ചിരി പരത്താന്‍ ദിലീപ്-സുരാജ് ജോഡി
നായകനും കൂട്ടുകാരനും ചേര്‍ന്ന് സിനിമയിലുടനീളം രസഗുണ്ടുകള്‍ പൊട്ടിക്കുന്ന അനുഭവം പ്രേക്ഷകരെ എന്നും രസിപ്പിച്ചിട്ടുണ്ട്. കിലുക്കത്തിലെ മോഹന്‍ലാല്‍-ജഗതി കൂട്ടുകെട്ടും നാടോടിക്കാറ്റിലെ മോഹന്‍ലാല്‍-ശ്രീനിവാസന്‍ ജോഡിയെയും പ്രേക്ഷകര്‍ മറയ്ക്കുന്നതെങ്ങനെ?
പഞ്ചാബി ഹൗസില്‍ ദിലീപ് ഹരിശ്രീ അശോകനൊപ്പം ചേര്‍ന്ന് പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ചു. ഈ പറക്കും തളികയിലും ഇതേ കൂട്ടുകെട്ട് തന്നെ നോണ്‍ സ്റ്റോപ്പ് കോമഡിയിലൂടെ പ്രേക്ഷകരെ രസിപ്പിച്ചു. സലിംകുമാറുമൊത്തും ദിലീപ് ചിരിജോഡിയായിട്ടുണ്ട്. ഹരിശ്രീ അശോകനും സലിംകുമാറിനു ശേഷം ഇപ്പോള്‍ സുരാജ് വെഞ്ഞാറമ്മൂട് തരംഗമാണ്. ദിലീപിന്റെ കൂട്ടുകാരനായി നിലയ്ക്കാത്ത ചിരിയുടെ അമിട്ടുകള്‍ പൊട്ടിക്കാന്‍ ഇനിയെത്തുന്നത് സുരാജ് വെഞ്ഞാറമ്മൂടാണ്.
രാജസേനന്‍ സംവിധാനം ചെയ്യുന്ന റോമിയോയിലാണ് നായകനും കൂട്ടുകാരനുമായി ദിലീപ് സുരാജ് വെഞ്ഞാറമ്മൂട് ജോഡി പ്രത്യക്ഷപ്പെടുന്നത്. മെയില്‍ നഴ്സായ മനുകൃഷ്ണനായി ദിലീപ് വേഷമിടുമ്പോള്‍ കൂട്ടുകാരനായ പ്രശാന്ത് കുന്നുംപുറം എന്ന കഥാപാത്രത്തെയാണ് സുരാജ് അവതരിപ്പിക്കുന്നത്.
എന്നെങ്കിലും സിനിമയില്‍ മുഖം കാണിക്കാനാവുമെന്ന മോഹവുമായി നടക്കുന്നയാളാണ് പ്രശാന്ത് കുന്നുംപുറം. ചാന്‍സ് ചോദിച്ച് സിനിമാ ഷൂട്ടിംഗ് നടക്കുന്നിടത്തൊക്കെ പ്രശാന്ത് കയറിയിറങ്ങും. മനുവിന്റെ അച്ഛന്‍ രതീഷ് കുമാര്‍ സിനിമയില്‍ മുഖം കാണിച്ചിട്ടുണ്ട്. പ്രശസ്തനായ നടനൊന്നുമല്ലെങ്കിലും രതീഷ് കുമാറിനെ പ്രശാന്ത് കാണുന്നത് സൂപ്പര്‍സ്റ്റാറിനെ പോലെയാണ്. തന്റെ അഭിനയമോഹം സാക്ഷാത്കരിക്കാന്‍ രതീഷ് കുമാര്‍ ഒരു തുണയാവുമെന്ന പ്രതീക്ഷയാണ് പ്രശാന്തിനുള്ളത്.
രതീഷ് കുമാറിനെ കാണാന്‍ പ്രശാന്ത് ഇടയ്ക്കിടെ വീട്ടില്‍ വരും. അച്ഛന്റെ ആരാധകന്‍ ക്രമേണ മകന്റെ സുഹൃത്തായി. അച്ഛന്റെ കാര്യങ്ങളിലെന്ന പോലെ മകന്റെ കാര്യങ്ങളിലും ഇടപെടാന്‍ പ്രശാന്തെത്തും. മനുകൃഷ്ണന്‍ ഒന്നിനു പിറകെ ഒന്നായി പ്രണയങ്ങളില്‍ കുടുങ്ങുകയും അത് മൂലം പ്രശ്നങ്ങളുടലെടുക്കുകയും ചെയ്യുമ്പോള്‍ അത് പരിഹരിക്കാന‍് കൂടെ നില്‍ക്കുന്നത് പ്രശാന്താണ്.
മനുകൃഷ്ണനും പ്രശാന്തുമായി ദിലീപും സുരാജും ചിരിയുടെ മുഹൂര്‍ത്തങ്ങളൊരുക്കുമ്പോള്‍ പുതിയൊരു കൂട്ടുകെട്ടാണ് പിറക്കുന്നത്.


Click it and Unblock the Notifications