തെറിപറഞ്ഞ് പേടിപ്പിക്കാന്‍ നോക്കണ്ട, ഞാന്‍ പേടിക്കില്ല: ഡോ. ബിജു
മോഹന്‍ലാലിനെ വിമര്‍ശിച്ച്, ഡോക്ടറായാലും സംവിധായകനായാലും ആര് പോസ്റ്റിയാലും ആരാധകരുടെ കണ്ണില്‍ അത് വലിയ തെറ്റാണ്. അവരതിനോട് പ്രതികരിക്കും. പ്രത്യേകിച്ച് ഫേസ്ബുക്ക് പൊലൊരു തുറന്ന മീഡിയ ഉണ്ടാകുമ്പോള്‍ എങ്ങിനെ അടങ്ങിയിരിക്കും. എന്നാല്‍ മോഹന്‍ലാല്‍ ഫാന്‍സ് കണ്ണുരുട്ടി കാണിച്ചാല്‍ പേടിക്കുന്നയാളല്ലത്രെ ഡോ. ബിജു. പറഞ്ഞതില്‍ ഉറച്ച് ഡോ. ബിജു മറ്റൊരു പോസ്റ്റ് കൂടെ ഫേസ്ബുക്കില്‍ പോസ്റ്റിയിരിക്കുകയാണ്.
രാജ്യം പരമോന്നത ബഹുമതി നല്‍കി ആദരിച്ച ഒരാള്‍ ഒരിക്കലും താഴേ തട്ടിലുള്ളവരെ അവഹേളിക്കുന്ന തരത്തില്‍ ഡയലോഗുകള്‍ ഉപയോഗിക്കരുതെന്നാണ് ഡോക്ടര്‍ ബിജു പറയുന്നത്. അത്തരമൊരു ഡയലോഗ് തിരക്കഥയില്‍ വന്നാല്‍ അത് വെട്ടിമാറ്റാന്‍ അത്തരമൊരു സൂപ്പര്‍സ്റ്റാറിന് കഴിയുമെന്നും അദ്ദേഹം വാദിക്കുന്നു. സിനിമ തോറ്റാല്‍ അത് എഴുത്തുകാരുടെയും സംവിധായകന്റെയും കുറ്റമായും ജയിച്ചാല്‍ അത് നടന്റെ മിടുക്കായി കാണുന്നതിനെയും ഡോക്ടര്‍ ബിജു പുതിയ പോസ്റ്റില്‍ വിമര്‍ശിച്ചു.

ഞാന്‍ എഴുതിയ കാര്യത്തില്‍ ഉറച്ചു നില്‍ക്കുന്നു. രാജ്യം അംഗീകാരങ്ങള്‍ നല്‍കി ആദരിച്ചത് കലാകാരന്മാര്‍ എന്ന നിലയില്‍ ആണ്. വ്യവസായികള്‍ എന്ന നിലയില്‍ അല്ല. അതുകൊണ്ട് തന്നെ തങ്ങളുടെ സിനിമകളില്‍ താഴെക്കിടയിലുള്ള സമൂഹങ്ങളെ അപഹസിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഉണ്ടാകാതെശ്രദ്ധിക്കാനുള്ള സാമൂഹിക ബാധ്യത നടന്മാര്‍ക്ക് ഉണ്ട് എന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു- ബിജു എഴുതി
പിന്നെ ഫാന്‍സിന്റെ തെറിയുടെ കാര്യം. തെറി കേട്ടാല്‍ അഭിപ്രായം മാറ്റുന്ന ആളല്ല ഞാന്‍. അത് വേണമെങ്കില്‍ നിയമപരമായി തന്നെ നേരിടാന്‍ തയ്യാറുമാണ്. തെറി പറഞ്ഞാല്‍ അഭിപ്രായം പറയാതെ മിണ്ടാതിരിക്കും എന്നാണ് ധാരണയെങ്കില്‍ നിങ്ങള്‍ക്ക് ആള് തെറ്റി. നിങ്ങളുടെ ഉമ്മാക്കി കണ്ടാല്‍ പേടിക്കുന്നവാന്‍ അല്ല ഞാന്‍. ഏതായാലും നിങ്ങളുടെ നിലവാരത്തില്‍ അല്ല ഞാന്‍ പ്രതികരിക്കുന്നതെന്ന് പറഞ്ഞുകൊണ്ട് പോസ്റ്റ് ചുരുക്കി.
ഏറ്റവും അടുത്ത സുഹൃത്ത് ജഗന്‍നാഥന്‍, ജഗന്‍നാഥന്‍ എന്ന് തൊണ്ടപൊട്ടിവിളിച്ചിട്ടും തിരിഞ്ഞുനോക്കാതെ ഒടുവില്‍ തമ്പുരാന്‍ എന്ന് എന്ന് നീട്ടിവിളിക്കുമ്പോള്‍ മാത്രം തിരിഞ്ഞുനോക്കുന്നതായി അഭിനയിക്കുന്ന ഒരു താരത്തില്‍ നിന്നും ലുലുമാളില്‍ കയറിയ അട്ടപ്പാടികള്‍ എന്ന പ്രയോഗം വരുന്നതില്‍ അതിശയിക്കാനില്ല എന്നാണ് ഡോക്ടര്‍ ബിജു മോഹന്‍ലാലിനെതിരെ ഫേസ്ബുക്കില്‍ എഴുതിയത്.


Click it and Unblock the Notifications











