അങ്കിളില്‍ മമ്മൂട്ടി അല്ലായിരുന്നുവെങ്കില്‍ സിനിമയ്ക്ക് കുറച്ചുകൂടെ റീച്ച് കിട്ടുമായിരുന്നു എന്ന് സംവിധായകന്‍!!
അങ്കിള്‍ എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രം മമ്മൂട്ടി അല്ലായിരുന്നുവെങ്കില്‍ സിനിമയ്ക്ക് കുറച്ച് കൂടെ റീച്ച് കിട്ടുമായിരുന്നു എന്ന് സംവിധായകന്‍ കെപി സുവീരന്‍. തന്റെ പുതിയ ചിത്രത്തെ കുറിച്ച് സംസാരിക്കവെയാണ് ജോയ് മാത്യുവിന്റെ തിരക്കഥയില്‍ ഒരുങ്ങിയ അങ്കിളിന്റെ പോരായ്മയെ കുറിച്ച് സുവീരന്‍ സംസാരിച്ചത്.

ബ്യാരി എന്ന ചിത്രത്തിലൂടെ 2011 ല്‍ മികച്ച സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയ സുവീരന്റെ പുതിയ ചിത്രമാണ് മഴയത്ത്. എന്തുകൊണ്ട് മഴയത്ത് എന്ന ചിത്രത്തില്‍ പുതുമുഖ താരത്തെ പരീക്ഷിച്ചു എന്ന ചോദ്യത്തോട് പ്രതികരിയ്ക്കുകയായിരുന്നു അദ്ദേഹം.
''വാസ്തവത്തില്‍ ഈ സിനിമയ്ക്ക് നായകനായി ഒരു പുതിയ മുഖം അനിവാര്യമായിരുന്നു. അത് കൊണ്ട് സ്റ്റാര്‍ കാസ്റ്റിന് വേണ്ടി ശ്രമിച്ചിട്ടേയില്ല. അനുകൂലമായ സാഹചര്യങ്ങള്‍ വന്നപ്പോള്‍ നികേഷിനെ തിരഞ്ഞെടുത്തു. ചില കാര്യങ്ങള്‍ ഒരു സോ കോള്‍ഡ് നടനെക്കൊണ്ട് ചെയ്യിപ്പിച്ചാല്‍ അത് പ്രേക്ഷകരെ ബോധ്യപ്പെടുത്താന്‍ വലിയ ബുദ്ധിമുട്ടാണ്. ആ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ തന്നെയാണ് ഒരു പുതുമുഖത്തെ തിരഞ്ഞെടുത്തത്.

ഉദാഹരണത്തിന് ജോയ് മാത്യുവിന്റെ അങ്കിള്‍ എന്ന സിനിമ ഇറങ്ങിയപ്പോള്‍ സോ കോള്‍ഡ് നായകനായ മമ്മുക്കയെ പ്രധാന കഥാപാത്രം ഏല്‍പ്പിച്ചു. ചില തെറ്റിദ്ധരിപ്പിക്കലുകളില്‍ ആണ് ആ സിനിമ പരാജയപ്പെട്ടത്. മമ്മൂട്ടിയുടെ കഥാപാത്രം പല സ്ത്രീകളുമായി ബന്ധം പുലര്‍ത്തുന്നതായി കാണിക്കുന്നതെങ്കിലും, മമ്മൂട്ടിയോടൊപ്പം ഒരു പെണ്‍കുട്ടി യാത്ര ചെയ്യുമ്പോള്‍ അവളുടെ വീട്ടുകാര്‍ ആശങ്കപ്പെടുന്നു.
എങ്കിലും വാസ്തവത്തില്‍ സിനിമകാണുന്ന പ്രേക്ഷകര്‍ക്കറിയാം മമ്മൂട്ടി എന്ന നടന്‍ അങ്ങനെ ചെയ്യില്ല അല്ലെങ്കില്‍ അദ്ദേഹത്തിന്റെ കഥാപാത്രം അങ്ങനെ ചെയ്യില്ല എന്ന്. അപ്പോള്‍ തീര്‍ച്ചയായും തെറ്റിദ്ധരിപ്പിക്കാനുള്ള സംവിധായകന്റെ ശ്രമം പരാജയമായിരിക്കും. അതുകൊണ്ടുതന്നെ അങ്കിളില്‍ മമ്മുട്ടി അല്ലായിരുന്നു നായകനെങ്കില്‍ പടത്തിന് കൂടുതല്‍ റീച് കിട്ടുമായിരുന്നു''- സുവീരന്‍ പറഞ്ഞു.


Click it and Unblock the Notifications











