'ജോളി' ആയി എത്തും! കൂടത്തായി സിനിമയുമായി മുന്നോട്ട് പോവുമെന്ന് ഡിനി ഡാനിയേല്‍!
കൂടത്തായി കൂട്ടകൊലപാതകത്തെ ആസ്പദമാക്കിയുളള സിനിമകള്‍ കഴിഞ്ഞ ദിവസങ്ങളിലായിരുന്നു പ്രഖ്യാപിച്ചിരുന്നത്. കൂടത്തായി പ്രമേയമാക്കി മോഹന്‍ലാല്‍ അന്വേഷണ ഉദ്യോഗസ്ഥനായി എത്തുന്ന സിനിമ ആന്റണി പെരുമ്പാവൂര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ചിത്രീകരണം ഫെബ്രുവരിയില്‍ ആരംഭിച്ചേക്കുമെന്നുളള വിവരങ്ങളും ആന്റണി പെരുമ്പാവൂര്‍ പുറത്തുവിട്ടിരുന്നു. തുടര്‍ന്നാണ് കൂടത്തായ് എന്ന സിനിമയുടെ ഔദ്യോഗിക ജോലികള്‍ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നുവെന്നും സിനിമയുടെ പോസ്റ്ററും തങ്ങള്‍ പുറത്തുവിട്ടിരുന്നുവെന്നും പറഞ്ഞ് നടി ഡിനി ഡാനിയേല്‍ രംഗത്തെത്തിയിരുന്നത്.
തങ്ങളുടെ സിനിമ തുടങ്ങിയതിന് പിന്നാലെയാണ് ആന്റണി പെരുമ്പാവൂരും ഈ വിഷയം സിനിമയാക്കുന്നുവെന്ന് കേട്ടത്. ഇനിയിപ്പോ എന്ത് എന്ന് പറഞ്ഞായിരുന്നു നടിയുടെ കുറിപ്പ് വന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മോഹന്‍ലാല്‍-ആന്റണി പെരുമ്പാവൂര്‍ സിനിമയെക്കുറിച്ചുള്ള പത്രകട്ടിംഗും പങ്കുവെച്ചായിരുന്നു ഡിനി പോസ്റ്റുമായി എത്തിയിരുന്നത്. അതേസമയം കൂടത്തായി സംഭവം ആസ്പദമാക്കിയുളള സിനിമയുമായി മുന്നോട്ട് പോവുമെന്ന് പറഞ്ഞ് ഡിനി വീണ്ടും ഫേസ്ബുക്കില്‍ എത്തിയിരുന്നു.

കൂടത്തായി യാതൊരു മല്‍സരങ്ങള്‍ക്കും വേണ്ടിയുളള ഒരു സിനിമ അല്ല, യാതൊരു മുന്‍വിധികള്‍ക്ക് വേണ്ടിയുളളതുമല്ല. ഇതിനെ വെറും ഒരു സിനിമ ആയി കാണാന്‍ അപേക്ഷ എന്നാണ് ഡിനി ഡാനിയേല്‍ പുതിയ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. ഡിനിയുടെ വാക്കുകള്‍ ഇങ്ങനെ: കേരളത്തില്‍ 1966 ഇലെ മറിയക്കുട്ടി കൊലക്കേസിനെ ആസ്പദമാക്കിയും രണ്ട് സിനിമകള്‍ ഉണ്ടാക്കപ്പെട്ടു. പത്തനംതിട്ട ജില്ലയിലെ റാന്നിയില്‍ വഴിവക്കില്‍ മറിയക്കുട്ടി എന്ന വിധവയുടെ ജഡം കണ്ടത് പിന്നീട് രണ്ടു സിനിമകള്‍ക്ക് ആധാരമായി.

ഒരേ സമയം വാശിയോടെ വന്ന സിനിമകളുടെ നിര്‍മ്മാണ രംഗത്തു നിന്ന് രണ്ട് ബാനറുകളും തുടക്കം മുതലേ പിന്‍മാറിയില്ല. 1967 ല്‍ ജൂണ്‍ മാസത്തില്‍ തന്നെ രണ്ടു ചിത്രങ്ങളും റിലീസായിരുന്നു. എക്‌സല്‍ പ്രൊസക്ഷന്റെ ബാനറില്‍ കുഞ്ചാക്കോ സംവിധാനം ചെയ്ത 'മൈനത്തരുവി കൊലക്കേസ്' ഇല്‍ ഷീലയും സത്യനുമായിരുന്നു അഭിനയിച്ചത്.

തോമസ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ പി എ തോമസ് സംവിധാനം ചെയ്ത 'മാടത്തരുവി കൊലക്കേസ് ' ഇല്‍ കെ.പി ഉമ്മര്‍ , ഉഷാകുമാരി എന്നിവര്‍ വേഷമിട്ടു. ഈ കേസില്‍ 1967 ആദ്യം പള്ളി വികാരിയെ വധശിക്ഷയ്ക്ക് വിധിച്ച കീഴ് കോടതിയുടെ ഉത്തരവിനെതിരെ കാതോലിക്കാസഭ കേസ് ഏറ്റെടുത്തു 1967 ഇല്‍ തന്നെ ഹൈക്കോടതിയില്‍ നിന്നും വിടുതല്‍ ചെയ്തു വാങ്ങി.

34 കൊല്ലങ്ങള്‍ക്കു ശേഷം 2000 ആണ്ടില്‍ പ്രസ്തുത വൈദികന്‍ കുറ്റക്കാരനല്ല എന്ന് പിന്നീടുണ്ടായ അന്വേഷണത്തിലൂടെ തെളിഞ്ഞു. കുമ്പസാര രഹസ്യമായ യഥാര്‍ത്ഥ കൊലയാളിയുടെ വിവരം കോടതിയ്ക്ക് കൈമാറാന്‍ തയ്യാറാകാതെ ശിക്ഷ ഏറ്റുവാങ്ങാന്‍ മടി കാട്ടാതിരുന്ന വികാരി ഒടുവില്‍ കുറ്റക്കാരനല്ല എന്ന് തെളിഞ്ഞത് പില്‍ക്കാലത്തും വന്‍ വാര്‍ത്തയായിരുന്നു. ഇതിനോടനുബന്ധിച്ചു ഒരേ സമയം ഇറങ്ങിയ സിനിമകള്‍ രണ്ടും അക്കാലത്തു വന്‍ വിജയമായിരുന്നു താനും.
Recommended Video

കൂടത്തായി യാതൊരു മത്സരങ്ങള്‍ക്കും വേണ്ടിയുള്ള ഒരു സിനിമ അല്ല. യാതൊരു മുന്‍വിധികള്‍ക്കു വേണ്ടിയുള്ളതുമല്ല .ഇതിനെ വെറും ഒരു സിനിമ ആയി കാണാന്‍ അപേക്ഷ, ഡിനി ഫേസ്ബുക്കില്‍ കുറിച്ചു. അതേസമയം കൂടത്തായി കൊലപാതപരമ്പര ആസ്പദമാക്കിയുളള ചിത്രത്തില്‍ ജോളിയായി ഡിനി തന്നെയാണ് വേഷമിടുന്നത്. വിജീഷ് തുണ്ടത്തിലാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. അലക്‌സ് ജേക്കബ് സിനിമ നിര്‍മ്മിക്കുന്നു. മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഒന്നടങ്കം സുപരിചിതയായ താരമാണ് ഡിനി ഡാനിയേല്‍. നാദിര്‍ഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്‍ എന്ന ചിത്രത്തിലും ചെറിയ റോളില്‍ നടി അഭിനയിച്ചിരുന്നു.


Click it and Unblock the Notifications