»   » ഷട്ടര്‍ തഴയപ്പെട്ടതിന് സംവിധായകന്‍ അപമാനിച്ചെന്ന്

ഷട്ടര്‍ തഴയപ്പെട്ടതിന് സംവിധായകന്‍ അപമാനിച്ചെന്ന്

Posted By:
Subscribe to Filmibeat Malayalam
Dr.Biju
ചലച്ചിത്രരംഗത്തെ ഓരോ അവാര്‍ഡ് പ്രഖ്യാപനങ്ങള്‍ കഴിയുമ്പോള്‍ അവാര്‍ഡ് കിട്ടാത്തവരും പരിഗണന കുറഞ്ഞുപോയവരും വിമര്‍ശനങ്ങളുമായി രംഗത്തെത്തുന്നതും അവരെ അനുകൂലിച്ചും പ്രതികൂലിച്ചും വാദപ്രതിവാദങ്ങളുണ്ടാകുന്നതും കേരളത്തില്‍ പതിവാണ്. സംസ്ഥാന അവാര്‍ഡിന്റെ കാര്യത്തിലായാലും ദേശീയ അവാര്‍ഡിന്റെ കാര്യത്തിലായാലും ഇത്തരം വിവാദങ്ങള്‍ ഉണ്ടാവുക പതിവാണ്.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുമായി ബന്ധപ്പെട്ടുണ്ടായ അഭിപ്രായപ്രകടനങ്ങള്‍ ള്‍ അതിരുകടന്ന് വലിയ വിവാദത്തിലെത്തിനില്‍ക്കുകയാണിപ്പോള്‍. സംസ്ഥാന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ തന്റെ ചിത്രമായ ഷട്ടറിന് പരിഗണന ലഭിക്കാത്തതില്‍ സംവിധായകന്‍ ജോയ് മാത്യു നിരാശയും അമര്‍ഷവും പ്രകടിപ്പിച്ചിരുന്നു. വളരെ ശക്തമായ ഭാഷയിലായിരുന്നു അന്ന് അദ്ദേഹത്തിന്റെ പ്രതികരണം.

ഇപ്പോള്‍ ദേശീയ അവാര്‍ഡ് പ്രഖ്യാപനത്തിന് പിന്നാലെ ജോയ് മാത്യു വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ദേശീയ അവാര്‍ഡ് നിര്‍ണയത്തിലും ഷട്ടറിന് വലിയ പ്രാധാന്യം ലഭിച്ചിട്ടില്ല. ഇക്കാര്യത്തിലുള്ള ദേഷ്യം കാരണം ജോയ് മാത്യു തന്നെ വിളിയ്ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് ആരോപിച്ച് ഡോക്ടര്‍ ബിജു രംഗത്തെത്തി. ദേശീയ അവാര്‍ഡ് നിര്‍ണയ കമ്മിറ്റിയിലെ പ്രാദേശിയ ജൂറിയംഗമാണ് ഡോക്ടര്‍ ബിജു. ബിജു ജോയ് മാത്യുവിനെതിരെ ആരോപണം ഉന്നയിക്കുക മാത്രമല്ല, പൊലീസില്‍ പരാതി നല്‍കുകയുംചെയ്തിട്ടുണ്ട്.

ഫോണിലൂടെയും ഫേസ്ബുക്കിലൂടെയും തന്നെ ഭീഷണിപ്പെടുത്തുകയും ജാതിയുടെ പേരില്‍ അവഹേളിക്കുകയും ചെയ്തുവെന്നാണ് ബിജുവിന്റെ ആരോപണം. ഇക്കാര്യം കാണിച്ച് പത്തനംതിട്ട എസ്പിയ്ക്കാണ് ബിജു പരാതി നല്‍കിയിരിക്കുന്നത്.

ഷട്ടര്‍ ദേശീയ അവാര്‍ഡിന് പരിഗണിക്കപ്പെടാത്തതിന്റെ കാരണം അറിയണമെങ്കില്‍ ജൂറിയംഗമായിരുന്ന ഡോക്ടര്‍ ബിജുവിനോട് ചോദിക്കണമെന്ന് ജോയ് മാത്യു ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. ബിജുവിന്റെ മൊബൈല്‍ നമ്പറും കുറിപ്പിനൊപ്പം ചേര്‍ത്തിരുന്നു.

ഇതിനു പിന്നാലെ ജോയ് മാത്യു ഫോണില്‍ വിളിച്ച് മര്‍ദ്ദിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. അവാര്‍ഡ് കിട്ടാത്തതിന്റെ പേരില്‍ ജൂറിയംഗത്തെ അസഭ്യം പറയുന്നത് സംസ്‌കാരത്തിന് യോജിച്ചതല്ലെന്ന് ഡോക്ടര്‍ ബിജു അഭിപ്രായപ്പെട്ടു.

ഐഎഫ്എഫ്‌കെയിലെ പ്രേക്ഷക വോട്ടെടുപ്പില്‍ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെടുകയും റിലീസിന് ശേഷം മികച്ച അഭിപ്രായം നേടുകയും ചെയ്ത ഷട്ടറിന് സംസ്ഥാന ദേശീയ തലത്തില്‍ അവാര്‍ഡുകള്‍ കിട്ടാതെ പോയതാണ് ജോയി മാത്യുവിനെ പ്രകോപിതനാക്കിയത്.

English summary
Director Dr.Biju, who was the member of the regional jury of National Film awards, had lodged a complaint against Shutter director Joy Mathew.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam