'അവളെ കാണാൻ വേണ്ടി മാത്രം കുർബാനയ്ക്ക് പോയി', പ്രണയകാലം ഓർത്തെടുത്ത് ജീത്തു ജോസഫ്
മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകരിൽ ഒരാളാണ് ജീത്തു ജോസഫ്. ദൃശ്യം എന്ന ചിത്രം തീർത്ത വിസ്‍മയകരമായ വിജയത്തിന്റെ അലയൊലികൾ ഇന്നും അവസാനിച്ചിട്ടില്ല. ദൃശ്യം ഒന്നും ദൃശ്യം രണ്ടും മലയാള ചരിത്രത്തിന്റെ അവിസ്‍മരണീയ ഏടുകളുമാണ്. മോഹൻലാൽ നായകനായ ചിത്രം ട്വൽത്ത് മാൻ ആണ് ജീത്തു ജോസഫിന്റേതായി ഇനി പ്രദർശനത്തിന് എത്താനുള്ളത്. ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നുമാണ് ഇത്. ദൃശ്യം 2 എന്ന വൻ ഹിറ്റിന് ശേഷം മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രമാണ് ട്വൽത്ത് മാൻ. കെ.ആർ കൃഷ്‍ണകുമാറിന്റെ തിരക്കഥയിലാണ് ട്വൽത്ത്‍മാൻ എത്തുക.
നാൽപത്തിയൊമ്പതുകാരനായ ജീത്തു ജോസഫിന്റേത് പ്രണയ വിവാഹമായിരുന്നു. ചെറുപ്പം മുതൽ പള്ളിയിൽ വെച്ച് സ്ഥിരമായി കാണുമായിരുന്ന പെൺകുട്ടിയെയാണ് ജീത്തു ജോസഫ് പ്രേമിച്ച് വിവാഹം ചെയ്തത്. ജീത്തുവിന്റെ ജീവിത പങ്കാളിയായ ലിന്റയെ താൻ കണ്ടെത്തിയത് എങ്ങനെയാണ് എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ ജീത്തു ജോസഫ്. ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിലാണ് തന്റെ പ്രണയ കഥഥ ജീത്തു ജോസഫ് വെളിപ്പെടുത്തിയത്.

പള്ളിയിൽ വെച്ചുകണ്ടെത്തിയ പെൺകുട്ടിയുമായി പിന്നീട് പരിചയത്തിലാവുകയും പ്രണയം പറയുകയും ശേഷം വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം ചെയ്യുകയുമായിരുന്നുവെന്നും ജീത്തു ജോസഫ് പറഞ്ഞു. തങ്ങളുടേത് ലവ് കം അറേഞ്ച്ഡ് മാരേജ് ആയിരുന്നുവെന്നും മലയാളത്തിന് നിരവധി ത്രില്ലർ സിനിമകൾ സമ്മാനിച്ചിട്ടുള്ള ജീത്തു ജോസഫ് പറയുന്നു. 'ഡിഗ്രി കഴിഞ്ഞ് നിൽക്കുന്ന സമയത്താണ് ഇടക്ക് പള്ളിയിൽ പോകുമ്പോൾ ഒരു പെൺകുട്ടിയെ കുറിച്ച് സുഹൃത്തുക്കൾ പറയുന്നത് കേട്ടത്. ആരാണ് ഈ കുട്ടി എന്നറിയാനുള്ള ആകാംക്ഷയിലാണ് പിന്നീട് പളളിയിലേക്ക് എത്തിയത്. പള്ളിയിൽ വെച്ചുകണ്ടെത്തിയ പെൺകുട്ടിയുമായി പിന്നീട് പരിചയമായി. ഏറ്റവും ഒടുവിൽ ഞാൻ ആ പെൺകുട്ടിയെക്കുറിച്ച് വീട്ടിൽ പറഞ്ഞു. അമ്മയും സഹോദരിയും കൂടി പിന്നീട് ലിന്റയെ പള്ളിയിൽ ചെന്ന് കണ്ടു' ജീത്തു ജോസഫ് പറയുന്നു.

'അമ്മയുടേയും സഹോദരിയുടെയും സംസാരത്തിന് ശേഷമാണ് വിവാഹാഭ്യർഥന നടത്തിയത്. ഞങ്ങളുടേത് ഒരു അറേഞ്ച്ഡ് ലവ് മാര്യേജ് ആണ്. എന്നാൽ ഒരു എംഎൽഎയുടെ മകൻ എന്ന രീതിയിൽ ആയിരുന്നു ലിന്റ തന്നെ കണ്ടിരുന്നത്. ലിന്റയെ പരിചയപ്പെട്ട ശേഷം പള്ളിയിൽ പോക്ക് മുടക്കിയിട്ടില്ല. വെവ്വേറെ കുർബാനകളിൽ ആയിരുന്നു ആദ്യം പങ്കെടുത്തത് എങ്കിൽ പിന്നീട് ഒരുമിച്ചായിരുന്നു കുർബ്ബാന കൂടിയിരുന്നത്. ലിന്റ നിൽക്കുന്ന വരിയുടെ എതിർ വശത്ത് നിന്ന് അവളെ നോക്കി നിൽക്കുന്നതും എന്റെ ശീലമായിരുന്നു' ജീത്തു ജോസഫ് പറയുന്നു.
Recommended Video

ലിന്റയിപ്പോൾ ജീത്തു ജോസഫിനൊപ്പം സിനിമ സെറ്റുകളിലും സജീവമാണ്. ആദി അടക്കമുള്ള സിനിമകളിൽ ലിന്റയും ജീത്തു ജോസഫിനൊപ്പം ഉണ്ടായിരുന്നു. 2007ൽ ആയിരുന്നു ജീത്തു ജോസഫ് സംവിധാന രംഗത്തേക്ക് എത്തിയത്. ഡിറ്റക്ടീവ് ആയിരുന്നു ജീത്തുവിന്റെ ആദ്യ സിനിമ. ത്രില്ലറിന് പുറമെ കോമഡി, ഫാമിലി ചിത്രങ്ങളും തനിക്ക് വഴങ്ങുമെന്ന് മൈ ബോസ്, ലൈഫ് ഓഫ് ജോസൂട്ടി തുടങ്ങിയ സിനിമകളിലൂടെയും ജീത്തു ജോസഫ് തെളിയിച്ചിട്ടുണ്ട്. ജീത്തുവിന്റെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങൾ സമ്മാനിച്ചത് ദൃശ്യം, ദൃശ്യം 2 സിനിമകളാണ്. ഇനി വരാനിരിക്കുന്നത് ട്വൽത്ത് മാൻ, റാം എന്നീ സിനിമകളാണ്. രണ്ട് സിനിമകളിലും മോഹൻലാൽ തന്നെയാണ് നായകൻ. സിനിമാ പ്രേമികൾ ആകാംഷയോടെ കാത്തിരിക്കുന്ന സിനിമകൾ കൂടിയാണ് ഇവ രണ്ടും.


Click it and Unblock the Notifications