ഒരു മികച്ച കലാകാരന്‍ എന്നും മികച്ച മനുഷ്യ സ്‌നേഹിയായിരിക്കും! മമ്മൂട്ടിയെക്കുറിച്ച് ആലപ്പി അഷ്റഫ്
കൊറോണ വൈറസ് വ്യാപനം തടയാനായി ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്നത്. പുറത്തിറങ്ങാതെ വീട്ടില്‍ തന്നെ സുരക്ഷിതരായിരിക്കാനാണ് സര്‍ക്കാരുകള്‍ ജനങ്ങളോട് നിര്‍ദ്ദേശിച്ചത്. കോവിഡ് സമയത്തെ ലോക് ഡൗണ്‍ സിനിമാ മേഖലയെയും നിശ്ചലമാക്കിയിരുന്നു. നിരവധി സിനിമകളുടെ റിലീസും ഷൂട്ടിംഗുമാണ് വെെറസ് വ്യാപനം കാരണം മാറ്റിവെച്ചത്. കൊറോണ ബോധവല്‍ക്കരണവുമായി സിനിമാ താരങ്ങളും രംഗത്തെത്തുന്നുണ്ട്.
Recommended Video

ഒപ്പം ദുരിതമനുഭവിക്കുന്ന സഹപ്രവര്‍ത്തകരെ സഹായിക്കുകയും ചെയ്തിരുന്നു താരങ്ങള്‍. കോവിഡ് കാലത്ത് തന്റെ സുരക്ഷയെക്കുറിച്ച് അന്വേഷിച്ച മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് നന്ദി അറിയിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് രംഗത്ത് എത്തിയിരുന്നു. ഒരു മികച്ച കലാകാരന്‍ എന്നും മികച്ച മനുഷ്യ സ്‌നേഹിയായിരിക്കും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് മമ്മൂട്ടിയെന്ന് ഫേസ്ബുക്കില്‍ സംവിധായകന്‍ പറയുന്നു.
ആലപ്പി അഷ്‌റഫിന്റെ വാക്കുകളിലേക്ക്:
സ്‌നേഹത്തിന്റെ മഞ്ഞുതുള്ളി
ഈ കോവിഡ് കാലത്ത് മനസാകെ കലുഷിതമായിരിക്കുമ്പോള്‍ ഇന്നലെ വൈകിട്ട് മനസിലൊരു മഞ്ഞുതുള്ളി പതിഞ്ഞു. പഴയ സൗഹൃദത്തിന്റെ കുളിര്‍മയില്‍ നിന്നും.. അപ്രതീക്ഷിതമായി ഒരു മിസ് കോള്‍ ശ്രദ്ധയില്‍പ്പെട്ടു. മമ്മൂട്ടിയുടെതാ. തെറ്റുപറ്റി വന്നതായിരിക്കും എന്ന് വിചാരിച്ചപ്പോള്‍ അതാ വീണ്ടും എത്തി വിളി, സാക്ഷാല്‍ മമ്മൂട്ടി.
അതെ..എന്റെ സുരക്ഷയെ കുറിച്ച് അന്വേഷിക്കാന്‍. സേഫാണോ, ഈ പ്രതിസന്ധിയെ എങ്ങിനെ അഭിമുഖീകരിക്കുന്നു, ക്ഷേമാന്വേഷണം, കുടുബ വിശേഷം, എന്തെങ്കിലും സഹായം ആവശ്യമുണ്ടോ..?. എല്ലാത്തിനും നന്ദി പറഞ്ഞപ്പോള്‍. പിന്നെ അദ്ദേഹത്തിന്റെ ഒത്തിരി വിശേഷങ്ങളെല്ലാം ഇങ്ങോട്ടും പറഞ്ഞു.
ഇത് എന്റെ പ്രിയപ്പെട്ട എഫ്ബി സുഹൃത്തുക്കളോട് പങ്കുവെക്കാന്‍ കാരണം. എത്ര വല്യ കലാകാരനായാലും ഔന്നിത്യവും മനുഷ്യ സ്‌നേഹവും ഇല്ലെങ്കില്‍ അയാള്‍ ഒരു തികഞ്ഞ പരാജയമായിരിക്കും. ഒരു മികച്ച കലാകാരന്‍ എന്നും മികച്ച മനുഷ്യ സ്‌നേഹിയായിരിയ്ക്കും. അതിന്റെ ഉത്തമ ഉദാഹരണമാണ് നമ്മുടെ മമ്മുട്ടീ. ബിഗ് സല്യൂട്ട്. ആലപ്പി അഷ്‌റഫ് ഫേസ്ബുക്കില്‍ കുറിച്ചു.
നേരത്തെ നടന്‍ മോഹന്‍ലാലും സഹപ്രവര്‍ത്തകരെ വിളിച്ച് അവരുടെ കാര്യങ്ങള്‍ ചോദിച്ച് അറിഞ്ഞിരുന്നു. കൊറോണ കാലത്തും സമൂഹ മാധ്യമങ്ങളില്‍ സജീവമാണ് സൂപ്പര്‍ താരങ്ങള്‍. ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായ ഹസ്തവുമായും താരങ്ങള്‍ രംഗത്ത് എത്തുന്നുണ്ട്. ഇതും നമ്മള്‍ അതിജീവിക്കും എന്ന് പറഞ്ഞുകൊണ്ടാണ് കൊറോണ ബോധവല്‍ക്കരണ പോസ്റ്റുകള്‍ മിക്കവരും പങ്കുവെക്കാറുളളത്.


Click it and Unblock the Notifications