വാളയാര്‍ പരമശിവം മാത്രമല്ല, സി ഐഡി മൂസയ്ക്കും രണ്ടാം ഭാഗം! സ്ഥിരീകരിച്ച് ദിലീപ്
ജനപ്രിയ നായകന്‍ ദിലീപിന്റെ എറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നാണ് സിഐ മൂസ. ജോണി ആന്റണി സംവിധാനം ചെയ്ത സിനിമ നടന്റെ കരിയറില്‍ വലിയ വഴിത്തിരിവാണ് ഉണ്ടാക്കിയത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയൊരുക്കിയ ചിത്രം മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കിയിരുന്നു. ദിലീപിനൊപ്പം കൊച്ചിന്‍ ഹനീഫ, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, ജഗതി ശ്രീകുമാര്‍, ഹരിശ്രീ അശോകന്‍ തുടങ്ങിയവരും ശ്രദ്ധേയ പ്രകടനമായിരുന്നു സിനിമയില്‍ കാഴ്ചവെച്ചത്.
ജോണി ആന്റണിയുടെ ആദ്യ സംവിധാന സംരംഭം കൂടിയായ സിനിമ ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ് തന്നെയായിരുന്നു നിര്‍മ്മിച്ചിരുന്നത്. സി ഐ മൂസയായി ദിലീപ് തകര്‍ത്തഭിനയിച്ച ചിത്രത്തില്‍ മറ്റു താരങ്ങളും ശ്രദ്ധേയ പ്രകടനമായിരുന്നു നടത്തിയത്.

സിഐഡി മൂസയ്ക്ക് ഒരു രണ്ടാം ഭാഗം വരുമെന്ന് മുന്‍പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിരുന്നില്ല. എന്നാല്‍ അടുത്തിടെ സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് ജനപ്രിയ നായകന്‍ ദിലീപ് തന്നെ മനസു തുറന്നിരുന്നു. തന്റെ എറ്റവും പുതിയ ചിത്രമായ ജാക്ക് ഡാനിയേലിന്റെ വിശേഷങ്ങള്‍ ഫേസ്ബുക്ക് ലൈവിലൂടെ പങ്കുവെക്കേവയാണ് നടന്‍ ഇതേക്കുറിച്ച് പറഞ്ഞത്.

തന്റെ അഭിനയ ജീവിതത്തിലെ എറ്റവും വലിയ വിജയങ്ങളായി മാറിയ രണ്ട് കഥാപാത്രങ്ങള്‍ വീണ്ടുമെത്തുമെന്നാണ് ദിലീപ് പറഞ്ഞത്. ജോഷിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ റണ്‍വേയിലെ വാളയാര്‍ പരമശിവും ജോണി ആന്റണിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ സി ഐഡി മൂസയിലെ ഡിറ്റക്ടീവും വീണ്ടുമെത്തുമെന്നാണ് നടന്‍ പറഞ്ഞത്. റണ്‍വേയ്ക്ക് രണ്ടാം ഭാഗം വരുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നെങ്കിലും സി ഐഡി മൂസ രണ്ടാം ഭാഗത്തെക്കുറിച്ച് ആദ്യമായാണ് ദിലീപ് പ്രതികരിച്ചത്.

രണ്ടു കഥാപാത്രങ്ങളും നടന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയ റോളുകളാണ്. 2003 ലായിരുന്നു സി ഐഡി മൂസ പുറത്തിറങ്ങിയിരുന്നത്. മലയാളത്തിലെ ശ്രദ്ധേയ തിരക്കഥാകൃത്തുകളായ ഉദയകൃഷ്ണ സിബികെ തോമസായിരുന്നു സി ഐഡി മൂസയ്ക്ക് വേണ്ടി തിരക്കഥയെഴുതിയിരുന്നത്. റണ്‍വേയ്ക്ക് വേണ്ടിയും ഈ കൂട്ടുകെട്ട് തന്നെയായിരുന്നു തിരക്കഥ എഴുതിയിരുന്നത്.

2004 ലാണ് ദിലീപ് ജോഷി കൂട്ടുകെട്ടില്‍ റണ്‍വേ പുറത്തിറങ്ങിയിരുന്നത്. ആക്ഷന്‍ കോമഡി ആയ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. കാവ്യാ മാധവനായിരുന്നു സിനിമയിലെ നായിക. റണ്‍വേയിലും കൊച്ചിന്‍ ഹനീഫ, ഹരിശ്രീ അശോകന്‍, ജഗതി ശ്രീകുമാര്‍, ഒടുവില്‍ ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ അഭിനയിച്ചിരുന്നു. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കിയ ചിത്രമായിരുന്നു റണ്‍വേ.


Click it and Unblock the Notifications