പൃഥ്വിരാജിന്‍റെ ബ്രില്യന്‍സിന് അപൂര്‍വ്വ നേട്ടം!കലക്ഷനില്‍ മാത്രമല്ല പ്രദര്‍ശനത്തിലും റെക്കോര്‍ഡാണ്!
Recommended Video

ബോക്‌സോഫീസിലെ പല റെക്കോര്‍ഡുകളും ലൂസിഫറിന് മുന്നില്‍ കീഴടങ്ങുമെന്ന തരത്തിലുള്ള പ്രവചനങ്ങള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ആദ്യ 3 ദിനത്തിനുള്ളില്‍ തന്നെ 50 കോടി നേട്ടവുമായാണ് സിനിമ കുതിച്ചത്. മോഹന്‍ലാലിന്റേയും പൃഥ്വിരാജിന്റേയും കരിയറിലെ തന്നെ മികച്ച സിനിമയായി മാറുകയാണ് ലൂസിഫര്‍. മോഹന്‍ലാല്‍ ആരാധകരെ തൃപ്തിപ്പെടുത്തുന്ന സിനിമയുമായാണ് തന്റെ വരവെന്ന് വ്യക്തമാക്കിയ പൃഥ്വി ഇപ്പോള്‍ അത് തെളിയിച്ചിരിക്കുകയാണ്. എന്താണ് ചെയ്യാന്‍ പോവുന്നതെന്ന കാര്യത്തെക്കുറിച്ച് കൃത്യമായ ധാരണയുള്ളതിനാല്‍ അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കുന്നത് സുഖകരമായിരുന്നുവെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു.
സംവിധായകന്റെ താരമായി പ്രവര്‍ത്തിക്കുന്ന മോഹന്‍ലാലില്‍ നിന്ന് വേണ്ടതെല്ലാം പുറത്തേക്കെടുക്കാന്‍ ഈ താരപുത്രന് കഴിഞ്ഞിരുന്നു. താനുദ്ദേശിക്കുന്ന കാര്യങ്ങളെക്കുറിച്ച് എല്ലാവരുമായും സംസാരിക്കുകയും അവരുടെ സംശയവും നിര്‍ദേശവുമൊക്കെ പരിഗണിച്ചുമാണ് പൃഥ്വി ലൂസിഫര്‍ പൂര്‍ത്തിയാക്കിയത്. സിനിമയിലെത്തി അധികനാള്‍ പിന്നിടുന്നതിനിടയില്‍ത്തന്നെ മനസ്സിലെ സംവിധദാനമോഹത്തെക്കുറിച്ച് ഈ താരപുത്രന്‍ തുറന്നുപറഞ്ഞിരുന്നു. അന്ന് അദ്ദേഹത്തെ കളിയാക്കിയവര്‍ പോലും ഇന്ന് പിന്തുണയുമായി എത്തിയിരിക്കുകയാണ്. ബോക്‌സോഫീസിലെ സകല റെക്കോര്‍ഡുകളും തിരുത്തി മുന്നേറുന്ന സിനിമ ഇപ്പോള്‍ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ്. അതേക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

ചരിത്രം തിരുത്തിക്കുറിക്കുന്നു
സ്റ്റീഫന്‍ നെടുമ്പള്ളിയുടെ കൊലകൊല്ലി വരവിന് മുന്നില്‍ റെക്കോര്‍ഡുകള്‍ ഒന്നൊന്നായി തകര്‍ന്നടിയുമെന്ന പ്രവചനം നേരത്തെ തന്നെ പുറത്തുവന്നിരുന്നു. അതിവേഗം 50 കോടി ക്ലബില്‍ ഇടംപിടിച്ച് ചരിത്രമായി മാറിയിരിക്കുകയാണ് ചിത്രം. 100 കോടി നേട്ടം 10 ദിവസത്തിനുള്ളില്‍ തന്നെ സ്വന്തമാക്കുമെന്ന വിലയിരുത്തലുകള്‍ നേരത്തെ തന്നെ പുറത്തുവന്നതാണ്. നിലവിലെ റിപ്പോര്‍ട്ടുകളെല്ലാം സൂചിപ്പിക്കുന്നത് അതേക്കുറിച്ച് തന്നെയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലിന്‍രെ മാസ്മരിക പ്രകടനത്തെ അതേ പോലെ തിരിച്ച് തന്ന പൃഥ്വിരാജ് മലയാള സിനിമയിലെ പല റെക്കോര്‍ഡുകളും തിരുത്തിക്കുറിക്കുകയാണ്.

തുടര്‍ച്ചയായി 100 മണിക്കൂര്‍
ഇന്ത്യന്‍ സിനിമാചരിത്രത്തിലെ തന്നെ അപൂര്‍വ്വ നേട്ടവും സ്വന്തമാക്കിയാണ് സിനിമ മുന്നേറുന്നത്. കലക്ഷനിലെ റെക്കോര്‍ഡുകള്‍ക്ക് പുറമേ പ്രദര്‍ശനത്തിന്‍രെ കാര്യത്തിലും ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് ഈ സിനിമ. ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ തന്നെ 100 മണിക്കൂര്‍ തുടര്‍ച്ചയായി പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രമെന്ന റെക്കോര്‍ഡ് ഈ സിനിമയ്ക്ക് സ്വന്തമാണ്. ചങ്ങരംകുളത്തെ മാര്‍സ് ലിനിമാസിലെ പ്രദര്‍ശനത്തിലൂടെയാണ് ഈ റെക്കോര്‍ഡ് സിനിമയ്ക്ക് ലഭിച്ചത്. 70 പ്രദര്‍ശനമാണ് ഇവിടെ നടന്നതെന്നും എല്ലാം ഹൗസ്ഫുളായിരുന്നുവെന്നും അവര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

സന്തോഷം പങ്കുവെച്ച് മാര്‍സ്
ഫേസ്ബുക്ക് പേജിലൂടെ മാര്‍സ് സിനിമാസ് തന്നെയാണ് ഈ അപൂര്‍വ്വ നേട്ടത്തെക്കുറിച്ചുള്ള സന്തോഷം പങ്കുവെച്ചത്. ദൈവികത്വവും പൈശാചികതയും നിറഞ്ഞാടിയ ലൂസിഫര്‍ ഇന്നത്തെ പ്രദര്‍ശനത്തോടെ 100 മണിക്കൂര്‍ പ്രദര്‍ശനമെന്ന റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. കളിച്ച പ്രദര്‍ശനങ്ങള്‍ക്കെല്ലാം നിറഞ്ഞ സദസ്സുമുണ്ടായിരുന്നു. ഈ ചരിത്ര മൂഹൂര്‍ത്തം തിങ്കളാഴ്ച (ഇന്ന്) ആഘോഷിക്കുന്നുണ്ടെന്നും ലൂസിഫറിനെ സ്‌നേഹിക്കുന്നവര്‍ പങ്കെടുക്കണമെന്നുമാണ് കുറിപ്പില്‍ പറയുന്നത്.

കലക്ഷനിലെ റെക്കോര്‍ഡുകള്‍
ബോക്‌സോഫീസില്‍ നിന്നും നിരവധി റെക്കോര്‍ഡുകളാണ് സിനിമ സ്വന്തമാക്കിയത്. ആദ്യദിനത്തില്‍ 12 കോടി നേടി സിനിമ 3ാം ദിനത്തില്‍ തന്നെ 50 കോടി ക്ലബിലും ഇടംപിടിച്ചിരുന്നു. മോഹന്‍ലാലിന്‍രെ പഴയ പ്രൗഢി തിരികെക്കിട്ടിയെന്ന് മാത്രമല്ല താരരാജാവ് എന്ന വാക്കിനെ അന്വര്‍ത്ഥമാക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടകളാണ് പുറത്തുവരുന്നതും. മാസ്സും ക്ലാസുമായെത്തിയ മോഹന്‍ലാലിനെ മലയാള സിനിമയ്ക്ക് നഷ്ടമാവുന്നോയെന്ന ചിന്തയില്‍ നിന്നായിരുന്നു ഈ സിനിമയുടെ പിറവിയെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു.

പൃഥ്വിരാജെന്ന സംവിധായകന്‍
നടനും നിര്‍മ്മാതാവും ഗായകനുമായ പൃഥ്വിരാജിനെയായിരുന്നു നേരരത്തെ മലയാളികള്‍ക്ക് അറിയാവുന്നത്. സംവിധായകനായ അവതരിച്ച താരത്തിന് ഗംഭീര സ്വീകരണം തന്നെയാണ് ലഭിച്ചത്. കൃത്യമായ ഹോംവര്‍ക്ക് നടത്തിയാണ് പൃഥ്വി ലൂസിഫറുമായെത്തിയതെന്ന് ഒപ്പം പ്രവര്‍ത്തിച്ചവരെല്ലാം വ്യക്തമാക്കിയിരുന്നു. ജനക്കൂട്ടത്തെ വെച്ചുള്ള ഷോട്ടില്‍ പോലും അദ്ദേഹം ടെന്‍ഷനടിച്ചിരുന്നില്ല എന്നും അവര്‍ സാക്ഷ്യപ്പെടുത്തിയിരുന്നു.
പോസ്റ്റ് കാണാം
ചങ്ങരംകുളം മാര്‍സ് സിനിമാസിന്റെ ഫേസ്ബുക്ക് പേജിലെ കുറിപ്പ് കാണൂ.


Click it and Unblock the Notifications