വാഹന കടത്ത്; ദുല്‍ഖറിന്റെ രണ്ട് വാഹനങ്ങൾ പിടിച്ചെടുത്തു, പൃഥ്വിരാജ്, അമിത് എന്നിവരുടെ വീടുകളിലും പരിശോധന
ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി മലയാള സിനിമയിലെ മുൻനിര താരങ്ങളായ ദുൽഖർ സൽമാന്റെയും പൃഥ്വിരാജ് സുകുമാരന്റെയും വീട്ടിൽ കസ്റ്റംസ് പരിശോധന നടത്തി. യുവനടൻ അമിത് ചക്കാലക്കലിന്റെ വീട്ടിലും പരിശോധന നടന്നു. ഭൂട്ടാന്‍ സൈന്യം ഉപേക്ഷിച്ചതും വിന്റേജ് കാറ്റഗറിയില്‍ പെടുന്നതുമായ വാഹനങ്ങള്‍ നിയമവിരുദ്ധമായി ഇന്ത്യയില്‍ എത്തിക്കുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി പരിശോധന നടന്നത്.
ഇത്തരം ആഡംബര വാഹനങ്ങൾ നികുതി വെട്ടിച്ചാണ് ഇന്ത്യയില്‍ എത്തിച്ച് സിനിമാ താരങ്ങൾക്ക് വിറ്റത്. ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മലയാള താരങ്ങളുടെ വീടുകളിൽ എത്തി കസ്റ്റംസ് പരിശോധന നടത്തിയത്. മലയാള സിനിമയിലെ വാഹനപ്രേമികളായ താരങ്ങളാണ് ദുൽഖർ സൽമാനും പൃഥ്വിരാജ് സുകുമാരനും അമിത് ചക്കാലക്കലുമെല്ലാം.

ദുൽഖർ സൽമാന്റെ ഗ്യാരേജിൽ നടത്തിയ പരിശോധനയിൽ രണ്ട് വാഹനങ്ങൾ പിടിച്ചെടുത്തു. മാത്രമല്ല കൂടുതല്‍ വാഹനങ്ങള്‍ ഉണ്ടെങ്കില്‍ ഹാജരാക്കണമെന്ന് അറിയിച്ച് നടന് സമന്‍സും നല്‍കി. പൃഥ്വിരാജിന്റെ തേവരയിലെ വീട്ടിലും ദുൽഖറിന്റെ പനമ്പള്ളി നഗറിലെ വീട്ടിലുമാണ് റെയ്ഡ് നടന്നത്. താരങ്ങളുടെ വീട്ടിൽ മാത്രമല്ല കോഴിക്കോട്, മലപ്പുറം, തിരുവനന്തുപുരം തുടങ്ങിയ ജില്ലകളിലും ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി പരിശോധന നടക്കുന്നുണ്ട്.
വ്യവസായികളുടെ വീടുകളും വാഹന ഷോറൂമുകൾ കേന്ദ്രീകരിച്ചും പരിശോധന നടക്കും. മമ്മൂട്ടിയുടെ പഴയ വീടിനോട് ചേർന്നുള്ള നടന്‌റെ വാഹനങ്ങൾ സൂക്ഷിക്കുന്ന ഗ്യാരേജിലും സംഘം പരിശോധന നടത്തി. ലാന്റ് ക്രൂയിസർ, ഡിഫന്റർ തുടങ്ങി പത്തിൽ അധികം വാഹനങ്ങളാണ് മമ്മൂട്ടിയുടെ 369 ഗ്യാരേജിലുള്ളത്.
ആറോളം കസ്റ്റംസ് ഉദ്യോഗസ്ഥർ എത്തിയാണ് പരിശോധന നടത്തിയത്. ദുൽഖർ വാങ്ങിയ വാഹനങ്ങൾ മമ്മൂട്ടിയുടെ ഗ്യാരേജിലുണ്ടോയെന്ന് അറിയാനായിരുന്നു പരിശോധന. ഭൂട്ടാനിൽ നിന്നും എത്തിച്ച 200 ഓളം വാഹനങ്ങൾ കേരളത്തിലെ നിരത്തുകളിൽ ഓടുന്നതായും കസ്റ്റംസിന് റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. ഇവയെല്ലാം കസ്റ്റഡിയിൽ എടുക്കാനുള്ള നടപടികളും പുരോഗമിക്കുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി രഹസ്യമായി അന്വേഷണം നടന്നിരുന്നു.
അതിൽ നിന്നും ലഭിച്ച വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടന്നത്. വാഹനത്തിന്റെ രജിസ്ട്രേഷൻ മാറ്റിയിട്ടുണ്ടോ?, മോഡിഫിക്കേഷൻ വരുത്തിയിട്ടുണ്ടോ എന്നത് സംബന്ധിച്ചുള്ള പരിശോധനകളും അന്വേഷണവും നടന്നു. മോട്ടോർ വാഹന വകുപ്പും അന്വേഷണത്തിൽ പങ്കാളികളാണ്. ദുൽഖറിന്റെ സിനിമകളിലും ചില വാഹനങ്ങൾ ഉപയോഗിച്ചിട്ടുണ്ട്.

പൃഥ്വിരാജിന്റെ തിരുവനന്തപുരത്തെ വീട്ടിലും പരിശോധന നടന്നിരുന്നു. ഭൂട്ടാനിൽ നിന്നും എത്തിച്ച വാഹനങ്ങൾ ഹിമാചൽപ്രദേശിലാണ് രജിസ്റ്റർ ചെയ്തത്. വലിയൊരു റാക്കറ്റ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നുണ്ട്. സെക്കന്റ് ഹാന്റ് വാഹനങ്ങൾ ഇന്ത്യയിലേക്ക് എത്തിക്കാൻ പരിമിതികളുണ്ട്. അതെല്ലാം മറികടന്ന് പതിനഞ്ചിൽ അധികം നിയമലംഘനം നടത്തിയാണ് വാഹനങ്ങൾ എത്തിച്ചതും വിൽപ്പന നടത്തിയതും. വ്യാജ രേഖകൽ ചമക്കലും ഉൾപ്പെടുന്നു.
ആരാധനയും ഇഷ്ടവുമൊക്കെ അങ്ങനെ തന്നെ. പക്ഷെ നിയമ ലംഘനമുണ്ടെങ്കിൽ ആരും നിയമത്തിന് അതീതരല്ല. പരിശോധന നടക്കട്ടെ. മടിയിൽ കനമില്ലെങ്കിൽ ഭയപ്പെടേണ്ടതില്ല, നിയമം അനുസരിക്കാൻ ഉള്ളതാണ് ആരായാലും എന്നിങ്ങനെയാണ് പ്രേക്ഷക പ്രതികരണങ്ങൾ. പിടിച്ചെടുത്ത വാഹനങ്ങള്‍ കരിപ്പൂര്‍ വിമാനത്താവളത്തിലുള്ള കസ്റ്റംസ് ഓഫീസില്‍ എത്തിക്കും.
ലാൻഡ് ക്രൂസർ, ലാൻഡ് റോവർ, ടാറ്റ എസ്‌യുവികൾ, മഹീന്ദ്ര ടാറ്റ ട്രക്കുകൾ എന്നീ കാറ്റഗറിയിലുള്ള വാഹനങ്ങളാണ് കേരളത്തിലേക്ക് എത്തിച്ചിരിക്കുന്നത്. ഭൂട്ടാൻ സൈന്യം അഞ്ച് ലക്ഷത്തിന് താഴെ വിലയ്ക്കാണ് ഇത്തരം വാഹനങ്ങൾ വിറ്റത്. അവയാണ് കേരളത്തിൽ എത്തിച്ച് 40 ലക്ഷം രൂപയ്ക്ക് വരെ വിറ്റഴിച്ചതെന്നാണ് വിവരം. പല വാഹനങ്ങളും റീ റജിസ്റ്റർ ചെയ്ത് കെഎൽ നമ്പറുകളാക്കി മാറ്റിയിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.


Click it and Unblock the Notifications











