ങള്‍ വലയുകയും പ്രശ്നങ്ങള്‍ രൂക്ഷമാവുകയും ചെയ്തപ്പോള്‍ ഇതിന് പരിഹാരമുണ്ടാക്കുന്നതിനും നിര്‍ദേശിക്കുന്നതിനുമായി ഒരു കമ്മിറ്റി വന്നു. അതിന് കൊച്ചിയില്‍ ഒരു ഓഫീസും രൂപീകരിച്ചു. അന്ന് അത് വാര്‍ത്തയായി. എന്നാല്‍ ഇപ്പോള്‍ അതെവിടെ എത്തി നില്‍ക്കുന്നു. ഒരു വര്‍ഷത്തിനുപ്പറത്തേക്ക് സ്ഥിതി എന്തായി. ആര്‍ക്കും ധാരണയില്ല. ഇതുപോലെ പല തരത്തിലുള്ള അനുഭവങ്ങള്‍. അതുപോലെയാകും ഇത് എന്ന് നേരത്തെ കയറി അഭിപ്രായപ്പെടുകയല്ല. മറിച്ച് അങ്ങനെയാവാതിരിക്കട്ടെ.

  cinema

  വിമണ്‍ ഇന്‍ സിനിമാ കലക്ടീവ് ആണ് ഇത്തരത്തിലൊരു പ്രശ്നങ്ങള്‍ ഈ മേഖലയിലുണ്ടെന്നും അതിന് പരിഹാരമുണ്ടാക്കണമെന്നും ആവശ്യപ്പെട്ട് മുന്നോട്ട് വന്ന ആദ്യ സിനിമാ സംഘടന. അതിന് ശേഷം വീണ്ടും സിനിമാ മേഖലയിലെ സ്ത്രീകള്‍ക്ക് വേണ്ടി എന്ന് പറഞ്ഞ് കൊണ്ട് സംഘടനകള്‍ വരുന്നു. ഇനി കാക്കത്തൊള്ളായിരം സംഘടനകള്‍ അല്ല വേണ്ടത്. ഓരോ വ്യക്തികള്‍ക്കും തോന്നുന്ന കുറച്ചു പേരെ കൂട്ടിച്ചേര്‍ത്ത് സംഘടന ഉണ്ടാക്കിയെടുക്കുകയല്ല വേണ്ടത്. രണ്ട് പേരാണുള്ളതെങ്കിലും ഉന്നയിക്കേണ്ട പ്രശ്നങ്ങള്‍ കൃത്യമായി ധൈര്യമായി ഉന്നയിക്കുകയും അത് പരിഹരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ തേടുകയും പരിഹരിക്കുകയുമാണ് വേണ്ടത്. ചുരുക്കി പറഞ്ഞാല്‍ വാചകത്തേക്കാള്‍ കൂടുതല്‍ പ്രവര്‍ത്തനം ആണ് വേണ്ടത് എന്നല്ലേ അര്‍ഥം.

  സിനിമാ രംഗത്ത് പല തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ട്. കാസ്റ്റിങ് കൗച്ചാണ് ഏറ്റവും അവസാനം ചൂടേറിയ ചര്‍ച്ചയായി മാറിക്കൊണ്ടിരിക്കുന്നത്. കാസ്റ്റിങ് കൗച്ചിലൂടെ വരണമെന്ന് ഒരു നടിയും ആഗ്രഹിക്കുന്നുണ്ടാകില്ല. അതിനെ ആ തരത്തിലേക്ക് എത്തിച്ച് ചൂഷണം ചെയ്യുന്നതിനെയാണ് ഗൗരവമായി കാണേണ്ടത്. തുടര്‍ന്നിങ്ങോട്ട് വെളിപ്പെടുത്തുലുകളുടേതായിരുന്നു. കാസ്റ്റിങ് കൗച്ച് സിനിമാ രംഗത്ത് മാത്രമല്ല സംഗീത രംഗത്തുമുണ്ടെന്നും വെളിപ്പെടുത്തലുണ്ടായി. അപ്പോള്‍ ഇത്തരത്തില്‍ കാസ്റ്റിങ് കൗച്ചിന് അനുവാദം നല്‍കുകയും അവസരം ലഭിക്കാതെ തളര്‍ന്നു പോയവരും സിനിമാ ലോകത്തുണ്ടാകില്ലേ. എത്രയേറെ നടിമാര്‍ ആത്ഹത്യ ചെയ്തു. എത്ര പേര്‍ വിഷാദ രോഗത്തിലേക്ക് പോയി. എത്ര പേര്‍ പ്രണയത്തിന്റെ പേരില്‍ ചൂഷണം ചെയ്യപ്പെട്ടു. എത്ര പേര്‍ വിവാഹ ബന്ധം വേര്‍പെടുത്തി. അപ്പോള്‍ ഇതൊക്കെ ചെറിയ പ്രശ്നങ്ങളല്ല. വലിയ പ്രശ്ങ്ങളാണ്. മലയാളം സിനിമയില്‍ ഒരു പുതിയ സംഘടന വരുന്നു എന്നറിഞ്ഞപ്പോള്‍ ഇപ്പോള്‍ സിനിമാ സംഘടനയുടെ തലപ്പത്തിരിക്കുന്ന ഒരു പ്രമുഖ നടന്‍ വളരെ പുച്ഛത്തോടെ പറഞ്ഞതോര്‍മിക്കുന്നു, ഇവര്‍ക്ക് മാത്രമെന്തേ ഇത്രമാത്രം പ്രശ്നങ്ങള്‍. ഞങ്ങള്‍ ഒരുപോലെ ജോലി ചെയ്യുന്നവരാണ്.

  cinema

  അപ്പോപ്പിന്നെ പ്രശ്നങ്ങളുണ്ടെങ്കില്‍ ഞങ്ങളോട് പറയുന്നതെന്തിനാണ് ബുദ്ധിമുട്ട്. ബുദ്ധിമുട്ടുണ്ട് സാറമ്മാരേ, ആ ബുദ്ധിമുട്ട് അനുഭവിക്കുന്നതുകൊണ്ടാണ് തുറന്ന് പറഞ്ഞു കൊണ്ട് ഞങ്ങള്‍ വരുന്നത് എന്ന രീതിയിലായിരുന്നു വിമണ്‍ ഇന്‍ സിനിമാ കലക്ടീവ് മറുപടി നല്‍കിയത്. അവസരങ്ങള്‍ നഷ്ടമാകുമെന്ന ഭയത്താല്‍ ഇതുവരെ ഇംഗിതത്തിന് മാത്രം പ്രവര്‍ത്തിച്ച ഒരു കൂട്ടം പെണ്‍കൂട്ടത്തിടയില്‍ നിന്നും ഇത്തിരിപ്പേര്‍ മാറി നില്‍ക്കാന്‍ നിര്‍ബന്ധിതരായതും അതുകൊണ്ടാണ്. അതുകൊണ്ടാണ് സ്ത്രീ വിഷയങ്ങളില്‍ പതിവ് ചര്‍ച്ചകളും അഭിപ്രായങ്ങളും പറയുന്ന പ്രമുഖരായ പലരേയും അവര്‍ക്ക് മാറ്റി നിര്‍ത്തേണ്ടി വന്നത്. ചാനലുകളില്‍ മുഖം മിനുക്കി വന്നിരുന്ന് ചര്‍ച്ചകളില്‍ ഇതാണ് ഞങ്ങള്‍ സ്ത്രീകളുടെ അഭിപ്രായമെന്ന് ബ്രാന്‍ഡ് അംബാസിഡര്‍ എന്ന രീതിയില്‍ സംസാരിക്കുന്ന ഇവര്‍ ഒരു പ്രശ്നവുമായി എത്തുന്ന സ്ത്രീകളെ കാണാറില്ലെന്ന് തന്നെ പറയാം.

  ഏറ്റവും ദയനീയം സിനിമക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ അവസ്ഥയാണ്. എന്നാല്‍ പിന്നെ നീ എന്തിന് ഈ ജോലിക്ക് പോകുന്നു എന്ന ചോദ്യം ഒരു വശത്തു നിന്നുണ്ടാകുന്പോള്‍ മറുവശത്ത് ഇവിടെ ഇതൊക്കെ പതിവാണെന്നുള്ള മറുപടിയാണ് മറുവശത്ത് അവര്‍ക്ക് ലഭിക്കാറ്. അപ്പോള്‍ അവരുടെ പ്രശ്നങ്ങള്‍ വ്യക്തിഗതമായി തന്നെ ചുരുങ്ങും. വര്‍ഷങ്ങളായി അടക്കി ഭരിച്ചുകൊണ്ടിരുന്ന പലരും താഴേക്ക് വീണപ്പോഴാണ് സ്ഥിതിഗതികള്‍ക്ക് മാറ്റമുണ്ടായത്. അവര്‍ക്ക് നേരെ ചോദ്യങ്ങള്‍ വന്നുതുടങ്ങിയപ്പോഴാണ് കാര്യം ഇത്തിരി സീരിയസായി എന്ന് പലര്‍ക്കും മനസിലായത്. ഏതായാലും ഇത്തരം നിരവധി പ്രശ്നങ്ങളാല്‍ കൂടിക്കുഴഞ്ഞ് കിടക്കുന്ന സിനിമ എന്ന വലിയ ലോകത്തു നിന്നും സ്ത്രീകളുടെ ചികഞ്ഞെടുത്ത് പരിഹാരം കാണത്തക്ക രീതിയിലായിരിക്കും പുതിയ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് എന്ന് പ്രതീക്ഷിക്കാം. കസേരയിലും ഓഫീസിലും ഇരുന്ന് പ്രശ്നങ്ങള്‍ പേപ്പറിലേക്ക് പകര്‍ത്തിയെഴുത്ത് ഉണ്ടാകാതിരിക്കട്ടെ എന്ന് പ്രാര്‍ഥിക്കാം.

  English summary
  committee for the Case study of problems in movie field
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X