»   » അഭിനയത്തിരക്ക് ജോയ് മാത്യുവിന് സമയമില്ല

അഭിനയത്തിരക്ക് ജോയ് മാത്യുവിന് സമയമില്ല

Posted By:
Subscribe to Filmibeat Malayalam
Joy Mathew
സംവിധായകനായെത്തി മികവുതെളിയിച്ചിട്ടും അടുത്ത ചിത്രമുള്‍പ്പെടെയുള്ള പദ്ധതികള്‍ മാറ്റിവച്ച് നടനായി മാറേണ്ടിവരുക, നടനെന്ന നിലയ്ക്കും ഏവരുടെയും പ്രശംസ പിടിച്ചുപറ്റുക, ഇത്തരമൊരു അവസ്ഥയിലാണ് സംവിധായകനും നടനുമായി ജോയ് മാത്യു. ഏറെ പ്രശംസനേടിയ ഷട്ടറിന് പിന്നാലെ നക്‌സലുകളുടെ കഥ പറയുന്നൊരു ചിത്രമൊരുക്കാനായിരുന്നു ജോയ് മാത്യുവിന്റെ പദ്ധതി, പക്ഷേ ഇപ്പോള്‍ ആ പരിപാടിയെല്ലാം മാറ്റിവച്ച് അഭിനയലഹരിയില്‍ മുങ്ങുകയാണ് ഈ സംവിധായകന്‍. ആമേന്‍ എന്ന ഒരൊറ്റച്ചിത്രം മാത്രം മതി ജോയ് മാത്യുവെന്ന നടന്റെ ആഴം തിരിച്ചറിയാന്‍. അതിന് മുമ്പ് അന്നയും റസൂലും എന്ന ചിത്രത്തിലും മോശമല്ലാത്തൊരു വേഷം ഇദ്ദേഹം ചെയ്തിട്ടുണ്ട്.

ജോയ് മാത്യു അഭിനയിച്ചിരിക്കുന്ന മൂന്നാമത്തെ ചിത്രം ജിനു ഡാനിയേലിന്റെ റാസ്പുട്ടിന്‍ ആണ്. ഇതില്‍ വിനയ് ഫോര്‍ട്ടിന്റെ കര്‍ക്കശക്കാരനായ പിതാവായിട്ടാണ് ജോയ് എത്തുന്നത്. ക്രിക്കറ്റ് പ്രമേയമായി വരുന്ന 1983 എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ പിതാവായെത്തുന്നതും ജോയ് തന്നെ. നവാഗത സംവിധായകനായ ആദിയുടെ പ്രണയകഥ എന്ന ചിത്രത്തില്‍ ഗോവിന്ദന്‍കുട്ടി അവതരിപ്പിക്കുന്ന വളരെ അഗ്രസ്സീവായ ഒരു യുവാവിന്റെ പിതാവിന്റെ വേഷമാണ് ജോയ് ചെയ്യുന്നത്. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമിയെന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ പിതാവാകുന്നതും ജോയ് മാത്യു തന്നെയാണ്. ഇങ്ങനെ ഇപ്പോള്‍ മലയാളസിനിമയിലെ പല അച്ഛന്‍ വേഷങ്ങളും ജോയ് മാത്യുവില്‍ എത്തിനില്‍ക്കുകയാണ്.

അച്ഛന്‍ വേഷങ്ങള്‍ തുടര്‍ച്ചയായി ചെയ്യുന്നതില്‍ താന്‍ കുഴപ്പമൊന്നും കാണുന്നില്ലെന്നും യുവാക്കള്‍ക്കൊപ്പം അഭിനയിക്കുമ്പോള്‍ അവരുടെ ഊര്‍ജ്ജം തന്നിലേയ്ക്ക് കൂടി വ്യാപിയ്ക്കുകയാണെന്നും ഈ കലാകാരന്‍ പറയുന്നു. ഇപ്പോഴത്തെ യുവതലമുറ സിനിമയെക്കുറിച്ച് നല്ല ബോധമുള്ളവരാണ്, അവര്‍ക്ക് ജോണ് അബ്രഹാമിന്റെ അമ്മ അറിയാന്‍ എന്ന ചിത്രത്തെക്കുറിച്ചും ഹോളിവുഡ് ചിത്രങ്ങളെക്കുറിച്ചും ഒരുപോലെ അറിവുണ്ട്. മുമ്പത്തെ ആളുകളേക്കാളേറെ സിനിമയോട് ഇവര്‍ക്ക് ഡെഡിക്കേഷനുണ്ട്- ജോയ് മാത്യു പറയുന്നു.

പുതിയ ചിത്രങ്ങളെല്ലാം ഏതെങ്കിലുമൊക്കെ തരത്തില്‍ വ്യത്യസ്തമാണ്, അത് ഈ യുവതലമുറയുടെ അര്‍പ്പണമനോഭാവത്തിന്റെ ഫലം തന്നെയാണ്. കഥ പറയുന്ന രീതി അവര്‍ മാറ്റി, സിനിമാറ്റോഗ്രാഫിയില്‍ അവര്‍ മാറ്റം വരുത്തി, ഞാന്‍ ഇവരില്‍ നിന്നും പലതും പഠിയ്ക്കുന്നുണ്ട്- അദ്ദേഹം പറഞ്ഞു.

സ്വന്തം ചിത്ത്രത്തിനും അതിനൊപ്പം സുഹൃത്തായ വിഎം വിനുവിന്റെ പുതിയ ചിത്രത്തിനും വേണ്ടി താന്‍ തിരക്കഥയെഴുതിക്കൊണ്ടിരിക്കുകയാണെന്ന് ജോയ് മാത്യു പറയുന്നു. അടുത്തുവരാനിരിക്കുന്ന സക്കറിയയുടെ ഗര്‍ഭിണികള്‍ എന്ന ചിത്രത്തില്‍ ജോയ് മാത്യു ഒരു ഗര്‍ഭിണിയുടെ ഭര്‍ത്താവിന്റെ വേഷമാണ് അവതരിപ്പിക്കുന്നത്. അഭിനയം ഒരിക്കലും തന്റെ മോഹങ്ങളില്‍ ഉണ്ടായിരുന്നില്ലെന്നും പക്ഷേ ഇപ്പോള്‍ താനത് പൂര്‍ണമായും ആസ്വദിയ്ക്കുകയാണെന്നും ജോയ് മാത്യു പറഞ്ഞു.

English summary
Ever since Joy did small but impressive roles in Annayum Rasoolum and Amen, a host of young directors have signed him up to act in their films, mostly as the father of the main character.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X