ഓടി നടന്ന് സിനിമ ചെയ്യേണ്ടകാര്യമില്ല! മലയാള സിനിമയുടെ പ്രിയപ്പെട്ട സംവിധായകന്‍ സംഗീത് ശിവൻ അന്തരിച്ചു
മലയാള സിനിമാലോകത്തിന് ഏറ്റവും പ്രിയപ്പെട്ടവനായ പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ സംഗീത് ശിവന്‍ അന്തരിച്ചു. ചികിത്സയിലിരിക്കെ മുംബൈയിലെ ആശുപത്രിയില്‍ വച്ചാണ് താരത്തിന്റെ അന്ത്യം. നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളിലൂടെ മലയാളികളുടെ ഹൃദയം കവര്‍ന്നെടുത്ത സംവിധായകനായിരുന്നു അദ്ദേഹം.
വ്യൂഹം, യോദ്ധ, ഗാന്ധര്‍വ്വം, നിര്‍ണയം എന്നിങ്ങനെ ശ്രദ്ധേയമായ നിരവധി ചിത്രങ്ങളാണ് സംഗീതിന്റെ സംവിധാനത്തില്‍ പിറന്നിട്ടുള്ളത്. മലയാളത്തിന് പുറമേ, ഒരുപാട് ഹിന്ദി സിനിമകും സംഗീതിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയിട്ടുണ്ട്. പ്രശസ്ത ഫോട്ടോഗ്രാഫറും സംവിധായകനുമായിരുന്ന ശിവന്റെ മകനാണ്. സംവിധായകരായ സന്തോഷ് ശിവന്‍, സഞ്ജീവ് ശിവന്‍ എന്നിവര്‍ സഹോദരങ്ങളാണ്.

ഹിറ്റ് സിനിമകള്‍ സംവിധാനം ചെയ്തിട്ടും സംഗീത് ശിവന് സിനിമയില്‍ വലിയ ഗ്യാപ്പുകള്‍ വന്നിരുന്നു. ഇതിനെ പറ്റി മുന്‍പൊരു അഭിമുഖത്തില്‍ അദ്ദേഹം തുറന്ന് സംസാരിക്കുകയും ചെയ്തിരുന്നു. 'ഓടി നടന്ന് സിനിമ ചെയ്യാത്തത് കൊണ്ടാണ് സിനിമയിലെ ഗ്യാപ്പ് വന്നത്. അതിന്റെ ആവശ്യം ഉണ്ടെന്ന് അന്നും ഇന്നും തോന്നിയിട്ടില്ലെന്നാണ് മുന്‍പ് സംവിധായകന്‍ പറഞ്ഞിട്ടുള്ളത്. ഒരു സിനിമ സംവിധാനം ചെയ്ത് കഴിഞ്ഞാല്‍ ഞാന്‍ ഒരുപാട് യാത്ര ചെയ്യും. ഫോട്ടോഗ്രാഫിയില്‍ ഭയങ്കര താല്‍പര്യമാണ്. അതുകൊണ്ട് പടമെടുക്കാന്‍ പോകും.
എപ്പോഴെങ്കിലും നല്ലൊരു ഐഡിയ കിട്ടിയാല്‍ മാത്രമേ സിനിമയെ കുറിച്ച് നോക്കുകയുള്ളു. അല്ലാതെ എപ്പോഴും സിനിമ എന്ന് മാത്രം ചിന്തിച്ച് നടക്കാറില്ല. എന്റെ ആവശ്യങ്ങളൊക്കെ വളരെ കുറവാണ്. അതുകൊണ്ട് ഓടി നടന്ന് ചെയ്യേണ്ട ആവശ്യമൊന്നും ഇല്ല. എന്റെ ഫിലോസഫി അതാണെന്ന്' സംഗീത് ശിവന്‍ പറഞ്ഞിരുന്നു.

സംഗീതിന്റെ സിനിമകളില്‍ കൂടുതലും നായകന്‍ മോഹന്‍ലാലായിരുന്നു. മോഹന്‍ലാലുമൊത്തു മികച്ച കൂട്ടുകെട്ടുണ്ടാക്കാനും ചിത്രങ്ങള്‍ ഒരുക്കാനും സംഗീത് ശിവന് സാധിച്ചു. ഇനിയും മോഹന്‍ലാലിനെ നായകനാക്കി സിനിമകള്‍ വരുമോ എന്ന ചോദ്യത്തിന് 'അങ്ങനൊരു സിനിമ സാധ്യമാകുമോ എന്നതൊരു ചോദ്യം മാത്രമാണ്. കാരണം മോഹന്‍ലാല്‍ താരത്തില്‍ നിന്നും ഉയര്‍ന്ന് മറ്റൊരു തലത്തില്‍ എത്തിയിരിക്കുകയാണ്. കണക്കുകളുടെ പുറകേയാണ് സിനിമയും. കോടി ക്ലബ്ബുകളില്‍ കയറുക എന്നതാണ് വിജയം നിശ്ചയിക്കുന്നത്.
സന്മനസുള്ളവര്‍ക്ക് സമാധാനം എന്ന സിനിമ എല്ലാവര്‍ക്കും ഇഷ്ടമാണ്. പക്ഷേ മോഹന്‍ലാലിനെ വെച്ച് അങ്ങനൊരു സിനിമ ഉണ്ടാക്കാന്‍ പലരും മടിക്കും. കാരണം അദ്ദേഹത്തിന്റെ താരമൂല്യം ഇന്ന് മറ്റൊരു തലത്തിലാണ്. അതിന് അനുസരിച്ചുള്ള വിഷയം ഒത്തുവരികയാണങ്കില്‍ മോഹന്‍ലാലിനൊപ്പം ഒരു സിനിമയെ കുറിച്ച് ചിന്തിക്കാമെന്നും സംഗീത് പറഞ്ഞിരുന്നു. എന്നാല്‍ തന്റെ സ്വപ്‌നങ്ങള്‍ പൂര്‍ത്തിയാക്കാതെയാണ് അദ്ദേഹം ഈ ലോകം വിട്ട് പോയിരിക്കുന്നത്.


Click it and Unblock the Notifications











