ഇനി ഇവിടെത്തന്നെ ഉണ്ടാകുമോ... മടങ്ങി പോവില്ലല്ലോ... ജോമോളോട് ആരാധകരുടെ ചോദ്യം
പത്ത് വര്‍ഷത്തെ ഇടവേളകള്‍ക്ക് ശേഷം മലയാളത്തിന്റെ സ്വന്തം ജാനകിക്കുട്ടി തിരികെ എത്തിയിരിയ്ക്കുകയാണ്. വികെ പ്രകാശ് സംവിധാനം ചെയ്ത കെയര്‍ഫുള്‍ എന്ന ചിത്രമാണ് ജോമോള്‍ക്ക് തിരികെ വരാന്‍ വഴിയൊരുക്കിയത്.
ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുമ്പോള്‍ ആരാധകര്‍ക്ക് ജോമോളോട് ചോദിക്കാനുള്ളത് ഒരേ ഒരു ചോദ്യം മാത്രമാണ്, ഇനി മടങ്ങിപ്പോകില്ലല്ലോ.. മലയാള സിനിമയില്‍ തന്നെ ഉണ്ടാവില്ലേ..??

മടങ്ങി വരാന്‍ പ്രേരണയായത്
അച്ഛനും അമ്മയുമാണ് വീണ്ടും സിനിമയിലേക്ക് മടങ്ങി വരാന്‍ പ്രേരണയായത് എന്നാണ് അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ ജോമോള്‍ പറഞ്ഞത്. നിന്റെ ഫീല്‍ഡ് സിനിമയാണെന്നും ഒരിക്കലും അത് നിര്‍ത്തരുത് എന്നും ജോമോളോട് മാതാപിതാക്കള്‍ പറഞ്ഞത്രെ. മക്കള്‍ വലുതായാല്‍ അവര്‍ അവരുടെ വഴി തേടിപ്പോകും. വലുതായാല്‍ നിന്നെ നോക്കുമെന്ന് എന്താണ് ഉറപ്പ് എന്നും അവര്‍ ചോദിച്ചത്രെ. ആ ചോദ്യം ശരിയാണെന്ന് തോന്നിയത് കൊണ്ടാണ് മടങ്ങി വന്നത് എന്ന് ജോമോള്‍ പറയുന്നു.

അപ്പോള്‍ ഇവിടെയുണ്ടാവും
അപ്പോള്‍, ഉറപ്പിക്കാം.. ഇനിയും നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ ജോമോള്‍ മലയാള സിനിമയില്‍ തുടരും. അല്ലെങ്കിലും വിവാഹ ശേഷം ജോമോള്‍ സിനിമ ഉപേക്ഷിച്ചിട്ടില്ല. 2003 ല്‍ ചന്ദ്രശേഖരന്‍ പിള്ളയുമായുള്ള വിവാഹത്തിന് ശേഷമാണ്, 2007 ല്‍ ജോമോള്‍ രാക്കിളിപ്പാട്ട് എന്ന ചിത്രത്തില്‍ അഭിനയിച്ചത്. പിന്നീട് ഭര്‍ത്താവിനൊപ്പം വിദേശത്തേക്ക് പോയത് കൊണ്ടാണ് അഭിനയം തുടരാന്‍ കഴിയാതെ പോയത്. മക്കള്‍ വലുതായതോടെ ജോമോള്‍ വീണ്ടും മടങ്ങി എത്തുകയായിരുന്നു.

സിനിമയില്‍ ജോമോള്‍
ഒരു വടക്കന്‍ വീരഗാഥ എന്ന ചിത്രത്തില്‍ ഉണ്ണിയാര്‍ച്ചയുടെ ബാല്യകാലം അഭിനയിച്ചുകൊണ്ടാണ് ജോമോളിന്റെ അരങ്ങേറ്റം. തുടര്‍ന്ന് പഞ്ചാബി ഹൗസ്, മയില്‍പ്പീലിക്കാവ്, എന്ന് സ്വന്തം ജാനകിക്കുട്ടി, നിറം, പുത്തൂരം പുത്രി ഉണ്ണിയാര്‍ച്ച തുടങ്ങി 19 സിനിമകളില്‍ അഭിനയിച്ചു.

വിവാഹവും ഇടവേളയും
2003 ലാണ് ജോമോളിന്റെ വിവാഹം കഴിഞ്ഞത്. ചന്ദ്രശേഖരന്‍ പിള്ളയെ വിവാഹം ചെയ്ത ജോമോള്‍ ഹിന്ദു മതം സ്വീകരിയ്ക്കുകയും ഗൗരി എന്ന് പേര് മാറ്റുകയും ചെയ്തു. വിവാഹ ശേഷമാണ് രാക്കിളിപ്പാട് എന്ന ചിത്രം ചെയ്തത്. അതോടെ പൂര്‍ണമായും വെള്ളിത്തിരയോട് വിടപറഞ്ഞിരിയ്ക്കുകയായിരുന്നു.


Click it and Unblock the Notifications











