മുകേഷും ജയസൂര്യയും കള്ളനോട്ടടിക്കുന്നു
ചതിക്കാത്ത ചന്തു, പുലിവാല്‍ കല്യാണം എന്നീ ഹിറ്റ് ചിത്രങ്ങളില്‍ നായകനായിട്ടും നായകപദവി നിലനിര്‍ത്താന്‍ കഴിയാതെ പോയ നടനാണ് ജയസൂര്യ. നായകനായി ഏതാനും ചിത്രങ്ങളില്‍ അഭിനയിച്ച ജയസൂര്യക്ക് യുവതാര തരംഗം കെട്ടടങ്ങിയപ്പോള്‍ പിടിച്ചുനില്‍ക്കാന്‍ ഉപനായക വേഷങ്ങള്‍ ചെയ്യേണ്ടിവന്നു.
ചങ്ങാതിപ്പൂച്ച എന്ന ചിത്രത്തിലൂടെ നായകപദവി തിരിച്ചുപിടിക്കാന്‍ ശ്രമിച്ചെങ്കിലും ആ ചിത്രത്തിന്റെ പരാജയം ജയസൂര്യയുടെ കരിയറില്‍ മങ്ങലേല്പിച്ചു. എങ്കിലും നായകനായ ഒരു ചിത്രം വിജയിച്ചാല്‍ തിരിച്ചുവരവ് നടത്താനാവുമെന്ന പ്രതീക്ഷയിലാണ് ജയസൂര്യ. കറന്‍സിയില്‍ ജയസൂര്യ വേഷമിടുന്നത് ആ പ്രതീക്ഷയോടെയാണ്.
ജയസൂര്യയും മുകേഷുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കാമുകിയുടെ മുന്നില്‍ കാശുകാരനാണെന്ന് കാണിക്കാന്‍ വേണ്ടി മറ്റൊരാളുടെ സഹായത്തോടെ ആയിരം രൂപാ നോട്ടുകള്‍ അച്ചടിച്ചു തുടങ്ങിയ യുവാവ് അപ്രതീക്ഷിതമായി പല പ്രശ്നങ്ങളിലും ചെന്നുപെടുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ജയസൂര്യയാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കള്ളനോട്ട് അച്ചടിക്കാന്‍ യുവാവിനെ സഹായിക്കുന്നയാളായി മുകേഷും വേഷമിടുന്നു.
ലക്ഷ്മി ഗോപാലസ്വാമി, പി.ശ്രീകുമാര്‍, അനൂപ് മേനോന്‍, രേവതി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. നവാഗതനായ സ്വാതി ഭാസ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ക്യാമറ അഴകപ്പന്‍. സംഗീത സംവിധാനം നിര്‍വഹിക്കുന്നത് നവാഗതനായ സിദ്ധാര്‍ത്ഥാണ്. ഡാന്‍സിംഗ് ഗണേഷ എന്റര്ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ശ്രീകുമാര്‍ പിള്ള ചിത്രം നിര്‍മിക്കുന്നു.


Click it and Unblock the Notifications