മോഹന്‍ലാലിൻ്റെ നെയ്യാറ്റിൻകര ഗോപൻ്റെ ആറാട്ട് ഉടനെ എത്തും; സാഹചര്യം വിലയിരുത്തണമെന്ന് ബി ഉണ്ണികൃഷ്ണൻ
കേരളത്തില്‍ വീണ്ടും തിയറ്ററുകള്‍ തുറക്കുമെന്ന അറിയിപ്പ് വന്നതിന്റെ ആവേശത്തിലാണ് സിനിമാപ്രേമികള്‍. ഒക്ടോബര്‍ ഇരുപത്തിയഞ്ച് മുതല്‍ സിനിമകള്‍ തിയറ്ററിലേക്ക് എത്തുമെന്നാണ് അറിയുന്നത്. അതേ സമയം മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ആറാട്ടിന്റെ റിലീസിനെ കുറിച്ച് സൂചിപ്പിച്ച് സംവിധായകന്‍ തന്നെ എത്തിയിരിക്കുകയാണ്. നവംബറോട് കൂടിയായിരിക്കും ആറാട്ട് റിലീസ് ചെയ്യുക എന്നാണ് ഉണ്ണികൃഷ്ണന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്. എന്തായാലും ദീപാവലിയ്ക്ക് മുന്നോടിയായി സിനിമ എത്തുമോ എന്ന് തുടങ്ങി നിരവധി സംശയങ്ങള്‍ ചോദിച്ച് ആരാധകരും എത്തുന്നുണ്ട്.
''സംസ്ഥാനത്ത് തീയറ്ററുകള്‍ തുറക്കാന്‍ പോവുന്ന സാഹചര്യത്തില്‍ 'ആറാട്ടി'ന്റെ റിലിസിനെ കുറിച്ച് മാധ്യമങ്ങളും സിനിമാ വ്യവസായമായി ബന്ധപ്പെട്ട ആളുകളും പ്രേക്ഷകരും ചോദിച്ചു കൊണ്ടിരിക്കുന്നു. 'ആറാട്ട്' തീയറ്ററുകളില്‍ റിലിസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍, വലിയ മുതല്‍ മുടക്കുള്ള ഒരു സിനിമ റിലിസ് ചെയ്യുന്നതിനു മുന്‍പ് സാഹചര്യങ്ങള്‍ കണിശമായി വിലയിരുത്തേണ്ടതുണ്ട്. അതു കൊണ്ട് തന്നെ നവംബര്‍ മാസത്തോട് കൂടി മാത്രമേ ' ആറാട്ട്' എന്ന് തീയറ്ററുകളില്‍ എത്തുമെന്നത് പറയാന്‍ സാധിക്കൂ. പിന്തുണയ്ക്കും സ്‌നേഹത്തിനും നന്ദി. എന്നുമാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെ ബി ഉണ്ണികൃഷ്ണന്‍ സൂചിപ്പിച്ചിരിക്കുന്നത്.

അതേ സമയം നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട് വിസ്മയങ്ങള്‍ ദീപാവലിക്ക് തീയറ്ററില്‍ കാണുവാന്‍ പ്രേക്ഷകര്‍ ആഗ്രഹിക്കുന്നതായിട്ടാണ് ചിലര്‍ പറയുന്നത്. നവംബറില്‍ റിലീസിനെത്തുമെന്ന് സംവിധായകന്‍ സൂചന നല്‍കിയ സ്ഥിതിയ്ക്ക് ആറാട്ട് ദീപാവലി റിലീസ് ആയിരിക്കുമെന്നാണ് ഭൂരിഭാഗം പേരും കമന്റുകളിലൂടെ പറയുന്നത്. ആറാട്ട് വലിയ വിജയമാകട്ടെ എന്ന് ആശംസിക്കുന്നതിനൊപ്പം മറ്റ് ചില കാര്യങ്ങള്‍ കൂടി ആരാധകര്‍ മുന്നോട്ട് വെക്കുന്നുണ്ട്. സിനിമാ തീയേറ്റര്‍ തുറക്കുന്നത് സ്വാഗതാര്‍ഹമായ തീരുമാനമാണ്. ഒരുപാട് ചിത്രങ്ങള്‍ തുടങ്ങുകയും. കലാരംഗത്തുള്ളവര്‍ക്ക് പ്രത്യേകിച്ച് സിനിമ മേഖലയില്‍ ഉള്ളവര്‍ക്ക് തൊഴിലും അവസരങ്ങളും ലഭിക്കുമല്ലോ. അതേ സമയം കൊവിഡിന്റെ ആശങ്കകള്‍ ആരും മറന്ന് പോവരുതെന്ന മുന്നറിയിപ്പ് കൂടി ചിലര്‍ മുന്നോട്ട് വെക്കുന്നു.

ഏത് സിനിമയായാലും തിയറ്റര്‍ റിലീസ് തന്നെയാണ് പ്രേക്ഷകന് കൂടുതല്‍ ആനന്ദകരമായ കാര്യം. ലാലേട്ടന്റെ സിനിമയാകുമ്പോള്‍ പിന്നെ പറയുകയും വേണ്ട. ആളും ആരവങ്ങളും ആഘോഷമാക്കുന്ന അഭ്രപാളികളിലെ വെടിക്കെട്ടിനായ് പ്രേക്ഷകര്‍ കട്ട വെയിറ്റിംഗിലാണ്. ആറാട്ട് ഒരു ആഘോഷമാകട്ടെ എന്നാണ് ഒരു ആരാധകന്‍ കമന്റിട്ടിരിക്കുന്നത്. ഏറെ കാലത്തിന് ശേഷം തിയറ്റരര്‍ തുറക്കുമ്പോള്‍ ഇറങ്ങുന്ന ആദ്യ സിനിമ ഒരു സൂപ്പര്‍ സ്റ്റാറിന്റെ തന്നെ ആവട്ടേ എന്നാണ് ആഗ്രഹം. രണ്ടു വര്‍ഷമായി പ്രേക്ഷകര്‍ക്കുള്ള ഒരു അകല്‍ച്ച മാറിക്കിട്ടും. ഈ ഒരു അകല്‍ച്ച പാവങ്ങളായ നിര്‍മ്മാതാക്കള്‍ക്ക് ഒരു അനുഗ്രഹം കൂടിയാണ്.
Recommended Video
ഇരുപത്തിയഞ്ചാം തീയ്യതി മുതലാണ് കേരളത്തില്‍ തിയേറ്ററുകള്‍ വീണ്ടും തുറക്കുന്നത്. അവിടെ ആദ്യമെത്തുന്ന ചലച്ചിത്രം ഏതാണെങ്കിലും അത് സാമ്പത്തികമായി വിജയം തന്നെയായിരിക്കുമെന്ന പ്രവചനം കൂടി ചിലര്‍ മുന്നോട്ട് വെക്കുന്നുണ്ട്. അതേ സമയം ഇത്രയും നാളും തുറക്കുന്നില്ല തുറക്കുന്നില്ല എന്നായിരുന്നു ഇപ്പോള്‍ തുറന്നപ്പോള്‍ എന്തിനു ആണ് ടൈം നീട്ടി വയ്ക്കുന്നത്. സിനിമ വേഗം റിലീസ് ചെയ്തൂടേ എന്ന പരിഭവം പറച്ചിലും ആരാധകര്‍ മുന്നോട്ട് വെക്കുന്നുണ്ട്.
ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ആറാട്ടിന് ഉദയ്കൃഷ്ണയാണ് തിരക്കഥ ഒരുക്കുന്നത്. നേരത്തെ ഒക്ടോബര്‍ പതിനാലിന് സിനിമയുടെ റിലീസ് തീരുമാനിച്ചെങ്കിലും തിയറ്ററുകള്‍ തുറക്കാത്ത സാഹചര്യത്തില്‍ നീണ്ട് പോവുകയായിരുന്നു. മാടമ്പി, ഗ്രാന്‍ഡ് മാസ്റ്റര്‍, മിസ്റ്റര്‍ ഫ്രോഡ്, വില്ലന്‍ എന്നീ സിനിമകള്‍ക്ക് ശേഷം മോഹന്‍ലാലും ബി ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന സിനിമയാണെന്ന പ്രത്യേകതയോടെയാണ് ആറാട്ട് എത്തുന്നത്.


Click it and Unblock the Notifications











