ഫോറന്‍സിക്കിലെ ആ സൈക്കോ വില്ലന്‍! ടൊവിനോയുമായുളള ആക്ഷന്‍ രംഗത്തെക്കുറിച്ച് ധനേഷ്
ടൊവിനോ തോമസിന്റെതായി ഈ വര്‍ഷമാദ്യം പുറത്തിറങ്ങിയ ചിത്രമാണ് ഫോറന്‍സിക്ക്. ത്രില്ലര്‍ ചിത്രമായി ഇറങ്ങിയ സിനിമയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. തിരക്കഥാകൃത്തുക്കളായ അഖില്‍ പോളും അനസ് ഖാനും ചേര്‍ന്നാണ് സിനിമയൊരുക്കിയത്. ചിത്രത്തില്‍ സാമുവല്‍ ജോണ്‍ കാട്ടൂകാരന്‍ എന്ന ഫോറന്‍സിക്ക് ഉദ്യോഗസ്ഥനായിട്ടാണ് ടൊവിനോ എത്തിയത്. മംമ്താ മോഹന്‍ദാസായിരുന്നു നായിക. ഇവര്‍ക്കൊപ്പം റീബ മോണിക്ക ജോണ്‍, പ്രതാപ് പോത്തന്‍, രണ്‍ജി പണിക്കര്‍, സെെജു കുറുപ്പ് തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു.
ഫോറന്‍സിക്കില്‍ സൈക്കോ കഥാപാത്രമായ ഉബൈദ് അഹമ്മദിനെ അവതരിപ്പിച്ചത് നടന്‍ ധനേഷ് ആനന്ദായിരുന്നു. ലില്ലി എന്ന ചിത്രത്തിലെ നെഗറ്റീവ് റോളിലൂടെ ശദ്ധേയനായ താരമാണ് ധനേഷ്. സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ഫോറന്‍സിക്ക് ഷൂട്ടിംഗിനിടെയുണ്ടായ അനുഭവങ്ങള്‍ നടന്‍ പങ്കുവെച്ചിരുന്നു.

ഫോറന്‍സിക്കില്‍ ടൊവിനോ തോമസിനൊപ്പമുളള ആക്ഷന്‍ രംഗത്തെക്കുറിച്ചും നടന്‍ മനസുതുറന്നു. പാലക്കാടുളള ധോനി കാടിനുളളില്‍ വെച്ചായിരുന്നു ആ രംഗങ്ങളൊക്കെ ഷൂട്ട് ചെയ്തിരുന്നതെന്ന് ധനേഷ് പറയുന്നു. ചെറിയ ഉന്തും തളളും മാത്രമേയുളളു എന്ന രീതിയിലായിരുന്നു ആ രംഗം ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് സംഘടനവും കൂടി ഉള്‍പ്പെടുത്തുകയായിരുന്നു.

വാനിനുളളിലെ ഡയലോഗ് സെഷനൊക്കെ ശേഷം അഖിലേട്ടനും അനസിക്കയുമൊക്കെ വന്ന് നന്നായിട്ടുണെന്ന് പറഞ്ഞു. ആദ്യം അവര്‍ക്ക് ആ സീനില്‍ വല്ലാത്ത ടെന്‍ഷനുണ്ടായിരുന്നു. ഇത്തരത്തിലൊരു രംഗം പുതിയൊരാള്‍ ചെയ്താല്‍ ശരിയാകുമോ എന്ന തോന്നലൊക്കെ അവരുടെ ഉളളിലുണ്ടായിരുന്നു. പക്ഷേ ടേക്ക് കഴിഞ്ഞപ്പോള്‍ അവര്‍ സംതൃപ്തരായിരുന്നു. അത് കേട്ടപ്പോള്‍ തന്നെ വലിയ സന്തോഷമായി. ഒരു ആര്‍ട്ടിസ്റ്റിന് കിട്ടാവുന്നതില്‍ വെച്ച് എറ്റവും വലിയ അംഗീകാരം അതാണല്ലോ.

തുടര്‍ന്നാണ് അടുത്ത രംഗത്തിലേക്കുളള ഒരുക്കമൊക്കെ തുടങ്ങിയത്. പെട്ടെന്ന് തന്നെ സ്റ്റണ്ട് മാസ്റ്ററൊക്കെ വരുന്നു. സെറ്റില്‍ നിന്ന് വന്‍ പ്ലാനിങ്ങൊക്കെ. ഇതൊക്കെ ഞാന്‍ മാറിനിന്ന് കണ്ടുകൊണ്ടിരിക്കുകയാണ്. അഖിലേട്ടനും അനസിക്കയും സ്റ്റണ്ട് മാസ്റ്ററുമൊക്കെ കൂടി വലിയൊരു ഫൈറ്റ് പ്ലാന്‍ ചെയ്യുകയാണ് അവിടെ. അത് അറിഞ്ഞ എന്റെ കാറ്റ് ഫുള്‍ പോയി. ആദ്യം ഉന്തും തളളുമെന്നൊക്കെ പറഞ്ഞിട്ട് ഇപ്പോള്‍ വലിയ ഫൈറ്റൊക്കെയാണ് പ്ലാനിടുന്നത്.

അക്ഷരാര്‍ത്ഥത്തില്‍ ഞാന്‍ ഞെട്ടിപ്പോയി. സത്യത്തില്‍ ഞാനിതുവരെ ഫൈറ്റ് ചെയ്തിട്ടില്ല. പഠിക്കുന്ന സമയത്ത് പോലും അടിയുണ്ടാക്കിയിട്ടില്ല. അങ്ങനെയുളെളാരാള്‍ ഫൈറ്റ് സീനൊക്കെ ചെയ്താല്‍ എങ്ങനെയുണ്ടാകുമെന്നൊരു പേടിയുണ്ടായിരുന്നു. ഫൈറ്റൊക്കെ തുടങ്ങി. സ്റ്റണ്ട് മാസ്റ്റര്‍ക്ക് ഫൈറ്റൊക്കെ പക്ക റിയലായിട്ട് തോന്നണം. കട്ടൊന്നുമില്ല. അഞ്ചാറ് അടി ഒന്നിച്ചാണ് അദ്ദേഹം ഷൂട്ട് ചെയ്യുക. ഒന്നെടുത്ത് കട്ട് ചെയ്ത് അടുത്തതിലേക്ക് കയറാമെന്ന സംഗതിയൊന്നുമേയില്ല.

ഒറ്റത്തവണ കൊണ്ട് അഞ്ചാറ് അടി സ്വീക്വന്‍സുകള്‍ അതാണ് രീതി. ആദ്യമായിട്ടായത് കൊണ്ട് തന്നെ ഞാന്‍ അവിടെ മൂക്ക് കൊണ്ട് ക്ഷ,ണ്ണ, ത്ര ഒക്കെ വരയ്ക്കുകയാണ്. അടി കൊളളും നിലത്ത് വീഴും, എഴുന്നേല്‍ക്കാന്‍ പറ്റാത്ത അവസ്ഥയില്‍ കിടക്കും. സ്റ്റണ്ട് മാസ്റ്ററാണെങ്കില്‍ ഫുള്‍ ചീത്തവിളിയും തുടങ്ങി. ഹേ മുട്ടാള്‍ എന്ന പണ്ണീട്ടിറുക്കെ എന്നൊക്കെ ഉച്ചത്തില്‍ വിളിച്ച് ചോദിച്ച് ഫുള്‍ ചീത്തവിളി ബഹളം.

എന്റെ അവസ്ഥ കണ്ടിട്ടാകണം ടൊവിച്ചേട്ടന്‍ ഫൈറ്റ് മാസ്റ്ററോട് അത് പുതിയ പയ്യനാണെന്നും ആദ്യമായിട്ടാണ് ഫൈറ്റ് സീന്‍ ചെയ്യുന്നതുമൊക്കെ പറഞ്ഞു. അപ്പോഴാണ് ഫൈറ്റ് മാസ്റ്റര്‍ തന്നെ വിളിച്ച് കാര്യങ്ങളൊക്കെ സമാധാനമായി പറഞ്ഞ് തന്നതും എങ്ങനെയൊക്കെ ചെയ്യണമെന്ന് കാണിച്ചു തന്നതുമൊക്കെ. തുടര്‍ന്ന് റിഹേഴ്‌സലെടുത്ത ശേഷമാണ് ടേക്കിലേക്ക് പോയത്. ആ ആ രംഗം നന്നായിട്ടുണ്ടെങ്കില്‍ അതിനുളള പ്രധാന കാരണം ടൊവിച്ചേട്ടന്‍ നല്‍കിയ വലിയ പിന്തുണയാണെന്നും ധനേഷ് പറഞ്ഞു.


Click it and Unblock the Notifications