സൈക്കിള്‍ നല്‍കുന്ന പാഠം
യുവതാര ചിത്രമായ സൈക്കിള്‍ നിറഞ്ഞ സദസുകളില്‍ പ്രദര്‍ശിപ്പിച്ചുവരികയാണ്. മികച്ച കളക്ഷനോടെ ചിത്രം സൂപ്പര്‍ഹിറ്റാവുമെന്ന് ഉറപ്പിച്ചുകഴിഞ്ഞു. എന്നാല്‍ സൈക്കിള്‍ വിജയറാലി തുടരുമ്പോള്‍ കൈവിട്ടുപോയതിനെ കുറിച്ചോര്‍ത്ത് മനസ് പൊള്ളുന്ന ചിലരുണ്ട്.
സൈക്കിള്‍ സംവിധാനം ചെയ്ത ജോണി ആന്റണി സിഐഡി മൂസ, തുറുപ്പുഗുലാന്‍ എന്നീ സൂപ്പര്‍ഹിറ്റുകളൊരുക്കിയ സംവിധായകനാണ്. സൈക്കിളിന് തിരക്കഥ രചിച്ച ജെയിംസ് ആല്‍ബര്‍ട്ട് മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ സൂപ്പര്‍ഹിറ്റായ ക്ലാസ് മേറ്റ്സിലൂടെ സിനിമാരംഗത്തെത്തിയ തിരക്കഥാകൃത്താണ്. എന്നിട്ടും ഈ കൂട്ടുകെട്ടിന്റെ സിനിമയ്ക്ക് മുടക്കുമുതലിറക്കാന്‍ പല പ്രഗത്ഭ നിര്‍മാതാക്കളും തയ്യാറായില്ല.
സൂപ്പര്‍താരങ്ങള്‍ക്കു ചുറ്റും വട്ടമിട്ടു പറക്കുന്ന സിനിമാ നിര്‍മാതാക്കള്‍ സൂപ്പര്‍താരങ്ങളില്ലാതെയും ഇവിടെ സൂപ്പര്‍ഹിറ്റുകളുണ്ടാവുന്നുണ്ടെന്ന യാഥാര്‍ത്ഥ്യത്തിനു നേരെ കണ്ണടയ്ക്കുന്നവരാണ്. സൂപ്പര്‍താരങ്ങളില്ലാതെയാണ് ക്ലാസ് മേറ്റ്സ് സൂപ്പര്‍ ഹിറ്റായത്. എന്നിട്ടും ആ ചിത്രത്തിന്റെ തിരക്കഥാകൃത്തായ ജെയിംസ് ആല്‍ബര്‍ട്ടിന്റെ പുതിയ ചിത്രത്തിനു നേരെ നിര്‍മാതാക്കള്‍ കണ്ണടച്ചു.
സൈക്കിളിന് പണമിറക്കാന്‍ നിര്‍മാതാക്കളാരും തയ്യാറാവാത്തതിനെ തുടര്‍ന്ന് ജോണി ആന്റണിയും ജെയിംസ് ആല്‍ബര്‍ട്ടും മറ്റും ചിലരും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മിച്ചത്. ജെയിംസിനും ജോണിക്കും നേരെ കെ മലര്‍ത്തിയ നിര്‍മാതാക്കളുടെ മനസില്‍ നഷ്ടബോധത്തിന്റെ തീ കോരിയിട്ടു കൊണ്ട് സൈക്കിള്‍ ഇപ്പോള്‍ സൂപ്പര്‍ഹിറ്റിലേക്ക് നീങ്ങുന്നു.
പുതിയ പ്രമേയങ്ങളെയും പുതിയ അഭിനേതാക്കളെയും ഉള്‍ക്കൊള്ളാന്‍ നിര്‍മാതാക്കള്‍ തയ്യാറായാലേ മലയാള സിനിമയില്‍ വ്യത്യസ്തമായെന്തെങ്കിലും സംഭവിക്കൂ. അതിന് കഥയുടെ ഫ്രെഷ്നസും അതിന്റെ സാധ്യതകളും തിരിച്ചറിയാനുള്ള കഴിവ് നിര്‍മാതാക്കള്‍ക്കുണ്ടാവണം. സൂപ്പര്‍താരങ്ങളുടെ ഡേറ്റ് എങ്ങനെയെങ്കിലുമൊപ്പിച്ച് സ്ഥിരം ശൈലിയിലുളള കഥകള്‍ തട്ടിക്കൂട്ടിയുണ്ടാക്കി സിനിമയെടുക്കുന്ന നിര്‍മാതാക്കളില്‍ നിന്നും ഇപ്പറഞ്ഞ കഴിവ് എങ്ങനെ പ്രതീക്ഷിക്കാനാവും?


Click it and Unblock the Notifications