മിസ്റ്റര്‍ ഫ്രോഡ് റിലീസിങ് വിവാദം ഒരു ഒത്തുകളിയോ?
മലയാള സിനിമയിലെ ഒടുവിലത്തെ വിവാദനാടകമായിരുന്നു മോഹന്‍ലാല്‍ നായകനായ മിസ്റ്റര്‍ ഫ്രോഡിന്റെ റിലീസിങ് തര്‍ക്കം. സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്റെ പ്രേരണകൊണ്ട് ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്റെ കൊച്ചിയിലെ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ നിന്ന് അമ്മ, ഫെഫ്ക സംഘടനകള്‍ മാറി നിന്നെന്നാരോപിച്ചാണ് തിയേറ്റര്‍ ഉടമകള്‍ ചിത്രത്തിന്റെ റിലീസിങ് തടഞ്ഞത്.
തീരെ ബാലിശമായ ഈ ഒരു കാര്യംകൊണ്ട് ഒരു സിനിമ റിലീസ് ചെയ്യുന്നില്ല എന്ന് തിയേറ്ററുടമകള്‍ നിലപാടെടുക്കുമോ. മിസ്റ്റര്‍ ഫ്രോഡിന്റെ റിലീസിങ് വിവാദത്തിന് പിന്നില്‍ ഒരു ഒത്തുകളി മണക്കുന്നില്ലേ എന്നാണ് ചിലരുടെ ചോദ്യം. ഒരു ഓണ്‍ലൈന്‍ ചാനലിന് അനുവദിച്ച അഭമുഖത്തില്‍ സംവിധായന്‍ ബി ഉണ്ണികൃഷ്ണനോട് ഈ ചോദ്യം ചോദിച്ചപ്പോള്‍ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു പ്രതികരണം.

എന്താണ് നടക്കുന്നതെന്ന് മനസ്സിലാകാത്തതുകൊണ്ടാണ് ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിക്കാതിരുന്നതെന്നും പരസ്പരം ബഹുമാനിക്കുന്ന സിനിമാ സംഘടനകള്‍ തമ്മില്‍ എന്തോ വലിയ സ്പര്‍ധയുണ്ടെന്ന് വരുത്തി തീര്‍ക്കാനുള്ള വ്യാജ പ്രചാരണമാണ് നടന്നതെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
ഇനി ഇങ്ങനെയൊക്കെ സംഭവിച്ചത് സിനിമയ്ക്ക് ഗുണം ചെയ്യുമോ എന്നാണ് ചിലരുടെ സംശയം. സിനിമ ആദ്യം പ്രദര്‍ശനത്തിനെത്തുമ്പോള്‍ വിവാദങ്ങള്‍ പുറകില്‍ പോകും. വിവാദങ്ങള്‍ സിനിമയെ രക്ഷിക്കുമെന്നോ ശിക്ഷിക്കുമെന്നോ ഉള്ള അഭിപ്രായമില്ല. സിനിമ ഒരുല്‍പന്നമാണ്. അതിന്റെ മികവാണ് തിയേറ്ററില്‍ വിലയിരുത്തപ്പെടുന്നത് - ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
റിലീസിങ് ഇനിയധികം വൈകില്ലെന്നും അദ്ദേഹം പ്രതീക്ഷയര്‍പ്പിച്ചു. മോഹന്‍ലാലിനെ നായകനാക്കി മാടമ്പയും ഗ്രാന്റ് മാസ്റ്ററും ഒരുക്കിയ ബി ഉണ്ണികൃഷ്ണന്‍ ഏറെ പ്രതീക്ഷയോടെയാണ് മിസ്റ്റര്‍ ഫ്രോഡിലേക്ക് കടന്നത്. മോഹന്‍ലാലിനെ ഒരു പ്രേക്ഷകന്‍ എങ്ങനെ കാണണം എന്ന് ചിന്തിച്ചാണ് സിനിമയെരുക്കിയതെന്ന് സംവിധായകന്‍ പറയുന്നു.


Click it and Unblock the Notifications











