»   » മികച്ച ഇടിക്ക് മാത്രമല്ല ബോംബ് പൊട്ടിക്കലിനും ദേശീയ അവാര്‍ഡ്!!! ഡോ ബിജു കലിപ്പിലാണ്!!!

മികച്ച ഇടിക്ക് മാത്രമല്ല ബോംബ് പൊട്ടിക്കലിനും ദേശീയ അവാര്‍ഡ്!!! ഡോ ബിജു കലിപ്പിലാണ്!!!

Posted By: Karthi
Subscribe to Filmibeat Malayalam

അറുപത്തിനാലാമത് ദേശീയ അവാര്‍ഡും വിമര്‍ശനങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കുന്നില്ല. നിരവധി ശ്രദ്ധേയവും അര്‍ഹവുമായ അവാര്‍ഡുകള്‍ പ്രിയദര്‍ശന്‍ ചെയര്‍മാനായ ജൂറി നല്‍കിയെങ്കിലും ചില അവാര്‍ഡുകള്‍ വിമര്‍ശനങ്ങള്‍ക്കിടയാക്കി. 

മികച്ച നടനായി അക്ഷയ് കുമാറിനെ തിരഞ്ഞെടുത്തതും മോഹന്‍ലാലിന് പ്രത്യേക ജൂറി പരാമര്‍ശം നല്‍കിയതുമാണ് വിമര്‍ശനങ്ങള്‍ക്കിടയാക്കിയത്. ഇരുവരും ജൂറി ചെയര്‍മാന്‍ പ്രിയദര്‍ശന്റെ സുഹൃത്തുക്കളാണെന്നതായിരുന്നു കാരണം. സംവിധായകന്‍ ഡോ ബിജുവും ജൂറി തീരുമാനങ്ങള്‍ക്കെതിരെ രംഗത്ത് വന്നു. സംഘട്ടന സംവിധാനത്തിന് ഈ വര്‍ഷം മുതല്‍ ദേശീയ പുരസ്‌കാരം ഏര്‍പ്പെടുത്തിയതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്.

ഈ വര്‍ഷം മുതല്‍ ഇടിക്കും ദേശീയ പുരസ്‌കാരം. ഏറെ താമസിയാതെ മികച്ച ബോംബ് പൊട്ടിക്കലിനും മികച്ച ഡ്യൂപ്പിനും ഒക്കെ ദേശീയ അവാര്‍ഡ് ഏര്‍പ്പെടുത്തിയേക്കുമെന്നായിരുന്നു ഡോ ബിജുവിന്റെ വിമര്‍ശനം. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഇത്തരത്തില്‍ അവാര്‍ഡ് നല്‍കാനാണെങ്കില്‍ ദേശീയ അവാര്‍ഡിന്റെ നിയമാവലിയില്‍ തിരുത്തല്‍ വരുത്തണം. ആര്‍ട്ടിസ്റ്റിക്കും അര്‍ത്ഥപൂര്‍ണവുമായ സിനിമകളുടെ നിര്‍മാണത്തെ പ്രോത്സാഹിപ്പിക്കാനുള്ള പുരസ്‌കാരങ്ങള്‍ ആണിത് എന്ന വാചകം നിയമാവലിയില്‍ നിന്ന് എടുത്ത് കളഞ്ഞുകൂടെ എന്നും ഡോ ബിജു ചോദിക്കുന്നു.

മികച്ച സംഘട്ടന സംവിധാനത്തിനുള്ള പ്രഥമ ദേശീയ പുരസ്‌കാരം പുലിമുരുകനിലെ സംഘട്ടന രംഗങ്ങള്‍ ഒരുക്കിയ പീറ്റര്‍ ഹെയ്‌നാണ് ലഭിച്ചത്. മോഹന്‍ലാലിനെ ജൂറി പരാമര്‍ശനത്തിന് പരിഗണിച്ച ചിത്രങ്ങളിലും പുലിമുരുകന്‍ ഉണ്ടായിരുന്നു. കച്ചവട സിനിമകളെ ദേശീയ പുരസ്‌കാരത്തിന് പരിഗണിക്കുന്നതിനും അവയ്ക്ക് അവാര്‍ഡ് ലഭിക്കുന്നതിനും എതിരെയായിരുന്നു ഡോ ബിജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ഡോ ബിജുവിന്റെ അഭിപ്രായത്തെ എതിര്‍ത്തും അനുകൂലിച്ചും ധാരാളം കമന്റുകളാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന് തെഴെയുള്ളത്. അദ്ദേഹത്തെ രൂക്ഷമായി വിമര്‍ശിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന പോസ്റ്റുകളുമുണ്ട്.

വ്യക്തിപരമായി അധിക്ഷേപിച്ചും അവഹേളിച്ചും ചീത്ത വിളിച്ചും ഉള്ള കമന്റുകളുമുണ്ട്. ഫാന്‍സുകാരാണ് ഇതിന് പിന്നിലെന്ന് ഡോ ബിജു പറയുന്നു. ഈ കമന്റുകളുടെ സ്‌ക്രീന്‍ ഷോട്ട് എടുത്ത് സൈബര്‍ സെല്ലില്‍ പരാതി നല്‍കുമെന്നും തന്റെ ഫേസ്ബുക്ക് പേജിലെ മറ്റൊരു പോസ്റ്റില്‍ അദ്ദേഹം കുറിച്ചു.

മികച്ച ശബ്ദ ലേഖനത്തിനുള്ള പുരസ്‌കാരം ഡോ ബിജു സംവിധാനം ചെയ്ത കാട് പൂക്കുന്ന നേരം എന്ന സിനിമയ്ക്കായിരുന്നു. നിരവധി ദേശീയ അന്തര്‍ ദേശീയ മേളകളില്‍ പുരസ്‌കാരം നേടിയ ചിത്രമാണ് കാട് പൂക്കുന്ന നേരം. ശബ്ദ ലേഖനത്തിനുള്ള സംസ്ഥാന പുരസ്‌കാരവും ചിത്രം നേടിയിരുന്നു.

ഡോ ബിജുവിന് മോഹന്‍ലാലിനോടുള്ള വ്യക്തി വിരോധമാണ് ഈ ആരോപണങ്ങള്‍ക്ക് പിന്നിലെന്നാണ് മോഹന്‍ലാല്‍ ആരാധകര്‍ പറയുന്നത്. മോഹന്‍ലാല്‍ ഡേറ്റ് കൊടുക്കാത്തതാണ് ഇതിന് കാരണമെന്നും അവര്‍ ആരോപിക്കുന്നു. അവാര്‍ഡ് സിനിമകള്‍ മാത്രം എടുക്കുന്ന ഡോ ബിജുവിനോട് ഒരു നല്ല സിനിമ എടുത്ത് പ്രേക്ഷകരെ കാണിക്കാനും അവര്‍ വെല്ലുവിളിക്കുന്നു.

English summary
Dr Biju against 64th National Award. Especially against the newly added award for action choreography.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam