2 ലക്ഷം വരെ വാങ്ങിയാണ് ഉദ്ഘാടനം ചെയ്തത്! ബിഗ് ബോസിന് ശേഷം കിട്ടിയ സാമ്പത്തികത്തെ പറ്റി റോബിന്‍
മലയാളത്തില്‍ വന്ന് പോയ ആറ് ബിഗ് ബോസ് സീസണുകളിലും വച്ച് ഏറ്റവുമധികം ആരാധക പിന്‍ബലം നേടിയെടുത്ത താരമാണ് ഡോ. റോബിന്‍ രാധാകൃഷ്ണന്‍. മത്സരം പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ ഷോ യില്‍ നിന്നും റോബിന് പുറത്തേക്ക് പോകേണ്ടതായി വന്നിരുന്നെങ്കിലും പുറത്ത് വലിയ സ്വീകരണമാണ് ഒരുക്കിയിരുന്നത്.
ആയിരക്കണക്കിന് ആരാധകര്‍ കൂട്ടമായി വന്നാണ് റോബിനെ സ്വീകരിച്ചത്. അവിടുന്നിങ്ങോട്ട് കേരളത്തില്‍ ഓടി നടന്ന് ഉദ്ഘാടനങ്ങളില്‍ പങ്കെടുക്കുകയും ആരാധകരെ കാണുകയുമൊക്കെ റോബിന്‍ ചെയ്തിരുന്നു. ഏകദേശം ഒരു വര്‍ഷത്തോളം നിരന്തരം ഡോ. റോബിന്‍ എന്ന പേര് വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നു.

ഇപ്പോള്‍ കുറച്ചായി വാര്‍ത്തയിലേക്ക് വരാതെ മാറി നില്‍ക്കാന്‍ ശ്രമിക്കുകയാണ് റോബിന്‍. എന്തുകൊണ്ട് അങ്ങനെ ചെയ്യുന്നു എന്ന ചോദ്യത്തിന് രസകരമായ ചില ഉത്തരങ്ങളാണ് താരം പറയുന്നത്. ബിഗ് ബോസിന് ശേഷം തനിക്ക് ലഭിച്ച അവസരങ്ങളെ പറ്റിയും സാമ്പദ്യമുണ്ടാക്കാന്‍ സാധിച്ചതിനെ കുറിച്ചും മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ റോബിന്‍ വ്യക്തമാക്കുന്നു.
ബിഗ് ബോസിന് ശേഷം ഒരു വര്‍ഷം വരെ ഞാന്‍ ആ ഫെയിം കൊണ്ട് പോയിരുന്നു. അടുത്ത സീസണ്‍ തുടങ്ങുന്നത് വരെ അത് പോയി. നൂറ്റിഇരുപതിന് മുകളില്‍ ഉദ്ഘാടനങ്ങള്‍ ഞാന്‍ ചെയ്തു കഴിഞ്ഞു. അതില്‍ പകുതിയും കാശ് വാങ്ങി തന്നെ ചെയ്തവയാണ്. ഏകദേശം അറുപത്തിയഞ്ച് എണ്ണത്തിന് കാശ് വാങ്ങിയിരുന്നു.
ഉദ്ഘാടനങ്ങള്‍ക്ക് ഒരു ലക്ഷം മുതല്‍ ഒന്നര ലക്ഷം രൂപ വരെയാണ് പ്രതിഫലം വാങ്ങിയത്. ആ തുകയ്ക്ക് എന്റെ അക്കൗണ്ടില്‍ തന്നെയാണ് വന്നത്. പിന്നെ റീല്‍സും മറ്റ് പരസ്യങ്ങളും ഒക്കെ ചെയ്തു. അതിനും ഒന്നര മുതല്‍ 2 ലക്ഷം രൂപ വരെ വാങ്ങി. മൂപ്പതോ നാല്‍പതോ പരസ്യങ്ങള്‍ ചെയ്തു. ഒരു സ്റ്റോറി ഇട്ടാല്‍ ഒരു ലക്ഷം രൂപ കിട്ടും. അതും പത്തിരുപത് എണ്ണം ചെയ്തിട്ടുണ്ട്.
ഇതെല്ലാം വെച്ച് നോക്കുമ്പോള്‍ ആ സമയം കൊണ്ട് അത്യാവശ്യം ഫിനാന്‍ഷലി നേട്ടം സ്വന്തമാക്കാന്‍ തനിക്ക് സാധിച്ചിരുന്നു. ബ്രാന്‍ഡ് അംബാസിഡറായി വന്ന സമയത്തും എനിക്ക് കുറച്ച് ഫണ്ട് കിട്ടിയിരുന്നു.
രണ്ടാമതും ഞാന്‍ ബിഗ് ബോസിലേക്ക് പോയതിന് ശേഷം അതിനെതിരെ സംസാരിക്കേണ്ടതായി വന്നിരുന്നു. എന്നിട്ട് വീണ്ടും അതേ ഷോ യുടെ പേരില്‍ പണമുണ്ടാക്കുന്നത് ശരിയല്ലല്ലോ എന്ന് തോന്നി. അതുകൊണ്ട് ഇപ്പോള്‍ ഉദ്ഘാടനങ്ങളൊക്കെ കുറച്ചത്. ഇപ്പോഴും പലയിടങ്ങളില്‍ നിന്നും ക്ഷണം വരാറുണ്ട്. മനഃപൂര്‍വ്വം അതൊക്കെ എടുക്കാത്തതാണ്.
ഇനി ജീവിതത്തില്‍ മറ്റൊരു ടാഗിലേക്ക് പോവണമെന്ന് ആഗ്രഹമുണ്ട്. അതുകൊണ്ടാണ് ഞാന്‍ ഇപ്പോള്‍ ഒന്നിലേക്കും പോകാത്തതെന്നും റോബിന്‍ പറയുന്നു. മാത്രമല്ല ബിഗ് ബോസ് അഞ്ചാം സീസണിലെ വിന്നര്‍ അഖില്‍ മാരാരെ പറ്റിയും റോബിന്‍ സംസാരിച്ചിരുന്നു.

എനിക്കെതിരെ ഒരു ചാനലില്‍ വന്നിരുന്ന് സംസാരിക്കുമ്പോഴാണ് അഖില്‍ മാരാരെ ഞാനാദ്യം കാണുന്നത്. ആ സമയത്ത് കണ്ടെന്റായിരുന്നു പ്രധാനം. അതിന് വേണ്ടി പത്ത് മിനുറ്റ് വീഡിയോയും ഞാന്‍ ചെയ്തു. അദ്ദേഹം തന്നെ എന്നോട് അതിനെ പറ്റി ചോദിച്ചിരുന്നു. എന്നാല്‍ ആ സമയത്ത് എന്തെങ്കിലും കണ്ടെന്റ് ഉണ്ടാക്കുക എന്നത് മാത്രമായിരുന്നു ലക്ഷ്യമെന്ന് തമാശരൂപേണ താരം കൂട്ടിച്ചേര്‍ക്കുന്നു.
അഖില്‍ മാരാരും ഞാനും ഒറ്റയ്ക്ക് ഫൈറ്റ് ചെയ്ത് വന്നവരാണ്. എന്തിനെയും ധൈര്യത്തോടെ നേരിടുന്നവരുമാണ്. ചില കാര്യങ്ങളില്‍ ഞങ്ങള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. ഒത്തിരി ആഗ്രഹങ്ങളും ലക്ഷ്യവുമുള്ള ആളാണ്. അതൊക്കെ പുള്ളി നേടിയെടുക്കുന്നുമുണ്ട്.
ബിഗ് ബോസില്‍ നിന്നുള്ള ഫെയിം എന്ന് പറയുന്നത് ഒന്ന് രണ്ട് മാസം വരെയേ ഉണ്ടാവുകയുള്ളു. അതില്‍ നിന്നും ഒരു വര്‍ഷം വരെ പോകണമെങ്കില്‍ നമ്മള്‍ എന്തെങ്കിലും കണ്ടെന്റ് ഉണ്ടാക്കി കൊടുത്ത് കൊണ്ടിരിക്കണം.


Click it and Unblock the Notifications