തനിയെ വഴി വെട്ടി വന്നവനെന്ന് ഉറപ്പിച്ചു വിളിക്കാവുന്ന ഒരുത്തന്‍! ഹേറ്റ് ക്യാംപെയിന്‍ കൊണ്ട് വെറുക്കപ്പെട്ടവന്‍
സാധാരണക്കാരനില്‍ നിന്നും മലയാള സിനിമയില്‍ തന്റേതായ സ്ഥാനം കണ്ടെത്തിയ നടനാണ് ഉണ്ണി മുകുന്ദന്‍. ഇന്ന് യുവ നടന്മാരില്‍ പ്രധാനിയായ ഉണ്ണി നടന്‍ എന്നതിലുപരി നിര്‍മ്മാതാവ് കൂടിയാണ്. ഇടക്കാലത്ത് വലിയ വിമര്‍ശനങ്ങളും നെഗറ്റീവുകളും നേരിടേണ്ടി വന്ന നടന്‍ പുതിയ സിനിമയുമായി എത്തിയിരിക്കുകയാണ്.
ഉണ്ണി മുകുന്ദന്‍ നായകനായി അഭിനയിച്ച മാര്‍ക്കോ എന്ന സിനിമ കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. ക്രിസ്തുമസ് റിലീസായിട്ട് എത്തിയ സിനിമയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. അതേസമയം ഉണ്ണി മുകുന്ദനും വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഇത്രയധികം വെറുക്കപ്പെടേണ്ട ആളല്ല ഉണ്ണി മുകുന്ദനെന്നാണ് പലരുടെയും അഭിനയം. നടനെ പിന്തുണച്ച് കൊണ്ട് എത്തിയിരിക്കുകയാണ് സംവിധായകന്‍ വിനയന്‍ അടക്കമുള്ളവര്‍.

'അര്‍പ്പണ ബോധവും കഠിനാദ്ധ്വാനവും ഒരു കലാകാരനെ വിജയത്തിലെത്തിച്ചിരിക്കും എന്നതിന്റെ തെളിവാണ് 'മാര്‍ക്കോ' എന്ന സിനിമയിലൂടെ ഉണ്ണി മുകുന്ദന്‍ നേടിയ വിജയം. ഒരു സിനിമയുടെ തുടക്കം മുതല്‍... അത് തിയറ്ററില്‍ എത്തി കഴിഞ്ഞും ഒരു സംവിധായകനേക്കാളും നിര്‍മ്മതാവിനെക്കാളും ആത്മാര്‍ത്ഥതയോടെ ആ സിനിമയുടെ കൂടെ സഞ്ചരിക്കുവാനും പ്രമോഷന്‍ കൊടുക്കുവാനും ഒക്കെ ഉണ്ണി കാണിക്കുന്ന ഉത്സാഹവും മനസ്സും മറ്റു യുവനടന്‍മാര്‍ക്കും അനുകരണീയമാണ്. നിദാന്തമായ പരിശ്രമമാണല്ലോ വിജയത്തിനാധാരം.. ഒരു പാനിന്ത്യന്‍ താരം ഉദിക്കട്ടേ, ആശംസകള്‍...' എന്നുമാണ് സംവിധായകന്‍ വിനയന്‍ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.
ഒപ്പം ഡോക്ടര്‍ സൗമ്യ സരിനും ഉണ്ണി മുകുന്ദനെ കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ എഴുതിയിരിക്കുകയാണ്. 'മാര്‍ക്കോ കണ്ടില്ല. കാണണോ എന്ന് തീരുമാനിച്ചിട്ടുമില്ല. എന്റെ അഭിരുചിയുമായി ഒത്തു പോകുമോ എന്നുള്ള ഒരു ആശങ്ക കൊണ്ട് മാത്രമാണ് ഇതുവരെ കാണാത്തത്. ഓവര്‍ വയലന്‍സ് എനിക്ക് താല്പര്യമുള്ള മേഖല അല്ല. പക്ഷെ മാര്‍ക്കോയുടെ റിവ്യൂ കാണുന്നുണ്ട്. അതിനേക്കാള്‍ ഉപരി ഉണ്ണി മുകുന്ദന്‍ എന്ന നടന്റെ കരിയറിലെ മാറ്റവും കാണുന്നുണ്ട്. എന്തായാലും പടം ഹിറ്റ് അടിച്ചിട്ടുണ്ട്. ഉണ്ണിയുടെ മൊത്തം ഗ്രാഫും. എനിക്ക് പറയാനുള്ളത് ഉണ്ണി എന്ന ഈ ചെറുപ്പക്കാരനെ കുറിച്ച് മാത്രമാണ്.

തനിയെ വഴി വെട്ടി വന്നവന്‍ എന്ന് ഉറപ്പിച്ചു വിളിക്കാവുന്ന ഒരുത്തന്‍! അയാള്‍ വര്‍ഗീയത സംസാരിച്ചു ഞാന്‍ കേട്ടിട്ടില്ല. ആരെയും വെറുക്കാന്‍ അയാള്‍ പറഞ്ഞിട്ടില്ല. തന്റെ ചില വ്യക്തിപരമായ താല്പര്യങ്ങള്‍ പറഞ്ഞു എന്നത് കൊണ്ട് മാത്രം ഊഹിക്കാവുന്നതിലും അപ്പുറം വെറുപ്പ് സമ്പാദിച്ചവന്‍. അതുകൊണ്ട് മാത്രം ചെയ്ത നല്ല സിനിമകളില്‍ പോലും ഹേറ്റ് ക്യാംപെയിന്‍ വഴി പൊതുജന മധ്യത്തില്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടവന്‍! മേപ്പടിയാന്‍ തന്നെ ഉദാഹരണം.
ഇത് അയാള്‍ നമുക്ക് തരുന്ന ഒരു സ്റ്റേറ്റ്‌മെന്റ് ആണ്. എത്രയൊക്കെ വെറുപ്പും ചെളിയും വാരി എറിഞ്ഞാലും സ്വന്തം കഠിനധ്വാനത്തിലും മനസാക്ഷിയിലും അവനവനിലും വിശ്വാസം എന്നൊന്നുണ്ടെങ്കില്‍ നമ്മള്‍ തിരിച്ചു വരിക തന്നെ ചെയ്യും എന്നതിന്. മോശം പറയിപ്പിച്ചവരെ കൊണ്ട് തന്നെ കയ്യടിപ്പിക്കും എന്നതിന്...
ഒരു കാര്യം പറയാതെ പോകുന്നത് നമ്മള്‍ അയാളോട് ചെയ്യുന്ന തെറ്റ് തന്നെയാകും. അയാള്‍ ഒരു മഹാനാടന്‍ ആണെന്ന് ഒന്നും അയാള്‍ ഒരിക്കലും അവകാശപ്പെട്ടിട്ടില്ല. പക്ഷെ അയാള്‍ക്ക് ഇത്രയും നാള്‍ കിട്ടിക്കൊണ്ടിരുന്ന വെറുപ്പ്, അത് അയാള്‍ അര്‍ഹിച്ചതല്ല. അദ്ദേഹം ഇതിലും മികച്ചത് അര്‍ഹിക്കുന്നു ഒപ്പം അദ്ദേഹം ബഹുമാനം അര്‍ഹിക്കുന്നുണ്ടെന്നുമാണ്,' ഡോ. സൗമ്യ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.


Click it and Unblock the Notifications