രണ്ടു സിനിമയെടുത്താല്‍ സിനിമ കണ്ടുപിടിച്ചവരെന്നാണ് വിചാരമെന്ന് വിനയന്‍
കൊച്ചി: സംവിധായകന്‍ രാജീവ് രവിയും ശ്രീനിവാസനും തമ്മിലുള്ള വാക്‌പോരിനിടെ രാജീവ് രവിക്കെതിരെ ചലചിത്രകാരന്‍ വിനയന്‍ രംഗത്തെത്തി. ആര്‍ക്കും വിമര്‍ശിക്കാന്‍ അവകാശമുണ്ടെങ്കിലും ശ്രീനിവാസനെതിരായ രാജീവ് രവിയുടെ വിമര്‍ശനം അതിരുകടന്നതാണെന്ന് വിനയന്‍ പറഞ്ഞു.
രണ്ടു സിനിമയെടുത്താല്‍ സിനിമ കണ്ടുപിടിച്ചവരെന്നാണ് ചിലരുടെ വിചാരം. ശ്രീനിവാസനെ പോലുള്ളവരെ വിമര്‍ശിക്കുമ്പോള്‍ വസ്തുതാപരമായ വിമര്‍ശനം നടത്തണം. രാജീവ് രവിയുടെ വിമര്‍ശനം അതിരു കടന്നതാണ്. ശ്രീനിവാസന്‍ അതുല്യനായ പ്രതിഭയാണെന്നും വിനയന്‍ പറഞ്ഞു. സിനിമാക്കാര്‍ കഞ്ചാവടിക്കുന്നുണ്ടെന്ന ശ്രീനിവാസന്റെ പ്രസ്താവന ഗൗരവത്തില്‍ എടുക്കേണ്ടതാണെന്നും അതേക്കുറിച്ച് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ രാജീവ് രവിയാണ് വിവാദത്തിന് തുടക്കമിട്ട പ്രസ്താവന നടത്തിയത്. ശ്രീനിവാസന്റെ സിനിമകളെ രൂക്ഷമായി വിമര്‍ശിച്ച രാജീവ് രവി, അദ്ദേഹത്തിന്റെ സിനിമകളോട് തനിക്ക് വെറുപ്പാണെന്നും പറഞ്ഞതോടെ സോഷ്യല്‍ മീഡിയയില്‍ അടക്കം വാദപ്രതിവാദങ്ങള്‍ക്ക് തുടക്കമിടുകയായിരുന്നു.
ശ്രീനിവാസന്റെ മക്കളായ വിനീതും ധ്യാനും രാജീവ് രവിക്കെതിരെ ഫേസ്ബുക്കിലൂടെ രംഗത്തെത്തിയത് രംഗം കൂടുതല്‍ വഷളാക്കുകയും ചെയ്തു. കഴിഞ്ഞദിവസം ശ്രീനിവാസന്‍ നേരിട്ട് രാജീവ് രവിക്കെതിരെ പ്രതികരിച്ചതോടെ വിവാദം ഉച്ഛസ്ഥായിയില്‍ എത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയകളിലാണ് രാജീവ് രവിക്കുവേണ്ടിയും ശ്രീനിവാസനുവേണ്ടിയും ചര്‍ച്ചകള്‍ കൊഴുക്കുന്നത്.


Click it and Unblock the Notifications