ദൃശ്യത്തിന്റെ വിജയഗാഥ അവസാനിയ്ക്കുന്നില്ല
റിലീസ് ചെയ്ത് മാസം പിന്നിട്ടിട്ടും മോഹന്‍ലാല്‍-ജീത്തു ജോസഫ് ചിത്രമായ ദൃശ്യത്തിന്റെ കഥകള്‍ അവസാനിയ്ക്കുന്നില്ല. സമീപകാലത്ത് മലയാളം കണ്ടതില്‍ ഏറ്റവും വലിയ വിജമായി മാറിയ ചിത്രം ബോക്‌സ് ഓഫീസ് കളക്ഷനിലും ചരിത്രം കുറിച്ചുകൊണ്ടിരിക്കുകയാണ്.
ആദ്യ അമ്പത് ദിവസങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ 20 കോടിയോളം രൂപയുടെ കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതേരീതിയില്‍ പോവുകയാണെങ്കില്‍ നൂറുനാള്‍ പിന്നിടുമ്പോള്‍ കളക്ഷന്‍ 35 കോടി കവിയുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. ബോക്‌സ് ഓഫീസ് കളക്ഷന്‍ കൂടാതെ, സാറ്റലൈറ്റ് അവകാശം, റീമേക് അവകാശം എന്നിവയുടെ വില്‍പനയിലും ദൃശ്യം കോടികള്‍ കൊയ്തിട്ടുണ്ട്.
ദൃശ്യം ഹിറ്റാകുന്നതുവരെ മലയാളത്തിലെ ബോക്‌സ് ഓഫീസ് വിജയചരിത്രങ്ങളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ചിത്രം ട്വിന്റി20ആയിരുന്നു. 120 ദിവസങ്ങള്‍കൊണ്ട് ട്വന്റി 20 നേടിയ കളക്ഷന്‍ 31 കോടിയായിരുന്നു. ഈ ചരിത്രം മറികടക്കുകയാണ് ദൃശ്യമിപ്പോള്‍. കേരളത്തിലും പുറത്തും എല്ലാം ദൃശ്യം ഇപ്പോഴും നിറഞ്ഞ സദസ്സിലാണ് പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇത്രവലിയൊരു വിജയം ഈ ചെറുചിത്രത്തില്‍ നിന്നും പ്രതീക്ഷിച്ചിരുന്നില്ലെന്ന് സംവിധായകന്‍ ജീത്തു ജോസഫ് ഉള്‍പ്പെടെയുള്ള അണിയറക്കാര്‍ സമ്മതിക്കുന്നു.
ദൃശ്യത്തിന്റെ റീമേക്കുകളും വലിയ ഹിറ്റുകളായി മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. തെലുങ്ക് റീമേക്കില്‍ നടന്‍ വെങ്കിടേഷായിരിക്കും നായകനാവുകയെന്നകാര്യം ഏതാണ്ട് ഉറപ്പായിട്ടുണ്ട്. തമിഴ് റീമേക്കിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. മലയാളത്തിലേതുപോലെതന്നെ അന്യഭാഷകളിലും അതേ മികവോടെ ദൃശ്യം ഒരുക്കുകയാണെങ്കില്‍ അവിടങ്ങളിലും ചിത്രം വന്‍ഹിറ്റാകുമെന്നകാര്യത്തില്‍ സംശയമില്ല.


Click it and Unblock the Notifications
