»   » ഒറിജിനല്‍ മംഗലശ്ശേരി നീലകണ്ഠന്റെ ഓര്‍മ്മയില്‍

ഒറിജിനല്‍ മംഗലശ്ശേരി നീലകണ്ഠന്റെ ഓര്‍മ്മയില്‍

Written By:
Subscribe to Filmibeat Malayalam
Devasuram
ദേവാസുരം എന്നസൂപ്പര്‍ ഹിറ്റ് സിനിമയിലൂടെ മലയാളസിനിമയിലേക്ക് കടന്നു വന്ന മംഗലശ്ശേരി നീലകണ്ഠന് പ്രേരണയായ മുല്ലശ്ശേരി രാജഗോപാല്‍ ഓര്‍മ്മയായിട്ട് പത്താണ്ട് തികയുന്നു. കോഴിക്കോട് നടന്ന അനുസ്മരണചടങ്ങില്‍ മമ്മൂട്ടി, കാവ്യമാധവന്‍, റിമകല്ലിംഗല്‍, സംവിധായകരായ രഞ്ജിത്ത്, ജി.എസ് വിജയന്‍ പി.വി ഗംഗാധരന്‍ തുടങ്ങിയ പ്രമുഖ വ്യക്തികളും സംബന്ധിച്ചു.

എം.പി.വീരേന്ദ്രകുമാര്‍ ഭദ്രദീപം കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. വലുപ്പ ചെറുപ്പമന്യേ എല്ലാവരേയും സ്വീകരിച്ചുകൊണ്ട് മുല്ലശ്ശേരി രാജുവിന്റെ പത്‌നി ലക്ഷ്മി ചടങ്ങില്‍ നിറഞ്ഞു നിന്നു. കടബാദ്ധ്യതകള്‍ തീര്‍ത്ത് മുല്ലശ്ശേരി വീട് നിലനിര്‍ത്തിയിരിക്കുന്ന ലക്ഷ്മി എന്ന ബേബിയേച്ചി ഭര്‍ത്താവിന്റെ ഓര്‍മ്മകളുടെ ഹൃദ്യതയില്‍ രാജഗോപാലിന്റെ സ്മരണ പുതുക്കാന്‍ വന്ന സുഹൃത്തുക്കളെ സ്‌നേഹപൂര്‍വ്വം സ്വീകരിച്ച് വിശേഷങ്ങള്‍ പങ്കുവെക്കുന്നു.

മലയാളസിനിമയുടെ മോഹിപ്പിക്കുന്ന പ്രതിരൂപമായി രാജഗോപാലിനെ മാറ്റിയ രഞ്ജിത് തന്നെയാണ് ആ വീട്ടില്‍ ഇന്ന് പ്രഥമഗണനീയന്‍. മുല്ലശ്ശേരി രാജു എന്ന തന്റേടിയും കലാസ്വാദകനുമായ മനുഷ്യന് ജീവിതം വ്യത്യസ്തമായ തട്ടകങ്ങള്‍ ഒരുക്കിയ ഭൂതകാലമുണ്ട്. ഗാനഗന്ധര്‍വ്വന്‍ യേശുദാസടക്കം പ്രമുഖരായ കലാകാരന്‍മാര്‍ ആവേശത്തോടെയാണ് രാജുവിനെകുറിച്ച് പറയുക. വലുപ്പചെറുപ്പമില്ലാതെ സൗഹൃദം സൂക്ഷിച്ച രാജു ഏറ്റവും വലിയ നിധിയായി തിരിച്ചറിഞ്ഞത് ഭാര്യ ലക്ഷ്മിയെ തന്നെ.

യഥാര്‍ത്ഥജീവിതത്തിലും ലക്ഷ്മിയായിരുന്ന അവര്‍ ഭര്‍ത്താവിനൊപ്പമുള്ള ജീവിതത്തിന്റെ ഏടുകള്‍ തുടച്ചുമിനുക്കി പ്രസന്നമാക്കുകയാണ് പിന്നിടുന്ന ഓരോ ഓര്‍മ്മനാളുകളിലും. മംഗലശ്ശേരി നീലകണ്ഠന്‍ എന്ന ഫ്യൂഡല്‍ തെമ്മാടിയുടെ കഥപറയുമ്പോഴും ഭാനുമതി എന്ന തന്റേടിയും തീര്‍ത്ഥം പോലെ ശുദ്ധിയാര്‍ന്ന സ്ത്രീവ്യക്തിത്വത്തിന്റെ തീവ്രഭാവങ്ങളാണ് ദേവാസുരം മുന്നോട്ടുവെക്കുന്നത്.

രാജുവിന്റെ ജീവിതത്തില്‍ വഴിവിളക്കായി ശോഭിച്ച ലക്ഷ്മിയെ അക്ഷരാര്‍ത്ഥത്തില്‍ ഭാനുമതിയിലൂടെ രേവതി പ്രേക്ഷകസമക്ഷം പരിചയപ്പെടുത്തി. മോഹന്‍ലാലിന്റേയും രഞ്ജിത്തിന്റേയും കരിയറില്‍ ടേണിംഗ് പോയിന്റ് സമ്മാനിച്ച ദേവാസുരം റിലീസ് ചെയ്തപ്പേള്‍ തിയറ്ററില്‍ പോയി കാണാന്‍ രാജുവിന് അസുഖം മൂലം സാധിച്ചില്ല. സ്വന്തം ജീവിതകഥ വീട്ടില്‍ കിടന്ന് കാസറ്റിലൂടെ കണ്ട രാജു ആദ്യം ചെയ്തത് മോഹന്‍ലാലിനേയും രഞ്ജിത്തിനേയും വിളിക്കുകയായിരുന്നു.

മുല്ലശ്ശേരി രാജുവിനെ നിങ്ങള്‍ ഒരു പാട് നല്ലവനാക്കിയല്ലോ എന്നായിരുന്നുവത്രേ ആദ്യ പ്രതികരണം. സിനിമയിലും ലക്ഷ്മിയുടെ നന്മതൊട്ടറിഞ്ഞത് രാജുവിന് നനവുള്ള ഓര്‍മ്മ സമ്മാനിക്കുന്നതായിരുന്നു. തന്നെ കാണാനെത്തുന്ന ആത്മമിത്രങ്ങളോട് ലക്ഷ്മിയെക്കുറിച്ച് പറയാനും രാജഗോപാല്‍ മറന്നിരുന്നില്ല.ഒരു സാധാരണ മനുഷ്യന്റെ ജീവിതത്തില്‍ സംഭവിക്കാമായിരുന്ന ദാരുണതകളെ മൂര്‍ത്തമായ കലാസൗഭാഗ്യം കൊണ്ടും ജീവിതസഖിയുടെ സ്‌നേഹവാത്സല്യങ്ങള്‍ കൊണ്ടും മറികടന്ന രാജു മംഗലശ്ശേരി നീലകണ്ഠനായും ലക്ഷ്മി ഭാനുമതിയായും ഇവിടെ കാലങ്ങളോളം നിലനില്‍ക്കും.

മുല്ലശ്ശേരി രാജുവിന്റെ സ്മരണാര്‍ത്ഥം മികച്ച സംഗീത സംവിധായകന് നല്‍കിയിരുന്ന അവാര്‍ഡ് കഴിഞ്ഞ രണ്ടുവര്‍ഷമായി നിര്‍ത്തി വെച്ചിരിക്കയാണ്.പാട്ടുകളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന വിരോധാഭാസങ്ങള്‍ തന്നെയാണിതിന് കാരണമെന്ന് ലക്ഷ്മി തുറന്നു പറയുന്നു. ഒരു വ്യക്തി ജീവിച്ചിരിക്കെ അയാളുടെ ജീവിതം അഭ്രപാളികളില്‍ പകര്‍ത്തി സ്വരചേര്‍ച്ചയുടെ സമൃദ്ധിയോടെ അടയാളപ്പെടുത്തിയതിന്റെ മികവ് രഞ്ജിത്തിനും, ഐ.വി.ശശിക്കും അര്‍ഹതപ്പെട്ടതാണ്. മുല്ലശ്ശേരി
രാജഗോപാലുമായി സൗഹൃദം സ്ഥാപിക്കാന്‍ കഴിയാതെപോയതിലുള്ള ഖേദം എം.പി.വീരേന്ദ്രകുമാര്‍ അനുസ്മരണ ചടങ്ങില്‍ പങ്കുവെച്ചു.

English summary
No wonder why 'Devasuram' has still got a high viewer rating, and the movie was inspired from a real life character called Mullassery Rajagopal, says Ranjith.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam