കോസ്റ്റ്യൂം ഡിസൈനര്‍ വേലായുധന്‍ കീഴില്ലം അന്തരിച്ചു! അനുശോചനം രേഖപ്പെടുത്തി മമ്മൂട്ടി
ഏപ്രില്‍ മാസം മലയാള സിനിമാലോകത്തിന് കനത്ത നഷ്ടമാണ്. നാല് പ്രിയപ്പെട്ടവരെയാണ് മരണം തട്ടിയെടുത്തത്. കഴിഞ്ഞ ദിവസം നടന്‍ രവി മേനോന്‍ അന്തരിച്ച വാര്‍ത്ത കേട്ടതിന്റെ ഞെട്ടലിലായിരുന്നു ആരാധകര്‍. ഇപ്പോഴിതാ മലയാള ചലച്ചിത്ര ലോകത്തെ പ്രമുഖ കോസ്റ്റ്യൂമര്‍ വേലായുധന്‍ കീഴില്ലം(67) ത്തിന്റെ മരണ വാര്‍ത്ത എത്തിയിരിക്കുകയാണ്.
ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഇന്ന് ഉച്ചയ്ക്കാണ് അദ്ദേഹം നിര്യാതനായത്. ഹൃദയാഘാതമാണ് മരണകാരണം. പെരുമ്പാവൂരിനടുത്ത് കീഴില്ലമാണ് ഇദ്ദേഹത്തിന്റെ സ്വദേശം. സ്ഥലനാമമായ കീഴില്ലം ഇദ്ദേഹം സ്വന്തം പേരിനൊപ്പം ചേര്‍ക്കുകയായിരുന്നു. മലയാള സിനിമയിലെ ഒട്ടു മിക്ക സംവിധായകരുടെ കൂടെയും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
കെ.ജി.ജോര്‍ജിന്റെ 'ഉള്‍ക്കടലി'-ല്‍ വസ്ത്രാ ലങ്കാര സഹായിയായിട്ടായിരുന്നു തുടക്കം. നിരവധി പുരസ്‌കാരങ്ങള്‍ ഇദ്ദേഹത്തെ തേടിയെത്തി. 1994 ലെ മികച്ച വസ്ത്രാലങ്കാരകനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം മാനത്തെ വെള്ളിത്തേര് എന്ന ചിത്രത്തിലൂടെ ലഭിച്ചു. റാംജിറാവ് സ്പീക്കിങ് മുതല്‍ സിദ്ധിഖ് ലാല്‍ ടീമിന്റെ എല്ലാ ചിത്രങ്ങളുടെയും വസ്ത്രാലങ്കാര ചുമതല വേലായുധനായിരുന്നു.

കമല്‍, സത്യന്‍ അന്തിക്കാട്, ഷാജി കൈലാസ്, പ്രിയദര്‍ശന്‍, സിബി മലയില്‍, ഫാസില്‍, എ.കെ.ലോഹിതദാസ് എന്നിവരുടെയെല്ലാം ചിത്രങ്ങളില്‍ വസ്ത്രാലങ്കാരം നിര്‍വഹിച്ചു. ബാലചന്ദ്രമേനോന്റെ 'കലിക' എന്ന സിനിമയില്‍ അതിഥി താരമായി വേഷമിട്ടിട്ടുമുണ്ട്. സിദ്ധിഖ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായി അഭിനയിച്ച ഏറ്റവും പുതിയ ചിത്രമായ 'ബിഗ്ബ്രദറി'-ലാണ് അവസാനമായി വസ്ത്രാലങ്കാരം നിര്‍വഹിച്ചത്.
വേലായുധന് അനുശോചനം രേഖപ്പെടുത്തി സിനിമാ താരങ്ങളും ചലച്ചിത്ര രംഗത്തുള്ള പ്രമുഖരെല്ലാം എത്തിയിരുന്നു. ഫേസ്ബുക്ക് പേജിലൂടെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും ആദാരഞ്ജലികള്‍ അര്‍പ്പിച്ചു. ഫെഫ്ക ഡയറക്ടോഴ്‌സ് യൂണിയനും അനുശോചനം രേഖപ്പെടുത്തി കൊണ്ട് എത്തിയിരുന്നു.
'വേലായുധന്‍ കീഴില്ലത്തിനു വിട. മലയാള സിനിമയിലെ വസ്ത്രാലങ്കാര വിദഗ്ധരില്‍ പ്രധാനപ്പെട്ട പേരാണ്, വേലായുധന്‍ കീഴില്ലം. ശ്രീ. ഫാസിലിന്റേയും, സിദ്ദിഖ് ലാലിന്റേയും ഒട്ടുമിക്കവാറും ചിത്രങ്ങളിലേയും വസ്ത്രാലങ്കാരം വേലായുധന്റേതാണ്. ഫെഫ്ക്ക കോസ്റ്റ്യൂംസ് യൂണിയന്റെ ആദ്യകാല സാരഥി. തികഞ്ഞ മനുഷ്യസ്‌നേഹി. ആദരാഞ്ജലികള്‍. എന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണനും പറയുന്നു.


Click it and Unblock the Notifications