ദൃശ്യം കോപ്പിയടിയല്ലെന്ന് കോടതി വിധി; ജീത്തു ജോസഫിന് വിജയം
കൊച്ചി: മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് സിനിമകളിലൊന്നായ ദൃശ്യം സിനിമ കോപ്പിയടിയാണെന്ന പരാതി കോടതി തള്ളി. സംവിധായകനും എഴുത്തുകാരുനുമായ സതീഷ് പോള്‍ നല്‍കിയ ഹര്‍ജിയില്‍ എറണാകുളം ജില്ലാ കോടതി ജഡ്ജി പിജി അജിത് കുമാര്‍ ആണ് വിധി പ്രസ്താവിച്ചത്.
തന്റെ 'ഒരു മഴക്കാലത്ത്' എന്ന നോവല്‍ കോപ്പിയടിച്ചാണ് ദൃശ്യം നിര്‍മ്മിച്ചതെന്നായിരുന്നു ഫിംഗര്‍ പ്രിന്റ് എന്ന മലയാളം സിനിമയുടെ സംവിധായകന്‍ കൂടിയായ സതീഷ് പോള്‍ കോടതിയെ അറിയിച്ചിരുന്നത്. എന്നാല്‍ സതീഷിന്റെ വാദം കോടതി തള്ളി. സതീഷിന്റെ ഹര്‍ജിയെ തുടര്‍ന്ന് ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപനാശത്തിന്റെ ഷൂട്ടിങ്ങ് ഇടയ്ക്ക് വെച്ച് മുടങ്ങിയിരുന്നു.

ദൃശ്യത്തിന്റെ തിരക്കഥാകൃത്തുകൂടിയായ ജീത്തു ജോസഫ് താന്‍ സിനിമയുടെ സ്‌ക്രിപ്റ്റ് 2011ല്‍ തന്നെ പൂര്‍ത്തിയാക്കിയതാണെന്ന് കോടതിയെ അറിയിച്ചു. സ്‌ക്രിപ്റ്റിന്റെ ഡിടിപിയും മെയിലുകളും ജീത്തുവിന്റെ വാദം ശരിവെക്കുന്നതായി. അതേസമയം, സതീഷ് പോളിന്റെ ഒരു മഴക്കാലത്ത് എന്ന നോവലാകട്ടെ 2013ലാണ് പൂര്‍ത്തിയാക്കിയത്.
ഇത് സത്യത്തിന്റെ വിജയമാണെന്ന് കോടതിവിധിയോട് ജീത്തു പ്രതികരിച്ചു. സിനിമാ മേഖലയിലുള്ള മറ്റുള്ളവര്‍ക്ക് പ്രചോദനമേകുന്ന വിധികൂടിയാണിത്. സിനിമകള്‍ക്കെതിരെ അനാവശ്യ വിവാദമുണ്ടാക്കുന്നവര്‍ക്കുള്ള തിരിച്ചടിയാണ് വിധിയെന്നും അദ്ദേഹം പറഞ്ഞു. ദൃശ്യത്തിനെതിരെ പരാതി നല്‍കിയ സതീഷ് പോളിനെതിരെ മാനനഷ്ടത്തിന് കേസുകൊടുക്കുമെന്നും അദ്ദേഹം അറിയിച്ചു.


Click it and Unblock the Notifications