വെട്രിമാരന് ഒരു മാസത്തെ ഡേറ്റും കൊടുത്തിട്ട് വന്നിരിക്കുകയാണ്,ജാഫര്‍ ഇടുക്കിയെ കുറിച്ച് വിസി അഭിലാഷ്
മിമിക്രി വേദികളില്‍ നിന്നും മലയാള സിനിമയിലെ മികച്ച നടന്‍മാരില്‍ ഒരാളായി മാറിയ താരമാണ് ജാഫര്‍ ഇടുക്കി. സ്വാഭാവിക അഭിനയത്തിലൂടെയാണ് അദ്ദേഹം മോളിവുഡില്‍ ശ്രദ്ധിക്കപ്പെട്ടത്. ഏത് കഥാപാത്രമായാലും അനായാസമായ അഭിനയ ശൈലിയിലൂടെ ജാഫര്‍ ഇടുക്കി മികവുറ്റതാക്കാറുണ്ട്. നടന്‍ അവതരിപ്പിച്ച മിക്ക കഥാപാത്രങ്ങള്‍ക്കും മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിച്ചിരുന്നത്.

നിലവില്‍ മലയാള സിനിമയിലുളള മികച്ച സ്വഭാവ നടന്‍മാരില്‍ ഒരാളുകൂടിയാണ് അദ്ദേഹം. ജാഫര്‍ ഇടുക്കിയെ കുറിച്ച് സംവിധായകന്‍ വിസി അഭിലാഷിന്റെതായി വന്ന ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നടനൊപ്പമുളള ഒരു ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു സംവിധായകന്‍ എത്തിയത്. പ്രശസ്ത സംവിധായകന്‍ വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലൂടെ ജാഫര്‍ ഇടുക്കി തമിഴിലും എത്തുകയാണ്.
ഈ സന്തോഷം തന്റെ പുതിയ പോസ്റ്റിലൂടെ വിസി അഭിലാഷ് പ്രേക്ഷകരെ അറിയിച്ചു. "സാക്ഷാല്‍ വെട്രിമാരന് ഒരു മാസത്തെ ഡേറ്റും കൊടുത്തിട്ട് വന്നിരിക്കുകയാണ് ചങ്ങാതി. അതിന് മുമ്പ് സബാഷ് ചന്ദ്രബോസില്‍ പുളളി ഒരു വരവ് വരും.കാത്തിരിക്കുക" എന്നാണ് സംവിധായകന്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
ഹാസ്യനടനായി വന്ന് പിന്നീട് ക്യാരക്ടര്‍ വേഷങ്ങളിലൂടെ മലയാളത്തില്‍ തിളങ്ങിയ താരമാണ് ജാഫര്‍ ഇടുക്കി. 2005ല്‍ കൊമ്പന്‍ എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയില്‍ എത്തിയത്. തുടര്‍ന്ന് ജല്ലിക്കെട്ട്, കെട്ട്യോളാണ് എന്റെ മാലാഖ, വികൃതി, അഞ്ചാം പാതിര തുടങ്ങിയ സിനിമകളിലും മികച്ച പ്രകടനമാണ് ജാഫര്‍ ഇടുക്കി കാഴ്ചവെച്ചത്. ഈ വര്‍ഷമാദ്യം പുറത്തിറങ്ങിയ അഞ്ചാം പാതിരയാണ് ജാഫര്‍ ഇടുക്കിയുടെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയ ചിത്രം.
അഞ്ചാം പാതിരയില്‍ ലൂയിസ് എന്ന കഥാപാത്രമായിട്ടാണ് ജാഫര്‍ ഇടുക്കി അഭിനയിച്ചത്. മലയാളത്തില്‍ അറുപതിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുളള താരമാണ് ജാഫര്‍ ഇടുക്കി. സൂപ്പര്‍താരങ്ങളുടെയും യുവതാരങ്ങളുടെയുമെല്ലാം സിനിമകളില്‍ നടന്‍ അഭിനയിച്ചിരുന്നു. സിനിമകള്‍ക്കൊപ്പം നിരവധി ടെലിവിഷന്‍ പരിപാടികളിലും എത്തിയിരുന്ന താരമാണ് ജാഫര്‍ ഇടുക്കി. കൂടാതെ നിരവധി സ്റ്റേജ് പ്രാഗ്രാമുകളിലും നടന്‍ പങ്കെടുത്തിരുന്നു.
കരിയറിന്റെ തുടക്കത്തില്‍ ചെറിയ റോളുകളിലൂടെയാണ് ജാഫര്‍ ഇടുക്കി സിനിമകളില്‍ സജീവമായിരുന്നത്. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ബിഗ്ബി, കൈയ്യൊപ്പ് തുടങ്ങിയ സിനിമകളിലെല്ലാം ശ്രദ്ധേയ പ്രകടനമായിരുന്നു ജാഫര്‍ ഇടുക്കി കാഴ്ചവെച്ചത്. ബിഗ് ബിയുടെ രണ്ടാം ഭാഗത്തിലും തന്റെ കഥാപാത്രമായി ജാഫര്‍ ഇടുക്കി വീണ്ടും എത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.


Click it and Unblock the Notifications











