അമരേന്ദ്ര ബാഹുബലിയായി ഡേവിഡ് വാര്‍ണറുടെ ടിക്ക് ടോക്ക്! വീഡിയോ ഏറ്റെടുത്ത് ആരാധകര്‍
കൊറോണ വൈറസ് ലോക് ഡൗണിനിടെ ടിക്ക് ടോക്കില്‍ സജീവമായ ക്രിക്കറ്റ് താരമാണ് ഡേവിഡ് വാര്‍ണര്‍. ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാനായ വാര്‍ണര്‍ കുടുംബത്തിനൊപ്പമാണ് ടിക്ക് ടോക്ക് വീഡിയോകള്‍ ചെയ്യാറുളളത്. ഡേവിഡ് വാര്‍ണറുടെ വീഡിയോകളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അല്ലു അര്‍ജുന്‍ ചിത്രം അല വൈകുന്ദപുരംലോയിലെ ബുട്ട ബൊമ്മ എന്ന പാട്ടിനൊപ്പമായിരുന്നു ഡാന്‍സുമായി വാര്‍ണര്‍ ആദ്യം എത്തിയത്. ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം ചുവടുവെക്കുന്ന താരത്തിന്റെ വീഡിയോ ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്തിരുന്നു.

പിന്നാലെ മഹേഷ് ബാബുവിന്റെ തെലുങ്ക് ചിത്രം പോക്കിരിയിലെ സീന്‍ അനുകരിച്ചും വാര്‍ണര്‍ എത്തി. ഇപ്പോഴിതാ ഇന്ത്യന്‍ സിനിമയിലെ തന്നെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലൊന്നായ ബാഹുബലിയിലെ അമരേന്ദ്ര ബാഹുബലിയായിട്ടാണ് ഡേവിഡ് വാര്‍ണര്‍ എത്തിയിരിക്കുന്നത്. ബാഹുബലിയിലെ പോലെ പടച്ചട്ടയും കീരിടവുമെല്ലാം ധരിച്ചാണ് വാര്‍ണര്‍ വീഡിയോ ചെയ്തിരിക്കുന്നത്.
ഏത് സിനിമയിലേതാണെന്ന് പറയാമോ എന്ന് ചോദിച്ചാണ് വാര്‍ണര്‍ ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നേരത്തെ പോക്കിരിയിലെ സീന്‍ അനുകരിച്ചതിന് പിന്നാലെ സംവിധായകന്‍ പുരി ജഗന്നാഥ് വാര്‍ണറെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചിരുന്നു. കൂടാതെ തന്റെ ഏതെങ്കിലും ഒരു ചിത്രത്തില്‍ കാമിയോ റോളില്‍ അഭിനയിക്കാനും അദ്ദേഹം വാര്‍ണറോട് ആവശ്യപ്പെട്ടു. പുരി ജഗന്നാഥിന് വാര്‍ണര്‍ നന്ദി അറിയിക്കുകയും ചെയ്തിരുന്നു.
മുന്‍പ് അക്ഷയ് കുമാറിന്റെ ബോളിവുഡ് ചിത്രം തീസ് മാര്‍ ഖാനിലെ ഷീലാ കീ ജവാനി ഗാനത്തിന് ചുവടുവെക്കുന്ന വാര്‍ണറിന്റെയും മകളുടെയും വീഡിയോയും പുറത്തിറങ്ങിയിരുന്നു. ടിക്ക് ടോക്കിലും നിരവധി ആരാധകരുളള താരമാണ് ഡേവിഡ് വാര്‍ണര്‍. ഐപിഎലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമാണ് ഡേവിഡ് വാര്‍ണര്‍. ഓപ്പണിംഗ് ബാറ്റ്‌സ്മാനായിട്ടാണ് ഡേവിഡ് വാര്‍ണര്‍ ക്രിക്കറ്റിന്റെ വിവിധ ഫോര്‍മാറ്റുകളില്‍ തിളങ്ങിയിട്ടുളളത്.
ഐപിഎലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ക്യാപ്റ്റനായും ഡേവിഡ് വാര്‍ണര്‍ തിളങ്ങിയിരുന്നു. ഡേവിഡ് വാര്‍ണറിന് പുറമെ കെവിന്‍ പീറ്റേഴ്‌സണ്‍, യൂസവേന്ദ്ര ചാഹല്‍, ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍ തുടങ്ങിയവരും ടിക്ക് ടോക്ക് വീഡിയോകളുമായി എത്താറുണ്ട്. താരങ്ങളുടെ വീഡിയോകള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് ആരാധകര്‍ നല്‍കാറുളളത്.


Click it and Unblock the Notifications