ഡബിള്‍ ബാരല്‍ കൊച്ചിയില്‍ തുടങ്ങി
യുവതാരങ്ങളെ അണിനിരത്തി ലിജോ ജോസ് പെല്ലിശേരി ഒരുക്കുന്ന ഡബിള്‍ ബാരലിന്റെ ചിത്രീകരണം തുടങ്ങി. ചിത്രത്തിന്റെ ആദ്യഘട്ട ചിത്രീകരണം ഫോര്‍ട്ട് കൊച്ചിയിലാണ് നടക്കുന്നത്. പൃഥ്വിരാജ്, ഫഹദ് ഫാസില്‍, ഇന്ദ്രജിത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിയാണ് ഡബിള്‍ ബാരല്‍ അഥവാ ഇരട്ടക്കുഴല്‍ ഒരുക്കുന്നത്.
അധോലോകത്തിന്റെ കഥ പറയുന്ന ചിത്രം പൃഥ്വിരാജും ഫഹദ് ഫാസിലും ഒന്നിയ്ക്കുന്ന ആദ്യ ചിത്രമായി മാറുകയാണ്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം പൃഥ്വിയും ഇന്ദ്രനും ഒന്നിയ്ക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഫഹദ് ഫാസിലും ഇന്ദ്രജിത്തും നേരത്തേ ലിജോ ജോസിന്റെ ആമേന്‍ എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു. ആസിഫ് അലി, സണ്ണി വെയ്ന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ അണിയറക്കാര്‍ ഇക്കാര്യത്തെക്കുറിച്ച് ഇതുവരെ വ്യക്തമായി ഒന്നും പറഞ്ഞിട്ടില്ല.

ആംഗ്ലോ ഇന്ത്യന്‍ പശ്ചാത്തലത്തിലുള്ള കഥയാണ് ഡബിള്‍ ബാരലിന്റേതെന്ന് നേരത്തേ സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. അടിയില്ല വെടി മാത്രം എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. ഗോവയും പ്രധാന ലൊക്കേഷനാണ്. ഇഷ ഷെര്‍വാണി, സ്വാതി റെഡ്ഡി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്. ആഗസ്റ്റ് സിനിമാസും ആമേന്‍ മൂവി മോണാസ്റ്ററിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്റെ സംഗീതസംവിധായകന്‍. അഭിനന്ദന്‍ രാമാനുജനാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.


Click it and Unblock the Notifications











