ഉലകനായകനും ധനുഷും ഒന്നിക്കുന്നു
തമിഴകത്തിന്റെ സ്വന്തം ഉലകനായകന്‍ കമല്‍ ഹാസനും തമിഴകത്തിന്റെ പൊന്നോമനയായ ബ്രൂസിലി ധനുഷും ഒന്നിക്കുന്നു. കമല്‍ ഹാസനെ നായകനാക്കി ധനുഷ് സിനിമ നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നു എന്നതാണ് തമിഴകത്തെ ഏറ്റവും പുതിയ റിപ്പോര്‍ട്ട്.
നടന്‍, ഗാനരചയിതാവ്, ഗായകന്‍ എന്നീ നിലകളിലെല്ലാം നേരത്തെ തന്നെ തിളങ്ങയിട്ടുള്ള തമിഴകത്തിന്റെ ഈ യംഗ് സ്‌റ്റൈല്‍ മന്നന്‍ അടുത്തിടെയായി നിര്‍മ്മാതാവിന്റെ റോളിലും മികച്ചുനില്‍ക്കുകയാണ്. തമിഴകത്തെ പുത്തന്‍ താരോദയമായ ശിവകാര്‍ത്തികേയനെ നായകനാക്കി ധനുഷ് നിര്‍മ്മിച്ച കാക്കി ചട്ടൈ ഇപ്പോള്‍ പ്രദര്‍ശനത്തിനെത്തുകയാണ്.

ധനുഷ് നിര്‍മ്മാതാവാകുന്ന അടുത്ത ചിത്രത്തില്‍ ചിമ്പുവാണ് നായകന്‍ . ധനുഷിന്റെ സഹോദരന്‍ ശെല്‍വരാഘവനായിരിക്കും ചിത്രം സംവിധാനം ചെയ്യുക. ഈ ചിത്രത്തിനു ശേഷം കമല്‍ഹാസനെ നായകനാക്കി ഒരു ചിത്രം ഒരുക്കാനാണ് ധനുഷ് ആലോചിക്കുന്നത്. ഈ ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യാനും ധനുഷ് ആലോചിക്കുന്നുണ്ടെന്നാണ് കോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. നേരത്തെ ധനുഷ് നിര്‍മ്മിച്ച എതിര്‍ നീചാല്‍, വേലൈ ഇല്ലാ പട്ടാധാരി എന്നീ ചിത്രങ്ങള്‍ സൂപ്പര്‍ഹിറ്റുകളായിരുന്നു.
ധനുഷ് അഭിനയിച്ച് അവസാനം പുറത്തിറങ്ങിയ തമിഴ് ചിത്രം അനേഗന്‍ ആയിരുന്നു. പ്രശസ്ത ക്യാമറമാന്‍ കെ വി ആനന്ദ് സംവിധാനം ചെയ്ത ചിത്രം മികച്ച കളക്ഷനും അഭിപ്രായവും നേടി മുന്നേറുകയാണ് ഇപ്പോള്‍. ബിഗ്ബി അമിതാഭ് ബച്ചനൊപ്പം ധനുഷ് എത്തിയ ബാല്‍കി സംവിധാനം ചെയ്ത ഷമിതാഭും മികച്ചവിജയവും നിരൂപക പ്രശംസയും നേടിയിരുന്നു.


Click it and Unblock the Notifications











