അന്ന് തിയറ്ററുകള്‍ തീയിട്ടില്ല, രാമലീലയ്ക്ക് 1 വയസ്, പ്രണവിന്റെ ലൊക്കേഷനില്‍ ദിലീപെത്തി!
ജനപ്രിയ നടന്‍ ദിലീപിന്റെ കരിയറിലെ ഹിറ്റ് സിനിമയായി രാമലീല പിറന്നിട്ട് ഇന്നേക്ക് ഒരു വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. നടി ആക്രമിക്കപ്പെട് കേസില്‍ ദിലീപ് ജയിലില്‍ പോയതോടെ ജൂലൈയില്‍ റിലീസിനൊരുങ്ങിയ സിനിമയുടെ റിലീസ് വൈകുകയായിരുന്നു. സെപ്റ്റബംര്‍ അവസാനത്തോടെ തിയറ്ററുകളിലേക്ക് എത്തുമെന്ന് പറഞ്ഞപ്പോള്‍ വലിയ പ്രതിസന്ധിയായിരുന്നു ഉടലെടുത്തത്.

രാമലീല റിലീസ് ചെയ്താല്‍ തിയേറ്റര്‍ കത്തിക്കുമെന്നും സിനിമ ബഹിഷ്‌കരിക്കും പറഞ്ഞ് പല സ്ഥലങ്ങളില്‍ നിന്നും ഭീഷണി ഉയര്‍ന്നിരുന്നു. എന്നാല്‍ അതിനെയെല്ലാം മറികടന്നാണ് അരുണ്‍ ഗോപി രാമലീല തിയറ്ററുകളിൽ എത്തിച്ചത്. റിലീസിനെത്തി ഒരു വര്‍ഷം പൂര്‍ത്തിയായ സിനിമയുടെ സന്തോഷത്തില്‍ പങ്കുചേരാന്‍ ദിലീപ് അരുണ്‍ ഗോപിയുടെ പുതിയ സിനിമയുടെ സെറ്റിലെത്തിയിരുന്നു.
അരുണ്‍ ഗോപിയുടെ സിനിമ
രാമലീലയ്ക്ക് ശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. പ്രണവിനെ നായകനാക്കി ഒരുക്കുന്ന സിനിമയ്ക്ക് തിരക്കഥ എഴുതിയതും അരുണ്‍ ഗോപി തന്നെയാണ്. കാഞ്ഞിരപ്പള്ളിയില്‍ നിന്നും ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ചിത്രം വഗമണ്ണില്‍ നിന്നും രണ്ടാം ഷെഡ്യൂളിന്റെ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. പ്രണവ് വേറിട്ടൊരു ഗെറ്റപ്പിലായിരിക്കും സിനിമയില്‍ അഭിനയിക്കാന്‍ പോവുന്നത്.

ദിലീപുമെത്തി..
2017 സെപ്റ്റംബര്‍ 28 നായിരുന്നു രാമലീല റിലീസിനെത്തിയത്. ഒരു വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ സന്തോഷം അരുണ്‍ ഗോപി ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടിരുന്നു. ഇത്തവണ അരുണിന്റെ പുതിയ സിനിമയുടെ സെറ്റില്‍ ദിലീപും എത്തിയിരിക്കുകയാണ്. ദിലീപിനൊപ്പമുള്ള ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ട് അരുണ്‍ ഗോപി തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചിരിക്കുന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ട്, ലൊക്കേഷന്‍ വിസിറ്റ്, ജനപ്രിയനായകന്‍ എന്നിങ്ങനെ ഹാഷ് ടാഗിലാണ് സംവിധായകന്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഫേസ്ബുക്കിലെ കുറിപ്പ്
രാമലീല റിലീസിനെത്തിച്ച സമയത്തെ അവസ്ഥയെ കുറിച്ച് അരുണ്‍ ഗോപി തുറന്ന് സംസാരിച്ചിരുന്നു. ഇന്ന് ഫേസ്ബുക്കിലൂടെ സംവിധായകന്‍ പറയുന്നതിങ്ങനെയാണ്. സെപ്റ്റംബര്‍ 28 കണ്ണുനീരിന്റെ നനവോടെ അല്ലാതെ ഓര്‍ക്കാനാകാത്ത ദിവസം. കരിദിന ആഹ്വാനങ്ങള്‍ക്കും തിയേറ്റര്‍ തല്ലിപൊളിക്കുമെന്നുള്ള ആക്രോശങ്ങള്‍ക്കും നടുവിലേക്ക് രാമലീല എന്ന കന്നിചിത്രവുമായി ചങ്കിടിപ്പോടെ വന്ന ദിവസം... പക്ഷെ ദൈവവും പ്രേക്ഷകരും കൈവിട്ടില്ല. സ്വപ്ന തുല്യമായ തുടക്കം നല്‍കി അവര്‍ ഞങ്ങളെ അനുഗ്രഹിച്ചു.. നന്ദി പറഞ്ഞാല്‍ തീരാത്ത കടപ്പാടുകള്‍ക്കു നടുവില്‍ ഇതാ ഒരു വര്‍ഷം, രാമലീല കാണരുതെന്ന് വിളിച്ചു കൂവിയ ചാനലുകള്‍ക്കു തല്ലിപൊളിക്കാന്‍ ആക്രോശിച്ചവര്‍ക്കു ബഹിഷ്‌കരിക്കാന്‍ നിര്‍ബന്ധ ബുദ്ധിയോടെ നിന്നവരോട് എല്ലാരോടും നന്ദി മാത്രം മനസ്സ് അനുഗ്രഹിച്ചു നല്‍കിയ ഈ വിജയത്തിന്! സ്‌നേഹപൂര്‍വ്വം... അരുണ്‍ ഗോപി.

ഇരുപത്തിയൊന്നാം നൂറ്റാണ്ട്
പ്രണവ് മോഹന്‍ലാല്‍ ഒരു സര്‍ഫറുടെ വേഷത്തിലെത്തുന്ന ചിത്രമാണിത്. കടലിലെ രംഗങ്ങളായതിനാല്‍ ഗോവയില്‍ നിന്നുമായിരിക്കും കൂടുതലും ചിത്രീകരിക്കുന്നത്. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് ചിത്രം നിര്‍മ്മിക്കുന്നത്. രാമലീലയ്ക്ക് ശേഷം അരുണ്‍ ഗോപിയും ടോമിച്ചന്‍ മുളകുപാടവും വീണ്ടും ഒന്നിക്കുകയാണ്. ആക്ഷന്‍ എന്റര്‍ടെയിന്‍മെന്റ് ആയി നിര്‍മ്മിക്കുന്ന സിനിമയ്ക്ക് പീറ്റര്‍ ഹെയിനാണ്് ആക്ഷന്‍ ഒരുക്കുന്നത്. അഭിനന്ദ് രാമാനുജന്‍ ആണ് ഛായഗ്രഹണം. സംഗീതം ഗോപി സുന്ദര്‍ കൈകാര്യം ചെയ്യും. കലാഭവന്‍ ഷാജോണ്‍, മനോജ് കെ ജയന്‍, ഷാജു ശ്രീധര്‍, അഭിഷേക്, കൃഷ്ണ പ്രസാദ്, എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

ഉദാഹരണം സുജാതയും
ദിലീപ് ചിത്രത്തിനൊപ്പം സെപ്റ്റംബര്‍ 28 ന് മഞ്ജു വാര്യരുടെ ഉദാഹരണം സുജാത എന്ന സിനിമയും റിലീസിനെത്തിയിരുന്നു. അന്ന് രാമലീലയെ തകര്‍ക്കാന്‍ നിന്നവരോട് മലയാളത്തിന്റെ ലേഡീ സൂപ്പര്‍ സ്റ്റാര്‍ ഒരു അപേക്ഷയുമായി എത്തിയിരുന്നു. ഈ സിനിമ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനം പലയിടത്തുനിന്നും ഉയരുന്നുണ്ട്. തീയറ്റര്‍ കത്തിക്കണമെന്ന ആക്രോശത്തില്‍ വരെയെത്തി അത്. പക്ഷേ ആ നിലപാട് ദൗര്‍ഭാഗ്യകരമാണെന്ന് പറയട്ടെ. വ്യക്തിപരമായ വിയോജിപ്പുകളും എതിര്‍പ്പുകളും കാണിക്കേണ്ടത് സിനിമയോടല്ല. ഒരു സിനിമയും ഒരാളുടേത് മാത്രമല്ല. സിനിമ ഒരാളല്ല, ഒരുപാടു പേരാണ്. അവര്‍ അതില്‍ നിക്ഷേപിക്കുന്നത് പണമോ അധ്വാനമോ സര്‍ഗ്ഗവൈഭവമോ മാത്രമല്ല. പ്രതിഫലം വാങ്ങി പിരിയുന്നതോടെ തീരുന്നതല്ല ആ ബന്ധം.

അത് സംഭവിച്ചുകൂടാ...
സിനിമ നന്നായി വിജയിക്കുമ്പോഴും അത് പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടു എന്നറിയുമ്പോഴുമാണ് അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ യഥാര്‍ഥത്തില്‍ ആനന്ദിക്കുന്നത്. അത് പണത്തേക്കാള്‍ വലുതാണ് താനും. അതിനുവേണ്ടിയാണ് അവര്‍ രാപകലില്ലാതെ പ്രയത്നിക്കുന്നതും. സിനിമയെന്നത് അനേകം കുടുംബങ്ങളുടെ ആശ്രയമായ വ്യവസായമാണ്. ഒരുപാടുപേരുടെ അന്നവും മരുന്നും പാഠപുസ്തകവുമെല്ലാമാണ്. സിനിമയെ തീയറ്ററുകളില്‍നിന്ന് അകറ്റിയാല്‍ ഈ വ്യവസായത്തില്‍ നിക്ഷേപിക്കാന്‍ നിര്‍മാതാക്കളുണ്ടാകില്ല. അതോടെ തകരുന്നത് ഒട്ടേറെ കുടുംബങ്ങളും സ്വപ്നങ്ങളുമാണ്. അത് സംഭവിച്ചുകൂടാ.

രാമലീല' പ്രേക്ഷകര്‍ കാണട്ടെ
'രാമലീല' ടോമിച്ചന്‍ മുളകുപാടം എന്ന നിര്‍മാതാവിന്റെ കോടിക്കണക്കിന് രൂപയുടെ നിക്ഷേപമാണ്. അതുപോലെ വര്‍ഷങ്ങളായി സിനിമയെ മാത്രം മനസ്സിലിട്ടുനടക്കുന്ന അരുണ്‍ഗോപി എന്ന നവാഗത സംവിധായകന്റേത് കൂടിയാണ്. അതിലെ അഭിനേതാക്കളുടെ മുഖങ്ങള്‍ക്ക് നേരെ പ്രകാശം പ്രതിഫലിപ്പിച്ച, അവര്‍ക്കായി വച്ചുവിളമ്പിയ ക്രെഡിറ്റ് കാര്‍ഡില്‍പോലും പേര് വരാത്തവരുടേയുമാണ്. സിനിമ തീയറ്ററിലെത്തിക്കാനും അത് പ്രേക്ഷകന്‍ കാണണമെന്ന് ആഗ്രഹിക്കാനും ഇവര്‍ക്കെല്ലാം അവകാശമുണ്ട്. അതിനെ നിഷേധിക്കാന്‍ നമുക്ക് അധികാരമില്ല. അങ്ങനെ ചെയ്താല്‍ അത് സിനിമയോട് ചെയ്യുന്ന അനീതിയാണ്. നാളെ, കാലം നമുക്ക് മാപ്പുതരില്ല. 'രാമലീല' പ്രേക്ഷകര്‍ കാണട്ടെ... കാഴ്ചയുടെ നീതി പുലരട്ടെ...


Click it and Unblock the Notifications











