twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദിലീപിന്റെ ക്രേസി റാസ്ക്കല്‍സ്

    By Staff
    |

    എന്തു പേരില്‍ ഒരു ചിത്രമെടുത്താലാണ് ജനത്തെ ആകര്‍ഷിക്കാന്‍ കഴിയുകയെന്ന് തല പുകഞ്ഞാലോചിക്കുകയാണ് നടന്‍ ദിലീപ്. കളളന്റെ കഥയെന്ന് രജിസ്റ്റര്‍ ചെയ്ത ജനപ്രിയ നായകന്റെ പുതിയ ചിത്രം ഒടുവില്‍ സ്വീകരിച്ചിരിക്കുന്ന പേര് ക്രേസി റാസ്കല്‍ എന്നാണത്രേ!

    ഉടനീളം ചിരിപ്പിക്കുന്ന ഒരു വേഷം ദിലീപ് അവതരിപ്പിച്ചിട്ട് ഏറെക്കാലമായി. കല്‍ക്കട്ട ന്യൂസിനും മുല്ലയിലുമൊക്കെ അല്‍പം സീരിയസ് വേഷങ്ങളായിരുന്നല്ലോ.

    മലയാളികളിഷ്ടപ്പെട്ട ആ മാനറിസങ്ങള്‍ക്കൊപ്പിച്ചാണ് ഈ ചിത്രത്തിലെ ഗോപാലനെ രൂപപ്പെടുത്തിയിരിക്കുന്നത്. പെരും കളളനാണ് ഗോപാലന്‍. അയാളുടെ സുഹൃത്ത് ലക്ഷ്മണനും തൊഴില്‍ മോഷണം തന്നെ.

    ഊഞ്ഞാടിയെന്ന സ്വന്തം ഗ്രാമത്തിലെ വീടുകളുടെ കട്ടിളകള്‍ മോഷ്ടിച്ച് കഴിവു തെളിയിച്ച ഗോപാലന് നാട്ടുകാര്‍ കട്ടിള ഗോപാലന്‍ എന്ന വിളിപ്പേരു നല്‍കി. എന്തും എപ്പോഴും മോഷ്ടിക്കുന്ന ഗോപാലന്‍ നാട്ടുകാരുടെ പേടിസ്വപ്നമായിരുന്നു. മീശ മാധവനെപ്പോലെ നാട്ടുകാരുടെ പ്രിയപ്പെട്ടവനായിരുന്നില്ല ഗോപാലന്‍.

    കട്ടിളയും കിണ്ടിയും കിണ്ണവും വാഴക്കുലയും ആവോളം മോഷ്ടിച്ചെങ്കിലും ഗോപാലന് നല്ല നിലയിലെത്താന്‍ കഴിഞ്ഞില്ല. അങ്ങനെയാണ് അയാള്‍ നഗരത്തില്‍ ചേക്കേറാന്‍ തീരുമാനിച്ചത്. ആധുനികരീതിയില്‍ മോഷണം നടത്തുന്നതിന് വേണ്ട ഉപകരണങ്ങളും ഗോപാലന്‍ സംഘടിപ്പിച്ചു.

    നഗരത്തില്‍ വെച്ച് ഗോപാലന്‍ ലക്ഷ്മണനെ പരിചയപ്പെട്ടു. വമ്പന്‍ മോഷണം നടത്തി ഇഷ്ടംപോലെ പണം തട്ടാനുളള ഒരു പദ്ധതിയ്ക്ക് ഇരുവരും ചേര്‍ന്ന് രൂപം നല്‍കുന്നു. നഗരത്തിലെ കോടീശ്വരന്‍ ബാബു ജോസഫിന്റെ സഹോദരി ഡയാനയെ തട്ടിക്കൊണ്ടു പോയി വിലപേശാനുളള ഐഡിയ ഗോപാലന്റെ തലയില്‍ കത്തിയതോടെ മോഷ്ടാക്കളുടെ ജീവിതം കീഴ്‍മേല്‍ മറി‍ഞ്ഞു.

    ഡയാനയെ തട്ടിക്കൊണ്ടു പോയതോടെ ഗോപാലന്റെ ജീവിതം കുഴഞ്ഞു മറിഞ്ഞു. അവനെത്തേടി പുതിയ പ്രശ്നങ്ങള്‍ നിരനിരയായി വന്നു. താന്‍ വിചാരിച്ച വഴി കാര്യങ്ങള്‍ പോകുമെന്ന് ധരിച്ച് ഇറങ്ങിപ്പുറപ്പെട്ട ഗോപാലന്, പ്രശ്നങ്ങള്‍ തെളിച്ച വഴിയേ പോകേണ്ടി വന്നു.

    ആ കഥയാണ് ദീപു കരുണാകരന്‍ പറയുന്നത്. ഗോപാലന്റെ വേഷം ദിലീപും ലക്ഷ്മണന്റെ വേഷം സലിം കുമാറും ചെയ്യുന്നു. ഒട്ടേറെ ഹിറ്റ് ചിത്രങ്ങളില്‍ അതീവ രസകരമായ നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച ദിലീപും സലിം കുമാറും മുഴുനീള വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ തീയേറ്റര്‍ പൊട്ടിച്ചിരിയുടെ വെടിപ്പുരയാകുമെന്നാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്.

    ജഗതി ശ്രീകുമാര്‍, ഹരിശ്രീ അശോകന്‍, ജഗദീഷ്, ജനാര്‍ദ്ദനന്‍, കൊച്ചു പ്രേമന്‍ എന്നിവര്‍ കൂടി ഒന്നിക്കുമ്പോള്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തിയെഴുതാന്‍ പോന്ന ചിരിനമ്പരുകള്‍ പിറന്നേക്കാം.

    ദിലീപിന്റെ ഭാര്യാസഹോദരന്‍ മധു വാര്യരാണ് ചിത്രത്തിന്റെ സഹസംവിധാനമെന്നൊരു പ്രത്യേകതയും കൂടിയുണ്ട്.

    ദീപു കരുണാകരനാണ് കഥയും തിരക്കഥയും തയ്യാറാക്കുന്നത്. മലയാളത്തില്‍ ഇന്നു ഒരു ഹൈടെക് കളളന്റെ കഥ പറഞ്ഞിട്ടില്ലെന്നും ആ കുറവ് തന്റെ ചിത്രം നികത്തുമെന്നും ദീപു അവകാശപ്പെടുന്നു.

    രാധാ വര്‍മ്മയാണ് ഈ ചിത്രത്തിലെ നായിക. മലയാളത്തില്‍ ആദ്യമായാണ് രാധ പ്രത്യക്ഷപ്പെടുന്നത്. ഗിരീഷ് പുത്തഞ്ചേരി, അനല്‍ പനച്ചൂരാന്‍ എന്നിവരെഴുതിയ വരികള്‍ക്ക് ഈണം പകരുന്നത് രാഹുല്‍രാജ്. ഡി കണ്ണന്‍ ഛായാഗ്രഹണം.

    ഉളളാട്ടില്‍ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്.

    ബന്ധപ്പെട്ട വാര്‍ത്തകള്‍


    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X