അത് ഗംഭീരമായി! ഭാഗ്യലക്ഷ്മിയെ പിന്തുണച്ച് സംവിധായിക വിധു വിന്‍സെന്റ്
സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപം നടത്തിയ ആള്‍ക്കെതിരെ പ്രതികരിച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയെ പിന്തുണച്ച് സംവിധായിക വിധു വിന്‍സെന്റ്. കഴിഞ്ഞ ദിവസം ബിഗ് ബോസ് താരം ദിയ സന, ശ്രീലക്ഷ്മി അറക്കല്‍ തുടങ്ങിയവര്‍ക്കൊപ്പം ആയിരുന്നു ഭാഗ്യലക്ഷ്മിയുടെ പ്രതിഷേധം നടന്നത്. സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച ആളുടെ വീട്ടില്‍ കയറി പരസ്യമായി മാപ്പു പറയിച്ച ശേഷമാണ് ഭാഗ്യലക്ഷ്മിയും കൂട്ടരും മടങ്ങിയത്.
കൂടാതെ യൂടൂബിലുണ്ടായിരുന്ന മോശം വീഡിയോകള്‍ ഒന്നടങ്കം അയാളെ കൊണ്ട് ഡീലിറ്റ് ചെയ്യിപ്പിക്കുകയും ചെയ്തിരുന്നു നടി. തുടര്‍ന്ന് അത് ഗംഭീരമായി ഭാഗ്യലക്ഷ്മി ചേച്ചി, ദിയസന, ശ്രീലക്ഷ്മി അറക്കല്‍ എന്ന് കുറിച്ചുകൊണ്ടായിരുന്നു വിധു വിന്‍സെന്റ് പിന്തുണ അറിയിച്ച് എത്തിയത്.

വിധു വിന്‍സെന്റിന്റെ വാക്കുകളിലേക്ക്
ഭാഗ്യലക്ഷ്മി ചേച്ചി, ദിയസന, ശ്രീലക്ഷ്മി അറക്കൽ..അത് ഗംഭീരമായി. നിങ്ങൾക്ക് നിയമവാഴ്ചയിൽ വിശ്വാസം നഷ്ടപ്പെട്ടു, നിങ്ങൾ നിയമം കയ്യിലെടുത്തു എന്നൊക്കെ പറഞ്ഞ് മുതലക്കണ്ണീരൊഴുക്കുന്നവരോട്. ഭാഗ്യം ചേച്ചി നേരിട്ട ആരോപണം പോലെ ഒരു വിഷയവുമായി പോലീസിനെ സമീപിച്ചിട്ടുള്ളവർക്ക് കാര്യങ്ങൾ കൃത്യമായി മനസിലാവും.

ഒന്നാമത് ഇത്തരം കേസുകൾ എടുക്കാൻ പോലീസിന് പലപ്പോഴും താല്പര്യമില്ല. സൈബർ ബുള്ളിയിംഗ് നടക്കുന്നുണ്ടെന്ന് പരാതിപ്പെട്ടാൽ പോലീസ് ആദ്യം പറയുക എന്താന്നറിയോ? നിങ്ങള് അവരുടെ പേര്, ഐപി അഡ്രസ്, മറ്റ് വിവരങ്ങൾ കണ്ടെത്തി വരികയെന്ന്. അതായത് ബുള്ളിയിംഗ് നടത്തിയവരുടെ ജാതകം കൊണ്ടുചെന്നാൽ ഒരു കൈ നോക്കാമെന്ന്...

ഏറ്റവുമടുത്ത് സായി ശ്വേത ടീച്ചറുടെ കാര്യത്തിൽ പോലും ഇതാവർത്തിച്ചു. പരാതിപ്പെട്ട ടീച്ചറിനോട് പോലീസ് ആവർത്തിച്ച് ചോദിച്ച ഒരു കാര്യം, നിങ്ങൾ ഒത്തുതീർപ്പിന് തയ്യാറാണോ എന്നാണ്. മറ്റ് പലരും കൊടുത്ത പരാതികളിൽ ഫോളോ അപ് നടത്താൻ പോലീസിൻ്റെ സൈബർ ഡിപ്പാർട്ട്മെൻ്റിൽ നിരന്തരം കയറിയിറങ്ങിയ അനുഭവം എനിക്കുണ്ട്.

ഐപി അഡ്രസ് കിട്ടാതെ ഞങ്ങളെങ്ങനെ അന്വേഷിക്കുമെന്ന് ചോദിച്ച് കൈ മലർത്തിയ ഉദ്യോഗസ്ഥനെ 'നല്ല മലയാളത്തിൽ രണ്ട് ആട്ട് ആട്ടി 'പരാതി തിരികെ വാങ്ങി പോകേണ്ടി വന്നു ഒരിക്കൽ. അതു കൊണ്ട് മാന്യജനങ്ങൾ ക്ഷമിക്കണം.. ഏത് ഭർത്സനവും അങ്ങേയറ്റം വരെ ക്ഷമിച്ച്, സഹിച്ച്, മിണ്ടാതെ ഒരു ഭാഗത്തിരിക്കാൻ തല്ക്കാലം ചില പെണ്ണുങ്ങളെങ്കിലും ഉദ്ദേശിക്കുന്നില്ല..

നിയമം നോക്കുകുത്തിയാകുമ്പോഴാണ് ഈ 'അടികൾ ' ഉണ്ടാവുന്നത്. പുരുഷാധികാരത്തിൻ്റേയും, "അലസ നിയമവാഴ്ച ' യുടേയും നേർക്കുണ്ടാവുന്ന ഇത്തരം അടികളെ ഷോക്ക് ട്രീറ്റ്മെൻ്റായി കണ്ട് തിരിച്ചറിഞ്ഞാൽ നല്ലത്. ഇല്ലെങ്കിൽ കൂടുതൽ പെണ്ണുങ്ങൾക്ക് തെരുവിലിറങ്ങേണ്ടി വരും.


Click it and Unblock the Notifications











