അനിലിനെ അംഗീകരിച്ചത് തമിഴ് സിനിമയാണ്! പ്രിയ സുഹൃത്തിനെ കുറിച്ച് എം പദ്മകുമാര്‍
നടന്‍ അനില്‍ മുരളിയുടെ വിയോഗ വാര്‍ത്ത സിനിമാ പ്രവര്‍ത്തകരില്‍ ഒന്നടങ്കം സങ്കടമുണ്ടാക്കിയിരുന്നു. വില്ലന്‍ വേഷങ്ങളിലൂടെ മലയാളത്തില്‍ തിളങ്ങിയ നടന്‍ പ്രേക്ഷക പ്രശംസകള്‍ നേടിയ താരം കൂടിയായിരുന്നു. കരള്‍ രോഗത്തിന് ചികില്‍സയില്‍ കഴിഞ്ഞ സമയമായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. അനില്‍ മുരളിക്ക് ആദരാഞ്ജലികള്‍ നേര്‍ന്ന് മലയാളി താരങ്ങളെല്ലാം തന്നെ നേരത്തെ
രംഗത്തെത്തിയിരുന്നു.
വിനയന്‍ സംവിധാനം ചെയ്ത കന്യാകുമാരിയില്‍ ഒരു കവിത എന്ന ചിത്രത്തിലൂടെയായിരുന്നു അനില്‍ മുരളി സിനിമയിലേക്ക് എത്തിയത്. പിന്നീട് സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെയാണ് അദ്ദേഹം മോളിവുഡില്‍ സജീവമായിരുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും അഭിനയിച്ച നടന്‍ ഇരുനൂറിലധികം സിനിമകളിലാണ് അഭിനയിച്ചിരുന്നത്.

അനില്‍ മുരളിയെ കുറിച്ച് സംവിധായകന്‍ എം പദ്മകുമാറിന്റെതായി വന്ന പുതിയ കുറിപ്പ് ശ്രദ്ധേയമായി മാറിയിരുന്നു. ഇരുനൂറിനടുത്ത് മലയാളം സിനിമകളില്‍ അഭിനയിച്ചിട്ടും അനിലിന്റെ അഭിനയത്തികവ് തിരിച്ചറിഞ്ഞതും അംഗീകരിച്ചതും തമിഴ് സിനിമ ആണെന്നാണ് പദ്മകുമാര്‍ പറയുന്നത്. മലയാള സിനിമയെ സംബന്ധിച്ച് അനില്‍ മുരളി എന്ന നടന്റെ വിയോഗം ഒരു വലിയ ഞെട്ടലോ നികത്താനാവാത്ത വിടവോ ഒന്നുമല്ലെന്നും താനടക്കമുളള അടുത്ത സുഹൃത്തുക്കള്‍ക്ക് മാത്രമാണ് നഷ്ടം ഉണ്ടായിരിക്കുന്നതെന്നും തന്റെ കുറിപ്പില്‍ എം പദ്മകുമാര്‍ പറയുന്നു.

പദ്മകുമാറിന്റെ വാക്കുകളിലേക്ക്: അനില്‍മുരളി യാത്രയായി...മലയാളസിനിമയെ സംബന്ധിച്ച് അനില്‍മുരളി എന്ന നടന്റെ വിയോഗം ഒരു വലിയ ഞെട്ടലോ നികത്താനാവാത്ത വിടവോ ഒന്നുമല്ല. മലയാളം, തമിഴ് സിനിമകളെ ആശ്രയിച്ച് ജീവിക്കുന്ന കുറച്ചു നടന്മാരില്‍ ഒരാള്‍. ഒരാള്‍ക്ക് വേണ്ടി തീരുമാനിച്ച വേഷത്തിന് അയാള്‍ അവൈലബിള്‍ അല്ലെങ്കില്‍ അടുത്തയാള്‍. ഒരുപക്ഷേ ഇരുനൂറിനടുത്ത് മലയാളീ സിനിമകളില്‍ അഭിനയിച്ചിട്ടും അനിലിന്റെ അഭിനയത്തികവ് തിരിച്ചറിഞ്ഞതും അംഗീകരിച്ചതും തമിഴ് സിനിമ ആയിരിക്കണം.
Recommended Video

സിക്‌സ് കാന്‍ഡില്‍സ് എന്ന സിനിമയിലെ തന്റെ കഥാപാത്രത്തെ അവിസ്മരണീയമാക്കാന്‍ അനിലിനും ആ കഴിവിനെ നിറഞ്ഞ കൈയടികളോടെ അംഗീകരിക്കാന്‍ തമിഴ് സിനിമക്കും കഴിഞ്ഞത് ഓര്‍ക്കുക. എങ്കിലും തമിഴ് സിനിമയെ സംബന്ധിച്ചും അനിലിന്റെ വേര്‍പാട് ഒരു വലിയ നഷ്ടം ഒന്നുമല്ല. നഷ്ടം ഞങ്ങള്‍ക്ക്, അനിലിന്റെ സ്‌നേഹവും സൗഹൃദവും പിണക്കവും വഴക്കും എല്ലാം ആഴത്തില്‍ അനുഭവിച്ച, അതിനു പകരം വെക്കാന്‍ മറ്റൊന്നും ഇല്ല എന്ന് വ്യക്തമായി അറിയാവുന്ന ഞങ്ങള്‍ കുറച്ചു സുഹൃത്തുക്കള്‍ക്ക് മാത്രമാണ്.

സൗഹൃദം എന്ന് മാത്രം പറയാവുന്ന ഒന്നായിരുന്നില്ല അതെന്ന് എനിക്കു തോന്നുന്നു. ഈ പറഞ്ഞ എല്ലാ വികാരങ്ങളും കൂടിച്ചേര്‍ന്ന അതിലും വലിയ എന്തോ ഒന്ന്. മറ്റൊന്നുമാവില്ല സിന്ധുരാജിനും രാഗേഷിനും പ്രവീണിനും നജുവിനും സാലുവിനും സുധീഷിനും മെല്‍വിനും മനോജിനും ഗണേഷിനും, ഇടപ്പള്ളി ട്രിനിറ്റിയിലെ 11ഇ അപ്പാര്‍ട്ട്‌മെന്‍ടിലെ അനിലിന്റെ ഊഷ്മളമായ സ്‌നേഹം അനുഭവിച്ച വേറെ ഒരാള്‍ക്കും പറയാന്‍ അല്ലെങ്കില്‍ ഓര്‍ക്കാന്‍ ഉണ്ടാവുക.

പ്രതിഫലേച്ഛ ഒട്ടും ഇല്ലാതെ അവസാനം വരെ കൂടെ നിന്ന കണ്ണപ്പനും പ്രസാദിനും ഇതല്ലാതെ മറ്റൊന്നും ആവില്ല പറയാനുണ്ടാവുക എന്നും എനിക്കറിയാം.. പ്രിയപ്പെട്ട സുഹൃത്തിന്റെ ഭൗതികശരീരം വീട്ടുകാരെ ഏല്പിച്ച് മരണമില്ലാത്ത ഓര്‍മകള്‍ നിറഞ്ഞ മനസ്സുമായി കൊച്ചിയിലേക്ക് മടങ്ങുമ്പോള്‍ രാഗേഷ് പറഞ്ഞു: 11ഇ യില്‍ വീണ്ടും നമ്മള്‍ ഒത്തുകൂടും. അനില്‍ ഇല്ലാത്ത അനിലിന്റെ സൗഹൃദവിരുന്ന് ഒരിക്കല്‍ കൂടി ആസ്വദിക്കാന്‍. ഹൃദയം നിറഞ്ഞ് തുളുമ്പുന്ന അത്രയും ഓര്‍മ്മകള്‍ ഏറ്റുവാങ്ങി അവസാനമായി 11ഇ യോട് ഒരു യാത്ര പറച്ചില്‍..


Click it and Unblock the Notifications











