ഷാഫിക്കു പിന്നാലെ ജോണി ആന്റണി
ലാല്‍ ജോസിനു പിന്നാലെ ഷാഫി, ഷാഫിക്കു പിന്നാലെ ഇപ്പോഴിതാ ജോണി ആന്റണിയും. ലാല്‍ ജോസിനെയും ഷാഫിയെയും പോലെ സൂപ്പര്‍താരങ്ങളെ അണിനിരത്തി സൂപ്പര്‍ഹിറ്റുകള്‍ ഒരുക്കിയിട്ടുള്ള സംവിധായകനാണ് ജോണി ആന്റണിയും. സിഐഡി മൂസ, ഇന്‍സ്പെക്ടര്‍ ഗരുഡ് എന്നീ ചിത്രങ്ങളില്‍ ദിലീപിനെയും തുറുപ്പുഗുലാനില്‍ മമ്മൂട്ടിയെയും നായകന്‍മാരാക്കി പതിവ് വിജയ ഫോര്‍മുലകള്‍ക്കൊപ്പിച്ചുള്ള തട്ടുപൊളിപ്പന്‍ ചിത്രങ്ങള്‍ ഒരുക്കിയ ജോണി ആന്റണി അടുത്തതായി സംവിധാനം ചെയ്യുന്ന ചിത്രം തീര്‍ത്തുമൊരു പരീക്ഷണമാണ്.
യുവഗായകനായ വിനീത് ശ്രീനിവാസനെയും നിവേദ്യത്തിലൂടെ സിനിമയിലെത്തിയ വിനു മോഹനെയും നായകന്മാരാക്കി ഒരു യുവതാരചിത്രമാണ് ജോണി ആന്റണി ഒരുക്കുന്നത്. സൈക്കിള്‍ എന്ന ഈ ചിത്രത്തിന് തിരക്കഥ രചിക്കുന്നത് ക്ലാസ് മേറ്റ്സിന്റെ തിരക്കഥാകൃത്ത് ജെയിംസ് ആല്‍ബര്‍ട്ടാണ്. നിര്‍മാതാക്കളെ കിട്ടാനുള്ള ബുദ്ധിമുട്ടുകള്‍ തരണം ചെയ്താണ് ഈ പ്രൊജക്ടുമായി ജോണി ആന്റണി മുന്നോട്ടുപോകുന്നത്?
സൂപ്പര്‍താര ആധിപത്യത്തിന്‍ കീഴില്‍ തുടരുന്ന, മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ദിലീപിന്റേതുമല്ലാത്ത മുഖങ്ങള്‍ നായകസ്ഥാനത്തു വന്നാല്‍ പടം വമ്പന്‍ വിജയമാവില്ലെന്ന മാമൂല്‍ വിശ്വാസത്തിന്‍ കീഴിലമര്‍ന്നിരിക്കുന്ന മലയാള സിനിമയുടെ ജാതകം ഈ സംവിധായകര്‍ മാറ്റിയെഴുതുകയാണോ? ക്ലാസ് മേറ്റ്സിനും അറബിക്കഥക്കും ചോക്ലേറ്റിനും പിന്നാലെ സൈക്കിളുമെത്തുമ്പോള്‍ മലയാളത്തില്‍ പരീക്ഷണങ്ങളുടെ പുതിയ പാത സജീവമാവുകയാണ്. ആ വഴിയിലൂടെ മാറി നടക്കാന്‍ കൂടുതല്‍ സംവിധായകരെത്തട്ടെയെന്ന് ആശംസിക്കാം.
മുന്‍ പേജ്-


Click it and Unblock the Notifications